സ്വന്തം വാപ്പയ്ക്കും ഉമ്മയ്ക്കും വിവാഹത്തിൽ സമ്മതം; പ്രശ്നമുണ്ടാക്കിയത് ബന്ധുക്കൾ : ഫർഹാന

farhana about koyilandi goonda attack

കോഴിക്കോട് കൊയിലാണ്ടിയിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന് നവവരനേയും വധുവിനേയും ആക്രമിച്ച ബന്ധുക്കൾക്കെതിരെ യുവതി രം​ഗത്ത്. സ്വന്തം കുടുംബത്തിൽ വാപ്പയും ഉമ്മയും അടക്കം എല്ലാവർക്കും വിവാഹത്തിൽ സമ്മതമാണെന്ന് ഫർഹാന പറഞ്ഞു. ഫർഹാനയുടെ അമ്മാവന്മാരാണ് ഇന്നലെ ദമ്പതികളെ ആക്രമിച്ചത്.

ആദ്യ ആക്രമണത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും പൊലീസ് കര്യക്ഷമമായ നടപടി എടുത്തില്ല. ജീവിക്കാൻ ഭയം തോന്നിയതിനാലാണ് പൊലീസിനെ സമീപിച്ചതെന്ന് ഫർഹാന പറഞ്ഞു. പ്രതികൾ സ്വാലിഹിനെ കൊല്ലും എന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നും ഫർഹാന കൂട്ടിച്ചേർത്തു.

സമാധാനത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് വരൻ മുഹമ്മദ് സ്വാലിഹ് പറഞ്ഞു. പ്രതികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. രണ്ടു പ്രതികൾക്കും പൊലീസിലും രാഷ്ട്രീയത്തിലും സ്വാധീനം ഉണ്ട്. ഭീതിയോടെയാണ് ജീവിക്കുന്നതെന്നും സ്വാലിഹ് കൂട്ടിച്ചേർത്തു.

മുഹമ്മദ് സ്വാലിഹ് എന്ന യുവാവ് പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ഇന്നലെയാണ്. പെൺകുട്ടിയുടെ വീട്ടിൽ നിന്നുണ്ടായ കടുത്ത എതിർപ്പിനെ മറികടന്നായിരുന്നു വിവാഹം. പെൺകുട്ടിയുടെ ബന്ധുക്കളായ കബീർ, മൻസൂർ എന്നിവരടക്കമുള്ള എട്ടം​ഗ സംഘമാണ് സ്വാലിഹിനെയും ഭാര്യയെയും വാഹനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളേയും ആക്രമിച്ചത്.

പ്രണയിച്ച് വിവാഹം കഴിച്ച് കാറിൽ വരികയായിരുന്ന വധുവിനെയും വരനേയും വഴിയിൽ തടഞ്ഞ് നിർത്തിയാണ് എട്ടം​ഗ ​ഗൂണ്ടാ സംഘം ആക്രമണം അഴിച്ചുവിട്ടത്. വടിവാൾ അടക്കമുള്ള മാരകായുധങ്ങൾ ഉപയോ​ഗിച്ച് വരനെയും വരന്റെ സുഹൃത്തുക്കളെയും വെട്ടി പരുക്കേൽപ്പിച്ചു.

സംഭവത്തിൽ കൊയ്ലാണ്ടി പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Story Highlights farhana about koyilandi goonda attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top