ബുറേവി ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മരണം അഞ്ചായി; കടലൂരും ചിദംബരത്തും കടൽക്ഷോഭം രൂക്ഷം

ബുറേവി ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ മരണം അഞ്ചായി. കടലൂർ, ചെന്നൈ, പുതുക്കോട്ട എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കടലൂരിൽ കനത്ത മഴയിൽ വീട് തകർന്നുവീണ് അമ്മയും മകളും മരിച്ചു. അ​പകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മറ്റൊരു സ്ത്രീ ചികിത്സയിലാണ്. പുതുക്കോട്ടെയിൽ വീട് തകർന്ന് ഒരു സ്ത്രീ മരിച്ചു. ചെന്നൈയിൽ വെള്ളക്കെട്ടില്‍ നിന്ന് വൈദുതാഘാതമേറ്റ് ഒരു യുവാവും തഞ്ചാവൂരിൽ 40 വയസുള്ള സ്ത്രീയും മരിച്ചു.

ബുറേവി തീവ്ര ന്യൂനമർദമായതോടെ തമിഴ്നാട്ടിൽ കനത്ത മഴ തുടരുകയാണ്. കടലൂരും ചിദംബരത്തും കടൽക്ഷോഭം രൂക്ഷമായി. ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. പുതുച്ചേരി തീരത്തും മഴ ശക്തമായി. മാന്നാർ കടലിടുക്കിൽ എത്തിയ അതിതീവ്ര ന്യൂനമർദം കഴിഞ്ഞ 24 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. നിലവില്‍ രാമനാഥപുരത്ത് നിന്ന് 40 കിലോമീറ്റർ ദൂരത്തിലും, പാമ്പനിൽ നിന്നും 70 കിലോമീറ്റർ ദൂരത്തിലുമാണ് ബുറേവിയുടെ സ്ഥാനം.

ബുറേവി ചുഴലിക്കാറ്റിന്‍റെ ത്രീവ്രത കുറഞ്ഞെങ്കിലും കേരളത്തില്‍ ജാഗ്രത തുടരും. കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്‌നാട്ടിൽവച്ചു തന്നെ ന്യൂനമർദത്തിലെ കാറ്റിൻ്റെ വേഗത മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിലോമീറ്റർ മാത്രമായി മാറാനാണ് സാധ്യത. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും.

Story Highlights Burevi cyclone, tamil nadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top