കര്‍ഷക പ്രക്ഷോഭം പരിഹരിക്കാനുള്ള സുപ്രിംകോടതിയുടെ ഇടപെടല്‍ ഇന്നും തുടരും

കര്‍ഷക പ്രക്ഷോഭം പരിഹരിക്കാനുള്ള സുപ്രിംകോടതിയുടെ ഇടപെടല്‍ ഇന്നും തുടരും. സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ അറിയിക്കുന്ന നിലപാട് ആകും സുപ്രിംകോടതി ഇന്ന് പരിഗണിക്കുക. അതേസമയം, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ കാര്‍ഷിക നിയമങ്ങളില്‍ നിന്ന് ഒഴിവാക്കി സമരം അവസാനിപ്പിക്കണം എന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതായും വിവരമുണ്ട്. സമരവുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ ഇടപെടല്‍ സര്‍ക്കാരിനെ സഹായിക്കാനുള്ള നീക്കമാണെന്ന് വിമര്‍ശിച്ച് പ്രശാന്ത് ഭൂഷന്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തി. യഥാര്‍ത്ഥ കര്‍ഷക സംഘടനകളുമായി ഏത് സമയത്തും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് ക്യഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പ്രതികരിച്ചു.
കര്‍ഷക സമരം അനന്തമായി നീളുന്നത് ദൈനംദിന ജീവിതത്തിന് വെല്ലുവിളിയാകുന്നു എന്ന ഹര്‍ജ്ജികളിലെ നടപടികള്‍ സുപ്രിം കോടതി ഇന്നും തുടരും. ചിഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കര്‍ഷക സംഘടനകളുടെ മറുപടി ആണ് ഇന്ന് പരിഗണിക്കുക. ചര്‍ച്ചയ്ക്കും പ്രശ്‌ന പരിഹാരത്തിനുമായി ഒരു സമിതിയെ നിയോഗിക്കും എന്ന നിലപാട് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇന്നലെ സ്വീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ അടക്കം ഇന്ന് കോടതി തുടര്‍നിലപാട് വ്യക്തമാക്കും.
സമരം ഇങ്ങനെ പോകുന്നത് ദേശീയ പ്രശ്‌നമാകും എന്ന് ഇന്നലെ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. പുതിയ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച തിരുമാനങ്ങള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഇന്നത് കോടതിയെ അറിയിക്കും. ഒരോവകുപ്പും തിരിച്ച് ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകളോട് നിര്‍ദ്ദേശിക്കണം എന്നാണ് സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടത്. സുപ്രിംകോടതി ഇടപെടലിനെ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചു. അതിഥി തൊഴിലാളികളെ കേള്‍ക്കാതിരുന്ന സുപ്രിംകോടതിക്ക് ഇപ്പോള്‍ പ്രത്യേക താത്പര്യം ഉണ്ടാകുന്നത് കേന്ദ്രത്തെ സഹായിക്കാനാണ് എന്ന് അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍ നിന്നും കൂടിയുള്ള എല്ലാ കര്‍ഷക സംഘടനകളിലെയും അംഗങ്ങളെ ഉള്‍പ്പെ ടുത്തി താത്കാലികമായി ഒരു കമ്മിറ്റി രൂപീകരിക്കാനാണ് സുപ്രിംകോടതിയുടെ നീക്കം. മറുവശത്ത് നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ ശക്തമായതോടെ ചില വിട്ടു വീഴ്ചകളെകുറിച്ച് ആലോചിക്കുന്നതായാണ് വിവരം.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കാം എന്ന നിര്‍ദ്ദേശം സര്‍ക്കാരിന്റെ മുന്നില്‍ എത്തി. ഇത് സംബന്ധിച്ച് തുടര്‍ന്നുള്ള നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ ഉപസമിതിയോട് നിലപാട് വ്യക്തമാക്കുന്നതോടെ ആകും. താങ്ങുവില ഉറപ്പാക്കുമെന്നത് എഴുതി നല്‍കാമെന്നതടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാനാവില്ലെന്ന് രേഖാമൂലം കേന്ദ്രത്തെ അറിയിച്ചിരുന്നതായി കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. കര്‍ഷകസമരത്തെ അവഹേളിക്കുന്നതും കര്‍ഷക സംഘടനകളുമായി സമാന്തരചര്‍ച്ചകള്‍ നടത്തുന്നതും കേന്ദ്രം അവസാനിപ്പിക്കണമെന്നും കത്തില്‍ നിര്‍ദ്ദേശം ഉണ്ട്. ഇക്കാര്യത്തില്‍ തന്റെ മുന്‍ നിലപാട് ആവര്‍ത്തിച്ച കൃഷിമന്ത്രി യഥാര്‍ത്ഥ കര്‍ഷക സംഘടനകളുമായി സര്‍ക്കാര്‍ എപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രതികരിച്ചു.
Story Highlights – Supreme Court – farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here