നാൽപ്പത് വർഷങ്ങൾക്ക് മുൻപ് ഇങ്ങനെയൊരു രാത്രിയിലാണ് ജോൺ ലെനൻ കൊല്ലപ്പെട്ടത്; കൊലപാതക കാരണം ഇന്നും ലോകത്തിന് അത്ഭുതം…

ജോൺ ലെനൻ….ദ ബീറ്റിൽസ് ബാൻഡിലെ മുൻ ഗായകൻ…ഇമാജിൻ, സ്റ്റാർട്ടിംഗ് ഓവർ എന്നിങ്ങനെ ഒരു തലമുറ ഇന്നും പാടി നടക്കുന്ന ഗാനങ്ങളിലെ ശബ്ദം…1980 ഡിസംബർ 8ന് രാത്രി ഭക്ഷണം ഒഴിവാക്കി മകനോടൊപ്പം അൽപ്പസമയം ചെലവഴിക്കാൻ പോവുകയായിരുന്നു ജോൺ ലെനൻ….പക്ഷേ മകനെ അവസാനമായി കാണാൻ ലെനന് സാധിച്ചില്ല….ഭാര്യ ഓനോ നോക്കി നിൽക്കെ ലെനൻ വഴിയിൽ കൊല്ലപ്പെട്ടു….
1940 ഒക്ടോബർ 9നാണ് ജോൺ ലെനന്റെ ജനനം. ലനന് നാല് വയസുള്ളപ്പോഴാണ് അവന്റെ അച്ഛനും അമ്മയും നിയമപരമായി വേർ പിരിയുന്നത്. അതോടെ ബന്ധുവായ മിമിയുടെ സംരക്ഷണയിലായി ജോൺ. വ്യാപാരിയായിരുന്ന ജോണിന്റെ അച്ഛൻ ഒരിക്കലും ജോണിനെ കാണാൻ വരികയോ, ജോണിനെ കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ല. വിവാഹ ബന്ധം വേർപിരിഞ്ഞതിന് ശേഷം മറ്റൊരു വിവാഹം കഴിച്ച അമ്മ ജൂലിയ എന്നാൽ മിക്കപ്പോഴും ജോണിനെ കാണാൻ മിമിയുടെ വീട്ടിൽ എത്തുമായിരുന്നു.
അമ്മയാണ് ജോണിനെ സംഗീത ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുപോകുന്നത്. ബഞ്ജോ വായിക്കാനും, പിയാനോ വായിക്കാനുമെല്ലാം അമ്മ ജോണിനെ പഠിപ്പിച്ചു. എന്നാൽ ആ സന്തോഷവും അധികകാലം നീണ്ടുനിന്നില്ല. 1958ൽ നടന്ന കാർ അപകടത്തിൽ ജോണിന്റെ അമ്മ ജൂലിയ മരിച്ചു. ജോൺ ലെനന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ നിമിഷമായിരുന്നു അതെന്ന് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
ബീറ്റിൽസിലേക്ക്….
നടനും ഗായകനുമായ എൽവിസ് പ്രെസ്ലി റോക്ക് സംഗീതത്തിലേക്ക് കടന്നുവന്നതോടെയാണ് ജോൺ ലെനനും സംഗീതജ്ഞനാകണമെന്ന മോഹം മനസിലുദിക്കുന്നത്. 16 വയസുള്ളപ്പോൾ തന്നെ ക്വാറി മെൻ എന്ന ബാൻഡിന് ജോൺ രപം കൊടുത്തിരുന്നു.

