കൊത്തലകുണ്ട്
..
ജോബി നടയ്ക്കൽ/ കഥ
സിവിൽ സപ്ലൈസ് വകുപ്പ് ജീവനക്കാരനാണ് ലേഖകൻ
അയ്യപ്പൻ വീട്ടിൽ നിന്നിറങ്ങിയിട്ട് രണ്ട് ദിവസമായെന്നും, ഇത് വരെ തിരിച്ചെത്തിയിട്ടില്ലെന്നും അയ്യപ്പൻ്റെ ഭാര്യ കണ്ണമ്മ, തൊട്ടടുത്ത വീട്ടിലെ രവിയേട്ടനോടും, രവിയേട്ടൻ മറ്റു പലരോടും പറഞ്ഞതിൻ്റെ പിറ്റേന്ന് പ്രഭാതത്തിൽ കൊത്തലകുണ്ടിലെ മനുഷ്യർ, സ്കൂളിന് പിന്നിലെ കൂറ്റൻ മാവിൻ്റെ ഏറ്റവും മുകളിലത്തെ ചില്ലയിൽ അയ്യപ്പൻ തൂങ്ങി നിൽക്കുന്നുവെന്ന വാർത്ത കേട്ടു കൊണ്ടാണുണർന്നത്.
വിദ്യാലയത്തിന് മുൻവശം അങ്ങാടിയിലേക്ക് തുറക്കുന്ന ഗെയ്റ്റിന് വലത് വശത്തെ പഴയ കെട്ടിടത്തിനകത്ത്, ദിനേശൻ മാഷ് നടത്തിയിരുന്ന ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാർക്കുള്ള സാമൂഹ്യപാഠ ക്ലാസുകൾ കാലത്തേഴുമണിക്ക് തുടങ്ങുന്നതിന് മുൻപ്, മാവിൻ്റെ ചോട്ടിൽ വീണു കിടക്കാറുള്ള മാങ്ങാപഴങ്ങൾ പെറുക്കാൻ പോയ കുട്ടികളാണ്, മരത്തിന് മുകളിൽ ഒരു മനുഷ്യൻ തൂങ്ങി നിൽക്കുന്നത്, തിങ്ങി നിറഞ്ഞ ചില്ലകൾക്കിടയിലൂടെ ആദ്യമായി കണ്ടത്.
അത് അയ്യപ്പനല്ലാതെ മറ്റാരുമാവില്ലെന്ന് കൊത്തലകുണ്ടിലെ കുട്ടികൾക്ക് നല്ലവണ്ണമറിയാം. അയ്യപ്പനു മാത്രം വഴങ്ങുന്നത്ര വലുതായിരുന്നു ആ മാവും അതിലെ കൂറ്റൻ ചില്ലകളും.
അയ്യപ്പൻ തൻ്റെ ജീവിതത്തിലുടനീളം പ്രകടിപ്പിച്ചിട്ടുള്ള അതിസാഹസികത അയാളുടെ മരണത്തിലും ആവർത്തിക്കപ്പെട്ടു.
കൊത്തലകുണ്ടിലെ സർക്കാർ വിദ്യാലയത്തിൻ്റെ പിന്നാമ്പുറത്ത് ഒരു പൊട്ടക്കിണറുണ്ട്. കിണറ്റിനപ്പുറത്ത്, ശവങ്ങൾ കുഴിച്ചുമൂടുന്നിടമായിരുന്നതിനാലും , ആ കിണറ്റിനടിയിൽ ഒരു മനുഷ്യൻ കുഴിച്ചു മൂടപെട്ടതിനാലും ആത്മാക്കളുടെ വാസസ്ഥലമെന്ന് കൊത്തലകുണ്ടുകാർ വിശ്വസിക്കുകയും അതിനാൽ തീർത്തും വിജനമാക്കപ്പെടുകയും ചെയ്തൊരിടമായിരുന്നു അത്.
