പിറ്റ്സ്ബർഗിലും ലോഹത്തൂൺ; ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനോടകം പൊങ്ങിയത് നാല് ലോഹത്തൂണുകൾ

യൂടായ്ക്കും, റൊമാനിയയ്ക്കും, കാലിഫോർണിയയ്ക്കും പിന്നാലെ ലോകത്തെ അംബരിപ്പിച്ച് പിറ്റ്സ്ബർഗിലും ലോഹത്തൂൺ ഉയർന്നു.
നവംബർ പകുതിയോടെയാണ് ലോകത്തിന്റെ വിവിധ കോണുകളിലായി തിളങ്ങുന്ന ലോഹത്തൂണുകൾ മുളച്ച് തുടങ്ങിയത്. ആദ്യം പ്രത്യക്ഷപ്പെട്ടത് യൂടായിലായിരുന്നു. ഹെലികോപ്റ്ററിൽ ആടുകളെ നോക്കിയിറങ്ങിയവരാണ് യൂടായിൽ നിഗൂഢമായ ഒറ്റത്തൂൺ കണ്ടെത്തിയത്.
ഏകദേശം മൂന്നടി ഉയരമുള്ള ഇത് നിലത്തുറപ്പിച്ചിരിക്കുകയായിരുന്നു. ലോഹം കൊണ്ട് നിർമ്മിച്ചതാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. എന്നാൽ, ഏത് ലോഹമാണ് ഇതിൻ്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല.

ഇതിനു പിന്നാലെ യൂടായിൽ നിന്ന് തൂൺ അപ്രത്യക്ഷമായി. അതിനു തൊട്ടടുത്ത ദിവസം റൊമാനിയയിൽ തൂൺ പൊങ്ങി.
പിറ്റേന്ന് യൂടായിൽ നിന്ന് കാണാതായ നിഗൂഢ ലോഹത്തൂൺ കണ്ടെത്തി. ഒരു സംഘം ആളുകൾ ചേർന്ന് നശിപ്പിക്കപ്പെട്ട നിലയിലാണ് ലോഹത്തൂൺ കണ്ടെത്തിയത്. പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെയെടുത്താണ് നാല് യുവാക്കൾ ചേർന്ന് ലോഹത്തൂൺ ഇളക്കി മാറ്റിയത്. ഭൂപ്രകൃതിയെ മലിനമാക്കുന്ന വസ്തുവായാണ് ഇവർ ഈ ലോഹത്തൂണിനെ കണ്ടത്. ഇതാണ് തൂൺ ഇവിടെ നിന്ന് നീക്കം ചെയ്യാനുണ്ടായ കാരണം. തൂൺ നീക്കം ചെയ്യുന്നത് കണ്ട മറ്റൊരു വ്യക്തിയാണ് ഇക്കാര്യങ്ങൾ അധികൃതരെ അറിയിച്ചത്.
ഇതിന് പിന്നാലെ നിഗൂഢതയേറ്റി റൊമാനിയയിലെ ലോഹത്തൂൺ അപ്രത്യക്ഷമായി. റൊമാനിയയിലെ തൂൺ എവിടെ പോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.പ്രത്യക്ഷപ്പെട്ട് നാലു ദിവസങ്ങൾക്കു ശേഷമാണ് റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേ എന്ന കുന്നിൽ നിന്ന് തൂൺ കാണാതായത്. നിലവിൽ തൂൺ നിന്ന സ്ഥലത്ത് ഒരു കുഴി മാത്രമാണ് ഉള്ളത്. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് ലോക്കൽ പൊലീസ് അറിയിച്ചു.

യൂടായ്ക്കും റൊമാനിയയ്ക്കും പിന്നാലെ കാലിഫോർണിയയിലും ലോഹത്തൂൺ പ്രത്യക്ഷപ്പെട്ടു. കാലിഫോർണിയയിലെ അടാസ്കഡേറോ മലയ്ക്ക് മുകളിലാണ് ലോഹത്തൂൺ കണ്ടെത്തിയിരിക്കുന്നത്. സ്റ്റെിൻലെസ് സ്റ്റീൽ കൊണ്ടുള്ള ഈ ലോഹത്തൂണിന് 10 അടി നീളവും 18 ഇഞ്ച് വീതിയുമുണ്ട്.

നേരത്തെ ആളൊഴിഞ്ഞ പ്രദേശങ്ങളായ മരുഭൂമിയിലും കുന്നിൻമുകളിലുമാണ് ലോഹത്തൂൺ കണ്ടതെങ്കിൽ പിറ്റ്സ്ബർഗിൽ ജനക്കൂട്ടത്തിന് ഒത്ത നടുവിലാണ് ലോഹത്തൂൺ സ്ഥിതി ചെയ്യുന്നത്. പിറ്റ്സ്ബർഗിലെ ഒരു ബേക്കറിക്ക് മുന്നിലാണ് ഒറ്റരാത്രികൊണ്ട് പ്രത്യക്ഷപ്പെട്ടത്.
Story Highlights – monolith appears in Pittsburgh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here