ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (09-12-2020)

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കണം; ഗൃഹ പാഠത്തിനും പരിധി; പുതിയ നയവുമായി കേന്ദ്ര സര്‍ക്കാര്‍

സ്‌കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ ബാഗുകള്‍ക്കായി ‘പോളിസി ഓണ്‍ സ്‌കൂള്‍ ബാഗ് 2020’ നയം പ്രഖ്യാപിച്ചു. ബാഗുകളുടെ പരമാവധി ഭാരം അഞ്ച് കിലോ ആയി നിജപ്പെടുത്തി.കുട്ടികളുടെ ഭാരത്തിന്റെ പത്തിലൊന്ന് മാത്രമേ പുസ്തകവും ഭക്ഷണവും അടങ്ങിയ ബാഗിന് ഉണ്ടാകാവൂ.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് തീരുമാനമെടുക്കും

കര്‍ഷക പ്രക്ഷോഭത്തില്‍ ഇന്ന് നിര്‍ണായക ദിനം. കേന്ദ്രസര്‍ക്കാര്‍ രാവിലെ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ഷക സംഘടനകള്‍ ഉച്ചയ്ക്ക് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. കേന്ദ്രസര്‍ക്കാരുമായി കര്‍ഷക സംഘടനകള്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച റദ്ദാക്കിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഇന്നലെ രാത്രി നടന്ന ചര്‍ച്ചയിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറച്ചു നിന്നു.

കര്‍ഷക പ്രതിഷേധം: പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാക്കള്‍ ഇന്ന് വൈകിട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. വൈകിട്ട് അഞ്ചിന് പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിനിധികരിച്ച് അഞ്ച് നേതാക്കള്‍ക്കാണ് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്.

കൊവിഡ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രാലയം

ആദ്യ കൊവിഡ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രാലയം ഉന്നതാധികാര സമിതിയെ അറിയിച്ചു. കൊവിഡ് വാക്സിനുകള്‍ക്ക് വരുന്ന ആഴ്ചകളില്‍ രാജ്യം അനുമതി നല്‍കിയേക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതിന് തൊട്ട് പിന്നാലെ ആണ് നടപടി. ഉന്നതാധികാര സമിതിയുടെ ഭാഗമായ വിവിധ വകുപ്പുകള്‍ ഇതിനായി തങ്ങളുടെ ഭാഗത്ത് നിന്ന് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അറിയിച്ചാല്‍ വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ ആരോഗ്യമന്ത്രാലയം അനുമതി നല്‍കും.

Story Highlights todays headlines 09-12-2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top