കൊത്തലകുണ്ടിലെ ജനങ്ങൾ കൂട്ടത്തോടെ അന്ന്, ആ മാവിൻചുവട്ടിലേക്ക് നടന്നു. ഒറ്റയ്ക്കൊരിക്കലും ആരും കടന്ന് ചെല്ലാൻ ധൈര്യപ്പെടാതിരുന്ന ഒരിടമായിരുന്നെങ്കിലും, നാടൊരുമിച്ച് അങ്ങോട്ട് നീങ്ങിയപ്പോൾ, ആകാശത്ത് തൂങ്ങി നിൽക്കുന്നൊരു ശവം കാണാൻ പോകുന്നതിൻ്റെ കൗതുകമല്ലാതെ, ആർക്കും തെല്ലൊരു ഭയം പോലും തോന്നിയതേയില്ല. ഒരാൾപൊക്കത്തിൽ വളർന്ന് നിന്ന കാട് വെട്ടിത്തെളിച്ച് വഴിയുണ്ടാക്കിയാണ് അയ്യപ്പൻ അവസാനമായി നടന്നു പോയ വഴിയെ അവരൊരുമിച്ച് നീങ്ങിയത്.
കൊത്തലകുണ്ടുകാർ ആ വഴിക്ക് നടക്കണമെങ്കിൽ, അന്നാട്ടിൽ ഒരു മരണമുണ്ടാവണം. അയ്യപ്പൻ്റെ കാര്യത്തിൽ രണ്ടു തവണ നടക്കേണ്ടി വന്നുവെന്ന വിത്യാസമുണ്ടായി. ആദ്യം തൂങ്ങി നിൽക്കുന്ന ശവം കാണുവാനും പിന്നെയത് മറവ് ചെയ്യുവാനും.
കൊത്തലകുണ്ടിൻ്റെ ആകാശം അവിടുത്തെ ചില മനുഷ്യരുടെയെങ്കിലും മനസ്സ് പോലെ വിങ്ങിപൊട്ടാൻ വെമ്പി നിന്നൊരു ദിവസമായിരുന്നു അന്ന്. അങ്ങാടിക്ക് ഒത്ത നടുക്ക്, റോഡരുകിൽ, കാലങ്ങളായി കിടന്നിരുന്നൊരു ഉണക്കമരത്തടിയിൽ ഇരുന്നും, അതിനു ചുറ്റും കൂട്ടം കൂടി നിന്നും, അക്കൂട്ടത്തിലപ്പോഴുള്ളവരൊഴികെ ബാക്കിയുള്ളവരെ മുഴുവനും തങ്ങളുടെ വിചാരണക്കും പരിഹാസപ്പൊട്ടിച്ചിരികൾക്കും വിധേയമാക്കാറുള്ളവരുടെ ഇടയിലേക്ക് ആ വാർത്തയെത്തിയപ്പോൾ പക്ഷേ അവരിലാർക്കും ആ മരണത്തിൽ ദുഃഖിക്കാനെന്തെങ്കിലുമുണ്ടെന്ന് തോന്നിയില്ല.
കൊത്തലകുണ്ടിലെ പണക്കാരായ പ്രമാണിമാരെല്ലാം ആ ഏഷണിക്കൂട്ടത്തിലെ സ്ഥിരാംഗങ്ങളായിരുന്നു. ഉണക്ക് ബാധിച്ചു കറുത്തു പോയ ഈട്ടിമരത്തടിയിലെ ‘ഇരിപ്പുകാർ ‘ അവരായിരുന്നു.
ലോട്ടറിയടിച്ചോ, നിധി കിട്ടിയോ തങ്ങളുമൊരുനാൾ ഇരിക്കുമെന്ന് സ്വപ്നം കണ്ടിരുന്ന, മരത്തടിക്ക് ചുറ്റുമുള്ള ‘നിൽപു’കാരിലാർക്കും ആ കൂട്ടത്തിലൊന്നിരിക്കാൻ ഇന്നേ വരെ കഴിഞ്ഞിട്ടില്ല. പെട്ടെന്നൊരുനാൾ അവരിലൊരാൾ പണക്കാരനായാൽ പോലും കൊത്തലകുണ്ടിലെ പ്രമാണിമാർ, തറവാട്ടു പേരിന് അന്തസ് കുറഞ്ഞ പുത്തൻപ്പണക്കാരെ ഇരിക്കാൻ അനുവദിക്കുമോയെന്ന് സംശയമാണ്.
