Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (02-12-2020)

December 2, 2020
Google News 1 minute Read

രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു

രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് അന്‍പതു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയാകും. വാണിജ്യ സിലിണ്ടറിന് 55 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയാകും.

ഡോളര്‍ കടത്ത് കേസ്; ശിവശങ്കറിനെ പ്രതിചേര്‍ത്ത് കസ്റ്റംസ്

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ പ്രതിചേര്‍ത്ത് കസ്റ്റംസ്. നാലാം പ്രതിയായാണ് ശിവശങ്കറിന്റെ പേര് ചേര്‍ത്തത്. ശിവശങ്കറിന് എതിരെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കസ്റ്റംസ് കേസാണിത്. മുന്‍പ് സ്വര്‍ണക്കടത്ത് കേസിലും കസ്റ്റംസ് എം ശിവശങ്കറിനെ പ്രതിയാക്കിയിരുന്നു.

കൊല്ലത്ത് ആസിഡ് ആക്രമണം; യുവതിക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയത് ഭര്‍ത്താവ്

കൊല്ലം ഇരവിപുരം വാളത്തുങ്കലില്‍ യുവതിക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. രാജി, മകള്‍ ആദിത്യ (14) എന്നിവര്‍ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. അയല്‍വാസികളായ പ്രവീണ, നിരഞ്ജന എന്നീ കുട്ടികള്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു.

‘ബുറേവി’ ഇന്ന് ശ്രീലങ്കന്‍ തീരം തൊടും; സംസ്ഥാനം അതീവ ജാഗ്രതയില്‍

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കന്‍ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 370 കിലോ മീറ്ററും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 770 കിലോ മീറ്ററും ദൂരത്തിലാണ് ചുഴലിക്കാറ്റ്.

ബുറേവി ചുഴലിക്കാറ്റ്; തിരുവനന്തപുരം ജില്ലയില്‍ അതിജാഗ്രത നിര്‍ദ്ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ അതിജാഗ്രത നിര്‍ദ്ദേശം. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ജില്ലയിലെ 48 വില്ലേജുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും

കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നാണ് ബിനീഷിന്റെ വാദം.

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു. ഇരുപത്തിനാല് മണിക്കുറിനിടെ നാല്‍പതിനായിരത്തിന് താഴെയാണ് സംസ്ഥാനങ്ങളില്‍ ആകെ രേഖപ്പെടുത്തിയ കേസുകള്‍. അതേസമയം, ആകെ രോഗബാധിതരുടെ എണ്ണം 95 ലക്ഷത്തിന് അടുത്തെത്തി.

Story Highlights todays headlines 02-12-2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here