വണ്ടി തള്ളി പ്രതിഷേധിച്ചത് പ്രതിപക്ഷത്ത് ഇരുന്നപ്പോഴല്ലേ?; ഇന്ധന വിലവർധനയിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ

ഇന്ധന വിലവർധന ജനങ്ങളെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാൻ അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ധന വിലവർധനക്കെതിരെ താൻ വണ്ടിയുന്തി പ്രതിഷേധം നടത്തിയത് പ്രതിപക്ഷത്തായിരിക്കുമ്പോൾ ആണെന്നും ഇപ്പോൾ വണ്ടിയുന്താൻ വേറെ ആളുകളുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇന്ധന വില നിർണയാധികാരം സർക്കാരിൽ നിന്ന് എടുത്തുകളഞ്ഞത് യുപിഎ സർക്കാരാണ്. കോൺഗ്രസിന് എങ്ങനെ അതിനെതിരെ പറയാൻ കഴിയും? പെട്രോളിന് ചിലപ്പോൾ വില കൂടുകയും മറ്റു ചിലപ്പോൾ കുറയുകയും ചെയ്യുമെന്ന് സുരേന്ദ്രൻ പറഞ്ഞു. യുപിഎ സർക്കാരിൻ്റെ തീരുമാനം എന്തുകൊണ്ട് തിരുത്തുന്നില്ല എന്ന ചോദ്യത്തിന് അത് എളുപ്പമല്ലെന്നായിരുന്നു സുരേന്ദ്രൻ്റെ മറുപടി. ഗ്ലോബലൈസേഷന്റെ ഭാഗമായി മാർക്കറ്റ് ഓപ്പൺ ആകുമ്പോൾ സർക്കാരിൽനിന്ന് പലതും നഷ്ടപ്പെടും. പെട്രോൾ വിലയൊക്കെ ആരാണ് നോക്കുന്നത്? അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. യുപിഎ സർക്കാരിൻ്റെ കാലത്ത് 87 രൂപയ്ക്ക് പെട്രോൾ അടിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also : സ്വര്‍ണക്കടത്ത് കേസ്; സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി കെ. സുരേന്ദ്രന്‍
മുൻപ് പെട്രോൾ വിലവർധനവിനെതിരെ താങ്കൾ തന്നെ വണ്ടി തള്ളി പ്രതിഷേധിച്ചതാണല്ലോ എന്ന ചോദ്യത്തിന് ഇപ്പോൾ വണ്ടിയുന്താൻ വേറെ ആൾക്കാരുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. താൻ വണ്ടിയുന്തി പ്രതിഷേധിച്ചത് പ്രതിപക്ഷത്ത് ഇരിക്കുമ്പോഴായിരുന്നു. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ സമരം ചെയ്യും. ഏതു വിഷയത്തിലും അങ്ങനെയാണ്. അതിനെന്താണ് കുഴപ്പമെന്നും സുരേന്ദ്രൻ ചോദിച്ചു.
പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണത്തിലിരിക്കുമ്പോഴും രണ്ട് നയമാണോ എന്ന ചോദ്യത്തിന്, എല്ലാ കാര്യങ്ങളും അങ്ങനെയാണല്ലോ എന്നായിരുന്നു മറുപടി.
Story Highlights – k surendran on petrol price hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here