“അല്ലെങ്കിലും നാട്ടിലെ ചെറുപ്പക്കാര് പിള്ളേരെ മുഴുക്കെ വഴിതെറ്റിക്കണൊറാംപിറപ്പാർന്നവൻ.. ഇങ്ങനെ തീരാനാർന്നു വിധി”
അയ്യപ്പൻ്റെ മരണത്തെ കുറിച്ച് ഇരിപ്പുകാരിലൊരാൾ പറഞ്ഞ അഭിപ്രായം നിൽപ്പുകാരെല്ലാവരും തലകുലുക്കി സമ്മതിച്ചു.
കൊത്തലകുണ്ടിലെ പിള്ളേരെ ബീഡി വലിക്കാനും കള്ളുകുടിക്കാനും പഠിപ്പിച്ചിരുന്നത്, അയ്യപ്പനായിരുന്നെന്നാണ് മരത്തടിയിലെ വിചാരണക്കാരുടെ ആരോപണം.
ലോകകപ്പ് ഫുഡ്ബോളും ക്രിക്കറ്റും, പിന്നെ തിരഞ്ഞെടുപ്പ് കാലവും അയ്യപ്പൻ്റെ പിള്ളേർക്ക് രാത്രി വൈകി വീട്ടിലെത്താൻ അവകാശം ലഭിച്ചിട്ടുള്ള ഉത്സവദിനങ്ങളാണ്. കൊത്തലകുണ്ടിലെ മാനം തെളിഞ്ഞു നിന്ന വൈകുന്നേരങ്ങളിൽ സ്കൂളിൻ്റെ കൊച്ചു മൈതാനത്തെ സജീവമാക്കുന്നത് അയ്യപ്പനും പിള്ളേരുമായിരുന്നു. കളി കഴിഞ്ഞ്, മൈതാനത്തിനടുത്തുള്ള വലിയ കുടിവെള്ള ടാങ്കിനടിയിലിരുന്ന് അയ്യപ്പൻ ബീഡി വലിക്കും. തങ്ങൾക്കും വലിക്കണമെന്നാവശ്യപെടാറുള്ള കുട്ടികളെ അയാളൊരിക്കലും നിരാശരാക്കിയിരുന്നില്ല.
മാൻപേടകൾ മാത്രമുള്ള കാടുകൾ അരാജകത്വമാണെന്നും, ചെന്നായ്ക്കളും പുലികളും കൂടിയാണ് കാടിനെ സന്തുലിതമാക്കുന്നതെന്നും അയ്യപ്പൻ പറയും.
“അത് കൊണ്ട്?”
” അത് കൊണ്ട് കുട്ടികൾ അൽപം കുരുത്തക്കേടും പഠിക്കണം”
പാലും ബിസ്ക്കറ്റും കഴിച്ച്, കൂട്ടിനുള്ളിൽ മാത്രം കിടന്ന് വളർന്നിരുന്ന ബ്രോയിലർ ഇനങ്ങളൊഴികെയുള്ള നാടൻ പിള്ളേരെല്ലാം അയ്യപ്പൊനൊപ്പം, ബീഡിയും കഞ്ചാവും വലിച്ചു… ചിലപ്പോഴൊക്കെ കള്ളും കുടിച്ചു.
ഗൂഢല്ലൂരിൽ നിന്നും ഫയർഫോഴ്സുകാരെത്തി കയറും കൊളുത്തുമിട്ട് മാവിൻ മുകളിൽ കയറിയെത്തിയപ്പോളേക്കും വൈകുന്നേരമായി. അതിനിടയിൽ കൊത്തലകുണ്ടിന് മുകളിൽ ഉറച്ച് നിന്ന കറുത്ത മേഘങ്ങൾ പലപ്പോഴായി മണ്ണിലേക്ക് പൊട്ടിയൊഴുകി.
