മൊബൈല്‍ ആപ്പിലൂടെ വായ്പ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൊബൈല്‍ ആപ്പിലൂടെ വായ്പകള്‍ നേരിട്ടു നല്‍കുന്ന ധാരാളം സ്ഥാപനങ്ങള്‍ ഇന്ന് രംഗത്തുണ്ട്. റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടുള്ള ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും മാത്രമേ വായ്പ ആപ്പുകളും പോര്‍ട്ടലുകളും ഉപയോഗിച്ച് വായ്പ വിതരണം അനുവദിച്ചിട്ടുള്ളൂ. വായ്പ വാഗ്ദാനം ചെയ്യുന്ന മൊബൈല്‍ ആപ്പുകളും പോര്‍ട്ടലുകളും ഏതു സ്ഥാപനത്തില്‍ നിന്നാണ് വായ്പ ലഭ്യമാക്കുന്നതെന്നും വ്യക്തമാക്കിയിരിക്കണം.

ലളിതമായ നടപടി ക്രമങ്ങളും താമസം കൂടാതെ വായ്പ ലഭിക്കുന്നതും വായ്പ ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു. എന്നാല്‍ തിരിച്ചടവില്‍ വീഴ്ച വന്നാല്‍ പലിശ കൂടുകയും. ആറുമാസത്തിനുള്ളില്‍ തുക ഇരട്ടിയോ അതിലധികമോ ആയി പെരുകും. മാത്രമല്ല ഇത്തരം സ്ഥാപനങ്ങളുടെ സ്വഭാവവും മാറും. പലിശ നിരക്കും പലിശ കണക്കാക്കുന്ന രീതികളും മറ്റു ഫീസുകള്‍ ഈടാക്കുന്നതും റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള ഫെയര്‍ പ്രാക്ടീസ് കോഡ് മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണെങ്കില്‍ പരാതിപ്പെടാം. വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതും വായ്പ തിരിച്ചു പിടിക്കുന്നതിനായി മോശമായ പെരുമാറ്റങ്ങളില്‍ ഏര്‍പ്പെടുന്നതും കുറ്റകരമാണെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

ആപ്പിലൂടെ ലോണ്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

  • ആപ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ ഫോണിലുള്ള വിവരങ്ങള്‍ അപ്പാടെ ഉപയോഗിക്കാന്‍ അനുവാദം കൊടുക്കരുത്.
  • ഏതു ബാങ്ക് അല്ലെങ്കില്‍ ധനകാര്യസ്ഥാപനമാണ് വായ്പ ലഭ്യമാക്കുന്നതെന്നു വ്യക്തമല്ലെങ്കില്‍ വായ്പ വാങ്ങരുത്.
  • ദിവസകണക്കിനോ മാസകണക്കിനോ പറയുന്ന പലിശ നിരക്കുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ എത്ര വരുമെന്നു മുന്‍കൂട്ടി മനസിലാക്കണം.
  • പലിശ കണക്കുകൂട്ടുന്ന രീതിയും പിഴപ്പലിശയും മറ്റു ചാര്‍ജുകളും എത്രയാണെന്നും ഒക്കെ ആദ്യമേ തിരിച്ചറിയണം.
  • വായ്പക്കരാറിന്റെ കോപ്പി പരിശോധിച്ച് വ്യക്തിഗതവിവരങ്ങള്‍ അനുവാദമില്ലാതെ ദുരുപയോഗപ്പെടുത്തില്ലെന്ന് ഉറപ്പാക്കണം.

വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ സമൂഹ മാധ്യമങ്ങളില്‍നിന്നു വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ഇടപാടുകളും പെരുമാറ്റങ്ങളും പരിശോധന നടത്തി ഓരോരുത്തരുടെയും ബന്ധങ്ങളും സാമ്പത്തിക സ്വഭാവവും കൃത്യമായി അവലോകനം ചെയ്ത ശേഷമാണ് ആപ്പുകള്‍ വായ്പ അനുവദിക്കുന്നത്. നിര്‍മിത ബുദ്ധി, ബിഗ് ഡേറ്റ വിശകലനം തുടങ്ങിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. സമൂഹത്തില്‍ മാന്യന്മാരായിട്ടുള്ളവര്‍ കോണ്ടാക്ട് ലിസ്റ്റില്‍ ഉണ്ടെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ ഇല്ലെങ്കിലും വായ്പ ലഭിക്കും. മെഗാ ബൈറ്റ് കണക്കിന് ടെക്സ്റ്റ് മെസേജുകളും പോസ്റ്റുകളും നിമിഷ നേരം കൊണ്ട് പരതിയെടുത്തു കാച്ചിക്കുറുക്കി കൃത്യമായ വിവരം മനസിലാക്കിയാണ് വായ്പ അനുവദിച്ചതെന്ന് അപേക്ഷകന്‍ ചിന്തിക്കാറില്ല.

വാട്‌സാപ്, ഫെയ്‌സ്ബുക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ ചുറുചുറുക്കോടെ സാന്നിധ്യമുള്ളവര്‍ക്കു വായ്പ നല്‍കാന്‍ ആപ്പുകള്‍ക്കു വലിയ താത്പര്യമാണ്. ക്രെഡിറ്റ് സ്‌കോര്‍ ഇല്ലെങ്കിലും കോണ്ടാക്ട് ലിസ്റ്റ് വായ്പാസ്ഥാപനത്തിനു കൈമാറ്റം ചെയ്തുകൊടുത്താല്‍ മതി. തവണ തെറ്റുമ്പോഴേക്കും അടുത്ത സുഹൃത്തുകള്‍ക്കും ബന്ധുക്കള്‍ക്കും സന്ദേശം വന്നിട്ടുണ്ടാകും. സമൂഹത്തില്‍ മാന്യന്മാരായ നിങ്ങളുടെയൊക്കെ ജാമ്യത്തില്‍ കക്ഷി പണം കടം വാങ്ങി സാമ്പത്തിക തിരിമറി നടത്തിയിരിക്കുന്നെന്ന രീതിയിലായിരിക്കും സന്ദേശങ്ങള്‍ പ്രചരിക്കുക.

Story Highlights Loan through mobile app: Things to consider

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top