ഇടുക്കിയില്‍ ഇടതുപക്ഷത്തിന് ശക്തമായ മുന്നേറ്റം

ഇടുക്കിയില്‍ ഇടതുപക്ഷത്തിന് ശക്തമായ മുന്നേറ്റം. പത്ത് വര്‍ഷത്തിന് ശേഷം ജില്ല പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത എല്‍ഡിഎഫ് ബ്ലോക്ക് പഞ്ചായത്തിലും നേട്ടമുണ്ടാക്കി. കട്ടപ്പന നഗരസഭയില്‍ മാത്രമാണ് യുഡിഎഫിന് വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ സാധിച്ചത്. ഇടുക്കിയില്‍ എന്‍ഡിഎയുടെ പ്രതീക്ഷകള്‍ക്കും കോട്ടം തട്ടി.
എക്കാലവും യുഡിഎഫിനൊപ്പം അടിയുറച്ച് നിന്ന ജില്ലയാണ് ഇടുക്കി. എന്നാല്‍ ഇത്തവണ യുഡിഎഫ് കോട്ടകള്‍ക്ക് വിള്ളല്‍ വീണിരിക്കുന്നു. ജില്ല പഞ്ചായത്തിലെ പത്ത് സീറ്റ് മാത്രം മതി ജില്ലയിലെ എല്‍ഡിഎഫ് മുന്നേറ്റം ചൂണ്ടികാണിക്കാന്‍. കഴിഞ്ഞതവണ രണ്ടു ബ്ലോക്ക് പഞ്ചായത്ത് ഉണ്ടായിരുന്നത് ഇത്തവണ 4 ആയി ഉയര്‍ന്നു. 52 ഗ്രാമ പഞ്ചായത്തില്‍ 25 എണ്ണത്തിലും ഇടതു മുന്നണി നേടി. തൊടുപുഴ, കട്ടപ്പന നഗരസഭകളില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല എന്നുള്ളതും വസ്തുതയാണ്. എന്നാല്‍ 2015 ലെ തെരഞ്ഞെടുപ്പ് ഫലവുമായി തുലനം ചെയ്യുമ്പോള്‍ ജില്ലയില്‍ ഇടതുകാറ്റു വീശിയെന്നു വ്യക്തം.
ഭൂപതിവ് ഭേദഗത്തിയും, സര്‍ക്കാര്‍ വിരുദ്ധ പോരാട്ടങ്ങളും ഇടുക്കിയില്‍ യുഡിഎഫിനെ തുണച്ചില്ല. ജില്ലാപഞ്ചായത്തില്‍ നഷ്ടം ആറ് സീറ്റുകള്‍. പതിറ്റാണ്ടുകളായി ഭരിച്ചിരുന്ന പഞ്ചായത്തുകള്‍ കൈവിട്ടു. തൊടുപുഴയില്‍ കേവല ഭൂരിപക്ഷം നഷ്ടമായി. രണ്ടു യുഡിഎഫ് വിമതര്‍ വിജയിക്കുകയും ചെയ്തു. ഇവര്‍ തീരുമാനിക്കും തൊടുപുഴ ആര് ഭരിക്കണമെന്ന്. കട്ടപ്പന നഗരസഭയില്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെക്കാനായത്. മുന്നണി തര്‍ക്കങ്ങളും കേരള കോണ്‍ഗ്രസ് ജോസഫും കോണ്‍ഗ്രസും തമ്മില്‍ പ്രാദേശിക തലത്തിലുള്ള വിയോജിപ്പുകള്‍ ഇടുക്കിയില്‍ യുഡിഎഫന് തിരിച്ചടിയായി.
പല പഞ്ചായത്തുകളിലും അക്കൗണ്ട് തുറന്നെങ്കിലും എന്‍ഡിഎയ്ക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല. തൊടുപുഴ നഗരസഭയും, ഇടമലക്കുടി ഉള്‍പ്പടെ പത്ത് പഞ്ചായത്തുകള്‍ പിടിക്കുമെന്നായിരുന്നു എന്‍ഡിഎയുടെ വാദം. എന്നാല്‍ തൊടുപുഴയില്‍ ഇത്തവണയും 8 സീറ്റില്‍ ഒതുങ്ങി. ഇടമലക്കുടിയിലും വട്ടവടയിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. 34 സീറ്റില്‍ മത്സരിച്ച ബിഡിജെഎസ് ഒരു സീറ്റിലാണ് വിജയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ വികസന പദ്ധതികള്‍ ബിജെപിക്ക് വോട്ടായി മാറിയില്ല. കേരള കോണ്‍ഗ്രസ് ജോസ്-ജോസഫ് വിഭാഗങ്ങളുടെ ഇടുക്കിയിലെ പോരാട്ടത്തില്‍ ജോസഫിനു കാലിടറുന്നതും ഈ തെരഞ്ഞെടുപ്പിന്റെ നേര്‍ച്ചിത്രമാണ്.
Story Highlights – Local elections; Left Front won in Idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here