പ്രതിസന്ധികളില്‍ ഉലയാതെ പിണറായി; എല്‍ഡിഎഫിന്റെ മിന്നുന്ന വിജയത്തിന്റെ നേരവകാശി ആര് ?

local body election; pinarayi vijayan

തദ്ദേശതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ മിന്നുന്ന വിജയത്തിന്റെ നേരവകാശി മുഖ്യമന്ത്രി പിണറായി വിജയനല്ലാതെ മറ്റാരുമല്ല. പാര്‍ട്ടിയും സര്‍ക്കാരും അത്രയേറെ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് തിളക്കമാര്‍ന്ന നേട്ടം മുന്നണിക്കുണ്ടായത്. പ്രതിസന്ധികളില്‍ അല്‍പം പോലും ഉലയാതെ ഉറച്ച നേതൃത്വമായി പിണറായി തന്നെയായിരുന്നു മുന്നില്‍.

ക്യാപ്റ്റന്‍, അങ്ങനെയാണ് നവമാധ്യമങ്ങളില്‍ പിണറായി വിജയന് സൈബര്‍ പോരാളികള്‍ നല്‍കിയിരിക്കുന്ന പേര്. അത് അന്വര്‍ഥമാക്കുന്ന നേതൃശേഷിയാണ് പിണറായിയുടെ കരുത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ നിരാശപ്പെട്ടില്ല. വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെ ഉപതെരഞ്ഞെടുപ്പുകളിലെ വിജയങ്ങളില്‍ മതിമറന്നില്ല. നിപ്പ, ഓഖി, രണ്ടുപ്രളയങ്ങള്‍, കൊവിഡ്. ലോകം ശ്രദ്ധിച്ച പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആ നേതൃശേഷി ശ്ലാഖിക്കപ്പെട്ടു. തുടര്‍ഭരണമെന്ന ചര്‍ച്ചകള്‍ക്കിടയിലേക്കാണ് സ്വര്‍ണക്കടത്ത് എത്തിയത്. പിന്നെ ആരോപണങ്ങള്‍ക്കു മേല്‍ ആരോപണങ്ങള്‍. ഏതു കരുത്തരും ആടിയുലഞ്ഞുപോകുന്ന ആക്രമണങ്ങള്‍. കേന്ദ്ര ഏജന്‍സികള്‍ കേരളത്തിന്റെ ഇട്ടാവട്ടത്തില്‍ കറങ്ങിക്കൊണ്ടേയിരുന്നു. പിണറായി പതറിയില്ല. കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയിലെത്തിക്കാന്‍ മുന്‍കൈയെടുത്തു. ഒപ്പം സര്‍ക്കാരിന്റെ വികസനത്തിന്റേയും നേട്ടങ്ങളുടേയും പട്ടികയുമായി തെരഞ്ഞെടുപ്പ് കളത്തിലിറങ്ങാനുള്ള തീരുമാനവും. രണ്ടുംതെറ്റിയില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിച്ച അഗ്‌നിപരീക്ഷയാണ് പിണറായി മറികടന്നിരിക്കുന്നത്. മുന്നിലെ വെല്ലുവിളികള്‍ ചെറുതല്ല. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ കൂടുതല്‍ സജീവമാകുന്നു. തിരിച്ചടി നേരിട്ട പ്രതിപക്ഷവും സര്‍ക്കാരിനെതിരായ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടും. ഇതിനേയെല്ലാം അതിജീവിക്കാന്‍ പിണറായിയുടെ നേതൃത്വത്തിനാകുമെന്ന വിശ്വാസമാണ് കേരളത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം.

Story Highlights – local body election; pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top