1957 ജൂലൈ 6നാണ് ലനൻ പോൾ മക്കാർട്നെയെ കാണുന്നത്. ഇരുവരും ചേർന്ന് രൂപം കൊടുത്ത ഗാനങ്ങൾ പിന്നീട് ചരിത്രമായി…1961ലാണ് ബീറ്റിൽസ് ഒരു ബാൻഡായി പിറവികൊള്ളുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ബീറ്റിൽസ് വളർന്നു. 1964ൽ ദി എഡ് സളിവൻ ഷോയിലടക്കം ബീറ്റിൽസ് എത്തി.
എന്നാൽ ബീറ്റിൽസിന്റെ പ്രതാപകാലം അധികം നീണ്ടുനിന്നില്ല. പലകാരണങ്ങൾ കൊണ്ടും ബീറ്റിൽസ് ജനമനസുകളിൽ നിന്ന് അകന്നുപോയി. അതിൽ മുഖ്യം ലനന്റെ ഒരു പരാമർശമായിരുന്നു. ബീറ്റിൽസ് ഇപ്പോൾ യേശുവിനേക്കാൾ പ്രചാരം നേടിയെന്ന പരാമർശം ബീറ്റിൽസിനെ ജനങ്ങൾക്കിടയിൽ വെറുപ്പ് സൃഷ്ടിക്കാൻ മാത്രമല്ല, തന്റെ മരണത്തിന് പോലും കാരണമാകുമെന്ന് ലെനൻ കരുതിയില്ല….
ബീറ്റിൽസിൽ നിന്ന് വേർപിരിഞ്ഞ്…..
എപ്സ്റ്റീന്റെ മരണത്തോടെയാണ് ബീറ്റിൽസിന്റെ പതനം യഥാർത്ഥത്തിൽ ആരംഭിക്കുന്നത്…അപ്പോഴേക്കും ലെനന്റെ ശ്രദ്ധ മുഴുവൻ തന്റെ രണ്ടാം ഭാര്യ ഒനോയുമൊത്തുള്ള പ്രതിഷേധ പരിപാടികളിലും മറ്റുമായിരുന്നു.

മെത്തയിൽ തന്നെ ഇരുന്ന് അഭിമുഖങ്ങളും, ചിത്രീകരണങ്ങളുമെല്ലാം നടത്തുന്ന ഒരു പ്രത്യേകതരം സമാധാന പ്രതിഷേധത്തിന് രൂപം നൽകിയത് ഇരുവരും ചേർന്നാണ്. ദ പ്ലാസ്റ്റിക് ഓനോ ബാൻഡിന് കീഴിൽ പുറത്തിറക്കിയ ഗിവ് പീസ് എ ചാൻസ് എന്ന ഗാനം പസിഫിസ്റ്റുകൾക്കിടയിൽ ഒരു ദേശിയഗാനത്തിന് സമാനമായ ചലനം സൃഷ്ടിച്ചു. 1969 ൽ ലെനൻ ബീറ്റിൽസ് വിട്ടു. അബേ റോഡ് എന്ന ഗാനത്തിന്റെ റെക്കോർഡിംഗിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.
ഇമാജിൻ….
ബീറ്റിൽസ് വിട്ടതിന് ശേഷമാണ് ജോൺ ലെനന്‌റെ കരിയറിലെ തന്നെ ഏറ്റവും ഹിറ്റായ ഇമാജിൻ എന്ന ആൽബം ലെനൻ പുറത്തിറക്കുന്നത്.
നിരവധി സാമൂഹിക ഇടപെടലുകളും ലെനൻ നടത്തിയിട്ടുണ്ട്. വീയന്ന യുദ്ധത്തിനെതിരായി ശബ്ദമുയർത്തിയതിന് നാടുകടത്തിൽ ഭീഷണി വരെ അധികൃതരിൽ നിന്ന് ലെനന് സഹിക്കേണ്ടി വന്നിട്ടുണ്ട്.

അമേരിക്കയിൽ തന്നെ താമസിക്കാൻ ഭരണകൂടവുമായി പൊരുതിയിരുന്ന സമയത്ത് തന്നെയാണ് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി ന്യൂയോർക്കിലെ മാഡിസൺ സ്ക്വയറിൽ പരിപാടി സംഘടിപ്പച്ചത്.
1973ൽ ലെനനും ഒനോയും വേർപിരിഞ്ഞു. എന്നാൽ ഇരുവർക്കും അധികകാലം പിരിഞ്ഞ് നിൽക്കാൻ സാധിച്ചില്ല. വീണ്ടും 1974 ൽ ഇരുവരും ഒന്നിച്ചു. 1975ൽ ഇരുവർക്കും ഷോൺ എന്ന കുഞ്ഞ് പിറന്നു.
അവസാന ചിത്രം…

