ഹൈദരാബാദില്‍ ടിആര്‍എസ് മുന്നേറ്റം

hydrabad election

ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട ബിജെപി മുന്നേറ്റം മറികടന്ന് ടിആര്‍എസ് (തെലങ്കാന രാഷ്ട്ര സമിതി). പേപ്പര്‍ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോള്‍ ഭരണകക്ഷിയായ ടിആര്‍എസ് വ്യക്തമായ ലീഡ് നേടി തുടങ്ങി.

56 സീറ്റുകളില്‍ ടിആര്‍എസ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് ലീഡ്. എഐഎംഐഎം 25 ഡിവിഷനുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. 88 സീറ്റുകളില്‍ ലീഡുണ്ടായിരുന്ന ബിജെപിക്ക് ഇപ്പോള്‍ 24 ഇടത്ത് മാത്രമേ മുന്‍തൂക്കമുള്ളൂ.

2016ല്‍ ടിആര്‍എസ് 99 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപിക്ക് ലഭിച്ചത് നാലു സീറ്റുകള്‍ മാത്രമായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പകരം ബാലറ്റ് പേപ്പറാണ് വോട്ടിംഗിനായി ഉപയോഗിച്ചത്. അതുകൊണ്ട് പൂര്‍ണമായ ഫലം വൈകിട്ടോടെ ആകും പ്രഖ്യാപിക്കുക.

Read Also : ഹൈദരാബാദില്‍ ഇന്ന് തെരഞ്ഞെടുപ്പ്

30 ഇടങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെണ്ണലിനായി ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 1ാം തിയതിയായിരുന്നു തെരഞ്ഞെടുപ്പ്. 34.5 ലക്ഷത്തോളം ആളുകള്‍ വോട്ട് രേഖപ്പെടുത്തി.

74.1 ലക്ഷം ജനങ്ങളാണ് ഹൈദരാബാദിലുള്ളത്. 150 വാര്‍ഡുകളിലായി 1122 സ്ഥാനാര്‍ത്ഥികള്‍ ആണ് മത്സരരംഗത്തുള്ളത്. എല്ലാ പാര്‍ട്ടികളുടെയും ദേശീയ നേതാക്കള്‍ അടക്കം പ്രചാരണം നടത്തിയിരുന്നു. വലിയ പ്രാധാന്യം നല്‍കുന്ന തെരഞ്ഞെടുപ്പാണ് ഹൈദരാബാദിലെത്. 24 നിയമസഭാ മണ്ഡല പരിധികളാണ് കോര്‍പറേഷനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

മഹാരാഷ്ട്രയിലും താമരയ്ക്ക് അനുകൂലമായില്ല സാഹചര്യങ്ങള്‍. ലജിസ്ലേറ്റിവ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് രണ്ട് ഇടത്ത് മാത്രമാണ് വിജയം. നാല് സീറ്റുകളില്‍ വിജയിച്ച മഹാ വികാസ അഖാഡി മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് നിറം പകര്‍ന്നു. ബിജെപിക്ക് അടിപതറിയ ഇടങ്ങളില്‍ നാഗ്പൂരും ഉള്‍പ്പെടുന്നു.

Story Highlights hydrabad, local body election, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top