മലയാളി ജീവിതത്തിൽ ഉപ്പും മുളകും നിറച്ചിട്ട് ഇന്നേക്ക് അഞ്ച് വർഷം
മലയാള ടെലിവിഷൻ പ്രേക്ഷകരിലേക്ക് ഉപ്പും മുളകും പരമ്പരയെത്തിയിട്ട് ഇന്നേക്ക് അഞ്ച് വർഷം തികയുന്നു. ബാലുവും, നീലുവും, മുടിയനും, ലച്ചുവും, ശിവാനിയും, കേശുവും ചേർന്ന് മലയാളി മനസിൽ ചിരിയുടെ രസക്കൂട്ടുകൾ തീർത്തപ്പോൾ മലയാള ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഹിറ്റ് പരമ്പരകളിൽ ഒന്നായി മാറി ഈ ഹാസ്യ സീരിയൽ. മാത്രമല്ല യൂട്യൂബ് കാഴ്ച്ചക്കാരുടെ കാര്യത്തിലും റെക്കോർഡിട്ട പരമ്പരയാണ് ഫ്ളവേഴ്സ് ടിവിയിൽ സ്പ്രേഷണം ചെയ്യുന്ന ഉപ്പും മുളകും.
2015 ഡിസംബർ 12നാണ് ഉപ്പും മുളകും പ്രമോ ആദ്യമായി ജനങ്ങൾക്ക് മുന്നിലേക്ക് എത്തുന്നത്. അന്ന് മുതൽ ഇന്ന് വരെ പരമ്പര ജനങ്ങളെ നിരാശരാക്കിയില്ല. സാധാരണ മലയാളി വീടുകളിലെ കഥ പറയുമ്പോഴും പുതുമയാർന്ന അവതരണ ശൈലികൊണ്ടും, സ്പോട്ട് കോമഡികൾ കൊണ്ടും പരമ്പര മറ്റ് ഹാസ്യ സീരിയലുകളിൽ നിന്ന് വേറിട്ട് നിന്നു.
കഴിഞ്ഞ വർഷം ഉപ്പും മുളകും കുടുംബത്തിലേക്ക് പാറുക്കുട്ടി കൂടി വന്നതോടെ പരമ്പരയ്ക്ക് ലഭിച്ചിരുന്ന ജനപ്രീതി ഇരട്ടിയായി. സ്വന്തം കുടുംബത്തിലേക്ക് കൺമണി പിറക്കാനിരുന്നത് പോലെയാണ് പാറുവിന്റെ വരവിനായി കേരളക്കര കാത്തിരുന്നത്. പാറുവിന്റെ കുറുമ്പുകൾക്കും കുസൃതികൾക്കുമൊപ്പം മലയാളികളും അവരവരുടെ ജീവിത വിഷമങ്ങൾ മറന്ന് ആർത്ത് ചിരിച്ചു.
സീരിയയലിൽ ബാലുവായി ബിജു സോപാനവും, നീലുവായി നിഷാ സാരംഗുമാണ് വേഷമിടുന്നത്. കേശുവായി അൽസാബിത്തും, ശിവയായി ശിവാനിയും, മുടിയനായി വിഷ്ണുവും, ലച്ചുവായി ജൂഹിയും , പാറുക്കുട്ടിയായി അമേയയുമാണ് വേഷമിടുന്നത്.
2016ൽ പരമ്പരയ്ക്ക് സംസ്ഥാന ടെലിവിഷൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മികച്ച ഹാസ്യ പരിപാടിക്കുള്ള പുരസ്കാരം ഉപ്പും മുളകും സീരിയലിന് ലഭിച്ചപ്പോൾ, മികച്ച ഹാസ്യ താരത്തിനുള്ള പുരസ്കാരം പര്നപരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിജു സോപാനത്തിന് ലഭിച്ചു. പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നിഷ സാരംഗിന് ഹാസ്യാഭിനേത്രിക്കുള്ള പ്രത്യേക ജ്യൂറി പരാമർശം ലഭിച്ചിരുന്നു.
പ്രളയക്കെടുതിയിൽ നാടിന്റെ ദുരിതാശ്വാസത്തിന് സഹായമാകും വിധം പരിപാടിയുടെ ഒരു എപ്പിസോഡ് നീക്കിവച്ചിച്ചുണ്ട് ഫ്ളവേഴ്സ്. ഈ നീക്കത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. സ്വാഗതാർഹമായ നടപടിയാണ് അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അതിനെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
Read Also : ‘ഇത് സ്വാഗതാർഹം’; ഉപ്പും മുളകും ശിൽപികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
കൊവിഡ് കാലത്തെ എപ്പിസോഡുകളിൽ പോലും മാസ്ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗത്തെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ പരമ്പരയുടെ അണിയറ പ്രവർത്തകർ ശ്രദ്ധിച്ചിരുന്നു. നർമവും, ധാരമിക ഉപദേശവും മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയും നിറഞ്ഞ ഉപ്പും മുളകും ജനമനസുകളിൽ ജൈത്രയാത്ര തുടരുന്നു.
Story Highlights – uppum mulakum 5 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here