റോളിംഗ് സ്റ്റോൺ മാഗസിന് വേണ്ടി ലെനനെയും ഭാര്യ ഓനോയെയും ചേർത്ത് എടുത്തതാണ് ഇരുവരും ഒന്നിച്ചുള്ള അവസാന ഫോട്ടോഗ്രാഫ്. ലെനൻ മരിക്കുന്ന ദിവസം തന്നെയാണ് ഈ ചിത്രം പകർത്തിയത് എന്നതാണ് മറ്റൊരു പ്രത്യേകത.
ലെനന്റെ കൊലപാതകം…
റോളിംഗ് സ്റ്റോൺ മാസികയ്ക്ക് വേണ്ടി നൽകിയ അഭിമുഖവും ഫോട്ടോഷൂട്ടിനും ശേഷം വൈകീട്ട് അഞ്ച് മണി വരെ റഎക്കോർഡ് പ്ലാന്റ് സ്റ്റുഡിയോസിൽ റെക്കോർഡിംഗും മറ്റുമായി ലെനൻ ചെലവഴിച്ചു. തുടർന്ന് രാത്രി ഭക്ഷണം കഴിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും അ്ഞ്ച് വയസുകാരനായ തന്റെ മകനോടൊപ്പം അല്പസമയം ചെലവഴിക്കാൻ ലെനന് മോഹമുദിച്ചു.

അങ്ങനെ ഡക്കോട്ട എന്ന തങ്ങളുടെ വീട്ടിലേക്ക് ലെനിനും ഭാര്യയും പോയി. ഡകോട്ടയ്ക്ക് മുന്നിൽ ലെനനെ വകവരുത്തുക എന്ന ലക്ഷ്യത്തോടെ മാർക്ക് ഡേവിഡ് ചാപ്മാൻ നിൽക്കുന്നുണ്ടായിരുന്നു. ജെ.ഡി സാലിംഗറിന്റെ ക്യാച്ചർ ഇൻ ദ റൈ എന്ന പുസ്തകം ചാപ്മാന്റെ ജീവിതത്ത ഏറെ സ്വാധീനിച്ചിരുന്നു. ലെനനെ കൊല്ലനുന്നതിന് മുൻപ് ക്യാച്ചർ ഇൻ ദ റൈ എന്ന പുസ്തകം വാങ്ങി, അതിൽ ഇതാണ് തനിക്ക് പറയാനുള്ളത് എന്ന വാചകം എഴുതിവച്ചിട്ടാണ് ചാപ്മാൻ തങ്ങിയിരുന്ന ഷേറാട്ടൺ ഹോട്ടലിൽ നിന്ന് അയാള്ഡ ലെനിനെ വകവരുത്താൻ പോയത്.
ഡക്കോട്ടയ്ക്ക് മുന്നിൽ ലെനനും ഭാര്യ ഓനോയും വന്നിറങ്ങുന്നത് ചാപ്മാൻ കണ്ടു. ഓനോയെ പരിചയഭാവത്തിൽ നോക്കി പുഞ്ചിരിച്ചു. ലെനനെ കണ്ടതോടെ ചാപ്മാന്റെ മുഖം നിർവികാരമായി. തുടർന്ന് കൈയ്യിൽ കരുതിയിരുന്ന തോക്കെടുത്ത് മൂന്ന് തവണ വെടവച്ചു. ഭാര്യ ഓനോയുടെ മുന്നിൽ ലെനൻ മരിച്ചു വീണു.
കൊലപാതക കാരണം…

ഇടുത്തീപോലെയാണ് ലോകം ലെനന്റെ മരണവാർത്ത കേട്ടറിഞ്ഞത്. ലെനൻ പണ്ടൊരിക്കൽ പറഞ്ഞ യേശുക്രിസ്തുവിനെ കുറിച്ചുള്ള പരാമർശമാണ് ചാപ്മാനെ ചൊടിപ്പിച്ചതെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ.
മരണശേഷം…
പതിറ്റാണ്ടുകൾക്കിപ്പുറവും എന്നും ഏർക്കപ്പെടുന്ന ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് ജോൺ ലെനൻ. 1987ൽ സോംഗ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയിമിലും, 1994ൽ റോക്ക് ആന്റ് റോൾ ഹോൾ ഓഫ് ഫെയിമിലും അദ്ദേഹത്തിന്റെ പേര് മരണശേഷം എഴുതി ചേർത്തു.
Story Highlights – john lennon 40th death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here