ആദ്യമായല്ല ആ സ്ഥലത്ത് ഫയർഫോഴ്സുകാരും കൊത്തലകുണ്ടിലെ നാട്ടുകാരും കൂട്ടം ചേർന്നെത്തുന്നത്. കിണറ് പണിക്കാരനായിരുന്ന അയ്യപ്പൻ്റച്ഛനും മറ്റു രണ്ടു പേരും പൂർത്തിയാകാനിരുന്ന കിണറ്റിൽ മണ്ണിടിഞ്ഞ് വീണതിനടിയിൽ പണ്ടൊരിക്കൽ പെട്ടു പോയതാണ്. കിണറ്റിൻ കരയിൽ നിന്നും മണ്ണ് വലിച്ചുയർത്തുമ്പോൾ ഇടിഞ്ഞു വീണ മണ്ണിനൊപ്പം താഴേക്ക് പോയ രണ്ട് പേരുടെ ശവം പുറത്തെടുത്ത് സംസ്കരിക്കാനായെങ്കിലും ഏറ്റവുമടിയിലായിരുന്ന അയ്യപ്പൻ്റച്ഛനെ രണ്ട് ദിവസത്തെ ശ്രമത്തിനൊടുവിലും പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.
അയാളിപ്പോഴും ആ കിണറ്റിനടിയിൽ മോക്ഷം ലഭിക്കാതെ കിടപ്പുണ്ടെന്ന് വിശ്വസിച്ചിരുന്നത് കൊണ്ടാവും അയ്യപ്പൻ തൻ്റെ ജീവിതമവസാനിപ്പിക്കുവാൻ ആ കിണറിനടുത്തുള്ള മാവ് തന്നെ തിരഞ്ഞെടുത്തത്.
കൊത്തലകുണ്ടുകാർ രണ്ട് പേർ തമ്മിൽ ആദ്യമായി സംസാരിച്ചു തുടങ്ങുന്നതിനിടയിൽ,
“നാട്ടിലെവിടുന്നാ?”
എന്ന ചോദ്യം ആരെങ്കിലുമൊരാൾ ചോദിച്ചിരിക്കും.
കൊത്തലകുണ്ട് അവരുടെ ആരുടെയും നാടല്ല. എല്ലാവരും വരത്തൻമാരാണ്. അയ്യപ്പൻ്റെ വല്യച്ഛൻ അയാളുടെ ഭാര്യയോടൊപ്പം കോട്ടയത്ത് നിന്നും വന്നതാണ്. കോട്ടയത്തെവിടെ നിന്നാണെന്ന് ചോദിച്ചാൽ അതയ്യപ്പനറിയില്ല.
“കോട്ടയത്തെവിടെയായാലെന്താ? കോട്ടയത്ത്ന്ന് തന്നെയാ”.
കൊത്തലകുണ്ടിൻ്റെ വടക്കേ അറ്റത്തുള്ള പണിയ കോളനിയിലും തെക്ക് ഭാഗത്തുള്ള കാട്ടുനായ്ക്ക, ഊരാളി കോളനികളിലുമാണ് ആ നാടിൻ്റെ യഥാർത്ഥ അവകാശികൾ വസിച്ചിരുന്നത്. വരത്തൻമാർ നാടിൻ്റെ ഉടമസ്ഥരായപ്പോൾ പക്ഷേ, യഥാർത്ഥ അവകാശികൾ അവരവരിലേക്ക് മാത്രം ഒതുക്കപെട്ടു.
മലബാറും കൊച്ചിയും തിരുവതാംകൂറുമൊക്കെയായി കേരളം വിഭജിച്ചു കിടന്ന കുടിയേറ്റ കാലത്ത് കോട്ടയത്ത് നിന്നും കോഴിക്കോടെത്തിയതാണ് അയ്യപ്പൻ്റെ വല്ല്യച്ഛൻ. അവിടെ നിന്നും ‘കാലിക്കറ്റ് വയനാട് മോട്ടോർ സർവ്വീസ് ‘ എന്ന് പേരെഴുതിയ പച്ച നിറത്തിലുള്ള ബസിൽ കയറി അവരന്നേവരെ കേട്ടിട്ടില്ലാത്തൊരു നാട്ടിലേക്ക് ടിക്കറ്റെടുത്ത്, ചേരമ്പാടിയിലിറങ്ങി കാൽനടയായിട്ടായിരിക്കും കൊത്തലകുണ്ടിലെത്തിയത്.
