നാല് മാസത്തിലേറെയായുള്ള അപവാദപ്രചാരണമെല്ലാം അപ്രസക്തമായി; മാധ്യമങ്ങൾ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സമാനതകളില്ലാത്ത അപവാദ പ്രചാരണമാണ് സർക്കാരിനെ ഇകഴ്ത്തിക്കാണിക്കാൻ ബിജെപിയും കോൺഗ്രസും നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് മാസത്തിലേറെ ഇത് തുടർന്നു. ഇക്കാര്യത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ വ്യാപകമായി ഉപയോഗിച്ചു. ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങൾ അതിനെ ഏറ്റുപിടിച്ചു. എന്നാൽ അതെല്ലാം അപ്രസക്തമാകുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുഷ്പ്രചാരണങ്ങൾ ജനഹിതത്തെ അട്ടിമറിക്കാൻ പര്യാപ്തമാണെന്നാണ് പ്രതിപക്ഷം പ്രതീക്ഷിച്ചത്. കേരളത്തിലെ ജനങ്ങൾ പ്രത്യേക രീതിയിലുള്ള സംസ്കാരം ഉൾക്കൊള്ളുന്നവരാണ്. ശരിയായ രീതിയിൽ കാര്യങ്ങളെ തിരിച്ചറിയാൻ അവർക്ക് കഴിയും. ദുഷ്പ്രചാരണങ്ങളെ ജനം തള്ളിക്കളഞ്ഞു. ഒരു തരത്തിലുള്ള ദുസ്വാധീനത്തിനും വഴങ്ങാത്ത വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ഏറ്റുപിടിച്ച നടപടി ശരിയാണോ എന്ന് മാധ്യമങ്ങൾ പുനഃപരിശോധിക്കണം. ശരിയായ രീതി പിന്തുടരാൻ, നാടിനുതകുന്ന സമീപനം സ്വീകരിക്കാൻ നിലപാടെടുത്താൽ നന്നാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights – local body election, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here