” നടന്നാണോ ഓടിയാണോന്ന് ആർക്കറിയാം.. എങ്ങനെയായാലും എത്തി. “
അയ്യപ്പൻ, പിള്ളേർക്ക് പറഞ്ഞു കൊടുക്കാറുള്ള കുടിയേറ്റത്തിൻ്റെ കഥ അങ്ങനെയാണവസാനിക്കുക.
ഭാഷാടിസ്ഥാനത്തിൽ ഭാരതം വിഭജിക്കപെട്ടപ്പോൾ പക്ഷേ, ആ ഭാഷാ സമവാക്യങ്ങൾ കൊത്തലകുണ്ടിൻ്റെ കാര്യത്തിൽ അൽപ്പമൊന്ന് പിഴച്ചു. കൊത്തലകുണ്ടുൾപെടുന്ന ഗൂഢല്ലൂർ താലൂക്ക് തമിഴ്നാടിനൊപ്പമായി. അങ്ങനെ അന്നാട്ടിലെ കോട്ടയംകാരനും പാലാക്കാരനും തിരുവല്ലാക്കാരനുമെല്ലാം തമിഴ് പഠിക്കേണ്ടി വന്നു. അവരുടെ മക്കൾ കോയമ്പത്തൂരിലേക്കും മദ്രാസിലേക്കും പഠനത്തിനും ജോലിക്കുമായി പോവുകയും ചിലരൊക്കെ അവിടങ്ങളിലെ തമിഴ് പെൺകുട്ടികളെ കൊത്തലകുണ്ടിലേക്ക് ‘തിരുമണം’ ചെയ്ത് കൂട്ടി കൊണ്ട് വരികയും ചെയ്തു.
എല്ലാ കൊത്തലകുണ്ടുകാരെയും പോലെ അയ്യപ്പനും പ്രത്യേകിച്ച് രാഷ്ട്രീയ നിലപാടുകളൊന്നും ഉണ്ടായിരുന്നില്ല. നെഹ്റുവിൻ്റെയും ഇന്ദിരയുടെയും കോൺഗ്രസ്സും, എ കെ ജിയുടെ ഇ എം എസ്സിൻ്റെ കമ്യൂണിസ്റ്റ് പാർട്ടിയും അവർക്ക് വെറും കെട്ടുകഥകളായിരുന്നു.
ദ്രാവിഡരാഷ്ട്രീയത്തിൻ്റെ വിത്തുകൾ എവിടെ വീണാലും തഴച്ച് വളരാറുള്ള തമിഴ്നാടിൻ്റെ ഏച്ച് കെട്ടിയ ‘മുഴ’യായതിനാലും, കൊത്തലകുണ്ട് ഒരു സ്വതന്ത്ര റിപ്പബ്ലിക്കല്ലാതിരുന്നതിനാലും ‘രണ്ടില’യും ‘ഉദയസൂര്യനും’ തമ്മിൽ മത്സരം നടക്കാറുള്ള തിരഞ്ഞെടുപ്പുകളിൽ കൊത്തലകുണ്ടുകാർ അവരവരുടെ സൗകര്യം പോലെ രണ്ട് ധ്രുവങ്ങളിലായി പിരിഞ്ഞു നിൽക്കും.
അയ്യപ്പൻ പക്ഷേ, അത്തരമങ്കക്കളരിക്ക് പുറത്ത്, ക്രിക്കറ്റ് ബാറ്റും വാച്ചുമൊക്കെ ചിഹ്നമായി ലഭിക്കാറുള്ള ഏതെങ്കിലുമൊരു സ്വതന്ത്രന് പിന്തുണ പ്രഖ്യാപിക്കും. ഇഷ്ട്ടപെട്ട ചിഹ്നം, പേര്, ചിലപ്പോൾ സ്ഥാനാർത്ഥിയുടെ ദൈന്യത തുളുമ്പുന്ന മുഖം. അങ്ങനെയെന്തെങ്കിലും മാത്രമായിരിക്കും ആ പിന്തുണയുടെ മാനദണ്ഡം. പിന്നെ അയ്യപ്പനും പിള്ളേരും ചേർന്ന് കടുത്ത പ്രചരണത്തിലേർപെടുന്ന നാളുകളാണ്. എങ്ങാനും ജയിച്ചേക്കുമോയെന്ന് സ്ഥാനാർത്ഥിക്ക് പോലും സംശയമാകും. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിരലിലെണ്ണാവുന്ന വോട്ടുകൾ ലഭിച്ച് കളം വിടാറുള്ള അയ്യപ്പൻ്റെ സ്വതന്ത്രൻമാർക്ക് കൊത്തലകുണ്ടിൽ മാത്രം പ്രചരണ ബോർഡുകളും ബൂത്ത് ഏജൻ്റുമാരുമുണ്ടാവും.
തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ മാത്രമേ കൊത്തലകുണ്ടിൽ രാഷ്ട്രീയമുള്ളു. അത് കഴിഞ്ഞാൽ എല്ലാം സാധാരണ നിലയിലേക്ക് മടങ്ങും.
അയ്യപ്പൻ്റെ പിള്ളേരൊക്കെ പഠിച്ച് വലുതായി കൊത്തലകുണ്ട് വിട്ട്, പലയിടത്തേക്കായി ജീവിതം തേടി പോയി കഴിഞ്ഞപ്പോൾ അയാൾ ഏറെക്കുറെ ഏകനായി.
നാടുകാണിയിൽ നിന്നൊരു ‘കണ്ണമ്മ’ അയ്യപ്പൻ്റെ വധുവായി കൊത്തലകുണ്ടിൽ എത്തുന്നതിന് മുൻപ്, ‘പ്രായ’മായിട്ടും കല്യാണം കഴിക്കാത്ത അയ്യപ്പൻ്റെ രാത്രി സഞ്ചാരങ്ങൾ നാട്ടിലെ മാന്യൻമാരുടെ സ്വസ്ഥമായ കുടുംബ ജീവിതത്തിന് വിഘാതമാകുന്നുവെന്ന് മരത്തടിയിലെ വിചാരണക്കാർ പറഞ്ഞു തുടങ്ങിയിരുന്നു.
കണ്ണമ്മ സിലോൺകാരിയാണ്. രൂക്ഷമായ വംശീയാധിക്ഷേപങ്ങളും ആഭ്യന്തരയുദ്ധവും ശ്രീലങ്കയിൽ ജീവിതം ദുസ്സഹമാക്കിയപ്പോൾ ജാഫ്നയിൽ നിന്നും രക്ഷപ്പെട്ട്, ബോട്ടിൽ തമിഴ്നാട്ടിലേക്ക് കുടിയേറിയവരിലൊരാളായിരുന്നു കണ്ണമ്മയും .
വരത്തൻ്റെ സ്ത്രീലിംഗം!
കൊത്തലകുണ്ടിൽ ആദ്യമായി ഒരു ഓട്ടോ വാങ്ങിയതും അതോടിച്ചതും അയ്യപ്പനായിരുന്നു.
മരുന്നും വളവും വാങ്ങുവാനും, സിനിമയും സർക്കസും കാണുവാനും സുൽത്താൻ ബത്തേരിക്ക് പോയി, അവിടുത്തെ കറുത്ത നിറമുള്ള ഓട്ടോറിക്ഷകൾ മാത്രം കണ്ടു പരിചയമുള്ള കൊത്തലകുണ്ട്കാർക്ക്, ‘അയ്യപ്പൻ’ എന്ന് മലയാളത്തിൽ പേരെഴുതിയ മഞ്ഞ പെയിൻ്റടിച്ച ഓട്ടോറിക്ഷ ഒരു പുതുമ തന്നെയായിരുന്നു. കൊത്തലകുണ്ടിലെ ആദ്യ അംഗീകൃത ടാക്സി, അയ്യപ്പൻ്റെ ആ ഓട്ടോറിക്ഷയായിരുന്നു. ഗൂഡല്ലൂരിൽ നിന്നും മുള്ളൻവയലിലേക്ക് രാത്രിക്കും, അതിരാവിലെ തിരിച്ചും പോയിരുന്ന ഒരു ‘ചേരൻ’ ബസ്സായിരുന്നു അത് വരെ അവർക്കറിയാവുന്ന ഏക പൊതുഗതാഗത സമ്പ്രദായം.
അത് വരെ, കള്ള ടാക്സി ഓടിയിരുന്ന ‘മഹീന്ദ്ര’ ജീപ്പുകൾ മാത്രമേ കൊത്തലകുണ്ടിലുണ്ടായിരുന്നുള്ളു. ആ ജീപ്പുകൾ വാടകക്ക് വിളിച്ചാണ് അന്നാട്ടുകാർ സെക്കൻ്റ് ഷോ കാണാൻ ബത്തേരിക്ക്പോയിരുന്നത്. ചുള്ളിയോടിനും ബത്തേരിക്കുമിടയിൽ ഏതെങ്കിലുമൊരു പോലീസ്കാരനോ, അല്ലെങ്കിൽ ചുള്ളിയോട്ടെ അംഗീകൃത കറുപ്പ് ടാക്സിക്കാരോ കൈ കാണിച്ച് നിറുത്തിച്ചാൽ, വാടകക്ക് വണ്ടി വിളിച്ചവൻ ജീപ്പ് മുതലാളിയും, വണ്ടിയോടിക്കുന്നവൻ ഡ്രൈവർ തൊഴിലാളിയുമായി അഭിനയിച്ചു കാണിക്കണമെന്നാണ് കള്ളടാക്സികളിലെ യാത്രയിൽ പാലിക്കേണ്ട അലിഖിത നിയമം.
വൈകുന്നേരങ്ങളിൽ ചായ കുടിക്കാനും പട്ടയടിക്കാനും കൊത്തലകുണ്ടിലേക്കിറങ്ങിയവർ തിരിച്ചു പോകാൻ അയ്യപ്പൻ്റെ ഓട്ടോയും കാത്തു നിന്നു. പോകേണ്ടിടത്തേക്കുള്ള ദൂരവും, പാതയുടെ നിലവാരവും കണക്കിലെടുത്ത് അയ്യപ്പൻ തൻ്റെ ടാക്സിയുടെ വാടക തീരുമാനിച്ചു.
അയാളുടെ മാത്രമായിരുന്ന ഓട്ടോസ്റ്റാൻ്റിൽ മെല്ലെ മെല്ലെ മറ്റു ഓട്ടോറിക്ഷകൾ പ്രത്യക്ഷപെട്ടു തുടങ്ങിയപ്പോൾ, വാടക ഏകീകരിക്കപെടുകയും അതിഷ്ടപെടാതെ അയ്യപ്പൻ തൻ്റെ ഓട്ടോ വിൽക്കുകയും ചെയ്തു.
മരണത്തിൻ്റെ വിജനതയിലേക്ക് സ്വയം നടന്ന് പോയ അയ്യപ്പൻ തൻ്റെ അവസാന രാത്രിയിൽ ഉറക്കമില്ലാതെ പലതും ചിന്തിച്ച് കൂട്ടിയിട്ടുണ്ടാവും.
ദാമ്പത്യത്തിലുടനീളം ആണധികാരത്തിൻ്റെ മുഴുവൻ ഗർവ്വും പ്രകടിപ്പിച്ചിരുന്ന അയ്യപ്പൻ കൊത്തലകുണ്ടിലെ പുരുഷൻമാരിൽ ഏറ്റവും മികച്ചവനെന്ന് സ്വയം കരുതിയിരുന്നവനാണ്.
വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും ഗർഭിണിയാകാൻ കഴിയാത്തതിൻ്റെ മുഴുവൻ ഉത്തരവാദിത്തവും സിലോൺകാരി പെണ്ണിന് മേൽ മാത്രം ചുമത്തിയവനാണ്.
തനിക്ക് പ്രസവിക്കാനാവാത്തതിന് കാരണം താനല്ലന്നും അത് അയ്യപ്പൻ മാത്രമാണെന്നുമുള്ള ബത്തേരിയിലെ ഡോക്ട്ടറുടെ കണ്ടെത്തൽ കണ്ണമ്മയൊരിക്കൽ ഉറക്കെ വിളിച്ചു പറഞ്ഞത്, പല ചെവികളിലൂടെ സഞ്ചരിച്ച് കൊത്തലകുണ്ടിലെ മരത്തടിയിലുമെത്തിയെന്നറിഞ്ഞപ്പോൾ സങ്കോചം കൊണ്ട് തല കുനിഞ്ഞ് പോയവനാണ്.
കണ്ണമ്മ ഗർഭിണിയാണെന്നറിഞ്ഞ പകലാണ് അയ്യപ്പൻ വീട് വിട്ടിറങ്ങിയത്. അച്ഛനാകാൻ കഴിവില്ലാത്തവനെന്ന് വിധിയെഴുതപ്പെട്ട അയാളുടെ ഭാര്യ ഗർഭിണിയായത് കൊത്തലകുണ്ടിലെ ഏഷണികൂട്ടങ്ങൾക്ക് പാടി നടക്കാനുതകുന്ന പുത്തൻ രസകഥകളാകുമെന്ന് അയാൾക്ക് തോന്നിയിട്ടുണ്ടാവും. മരത്തടിയിലെ പരിഹാസികൾക്ക് മുന്നിൽ ജയിച്ചു കാണിക്കാനുള്ള വഗ്രതയിൽ മാത്രം ജീവിച്ചിരുന്ന അയാളെ, ആദ്യം അയാളുടെ പുരുഷത്വവും പിന്നീട് ഭാര്യയും പരാജയപെടുത്തിയെന്ന് അയാൾ കരുതിക്കാണണം.
കൊത്തലകുണ്ടിലെ മറ്റൊരു പുരുഷനും എത്തിപ്പെടാനാവാത്ത ഉയരത്തിൽ തൻ്റെ ശരീരം നിശ്ഛലമായി കിടക്കണമെന്ന വാശിയാവും അയാളെ ആ കൂറ്റൻ മാവിൻ്റെ ഏറ്റവും മുകളിലത്തെ ചില്ലയിലേക്ക് ഒരു തുണ്ടു കയറുമായി കയറ്റി വിട്ടത്. കൊത്തലകുണ്ടിലെ ഏറ്റവും ആഴത്തിൽ വീണ് മരിച്ചവൻ്റെ മകൻ ഏറ്റവും ഉയരത്തിൽ ചെന്ന് ജീവൻ വെടിയാൻ തീരുമാനിച്ചതിന് കാരണങ്ങൾ പലതും ഇപ്പോഴും അന്നാട്ടിൽ പറഞ്ഞു കേൾക്കാറുണ്ട്.
അയ്യപ്പൻ്റെ ജീവിതം പറഞ്ഞു തീരുമ്പോൾ, ഈ കഥ പറഞ്ഞ ‘ഞാൻ’ , അയാളുടെ മരണശേഷം കണ്ണമ്മ പ്രസവിച്ച്, അയ്യപ്പൻ്റെ അതേ രൂപത്തിലും ഭാവത്തിലും കൊത്തലകുണ്ടിലൂടെ ഓടിയും കളിച്ചും വളർന്ന, ആ മനുഷ്യൻ്റെ സ്വന്തം മകനാകാം..
അല്ലെങ്കിൽ, കൊത്തലകുണ്ടുപേക്ഷിച്ച്, കോയമ്പത്തൂരിലോ മാദ്രാസിലോ ജോലി തേടി പോയ, അയാളുടെ മരണമറിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ രാത്രിയിൽ കൊത്തലകുണ്ടിലെ പരിഹാസികളുടെ ഇരിപ്പിടം പെട്രോളൊഴിച്ച് കത്തിച്ച് കളഞ്ഞ അയ്യപ്പൻ്റെ പിള്ളേരിലൊരാളാകാം..
അതുമല്ലങ്കിൽ അയാളുടെ മരണത്തിൽ ഒരിറ്റെങ്കിലും കണ്ണൂനീരൊഴുക്കിയ കൊത്തലകുണ്ടുകാരിലാരുമാകാം..
അത്രക്ക് പരിചിതനായിരുന്നു എല്ലാ മനുഷ്യർക്കുമയാൾ!
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – Readers blog, kothalakundu, story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here