ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ വിരിച്ച സംഭവം; പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ദേശീയ പതാക വിരിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധം

വിജയാഘോഷത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ വിരിച്ച പാലക്കാട് നഗരസഭയുടെ ചുവരിന്മേല്‍ ദേശീയ പതാക വിരിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധം. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ടി എം ശശിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ നഗരസഭ ഓഫീസിനകത്തേക്ക് തള്ളിക്കയറി ദേശീയ പതാക ചുവരില്‍ വിരിച്ചത്. അതേസമയം നഗരസഭ കെട്ടിടത്തിന് മുകളില്‍ ജയ് ശ്രീറാം ബാനര്‍ വിരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്ന് പ്രകടനമായെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരസഭ ഓഫീസിലേക്ക് തള്ളിക്കയറി ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ വിരച്ച അതേ ചുവരില്‍ ദേശീയ പതാക വിരിക്കുകയായിരുന്നു. നഗരസഭ സെക്രട്ടറിയുടെ പരാതിയിന്‍മേല്‍ ടൗണ്‍ സൗത്ത് പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭാ സെക്രട്ടറി പരാതി നല്‍കിയത്.

സംഭവ സമയത്തെ വിഡിയോ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പ്രതിപട്ടിക തയ്യാറാക്കാനാണ് പൊലീസിന്റെ തീരുമാനം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറും രണ്ട് കൗണ്‍സിലര്‍മാരുമുള്‍പ്പെടെ 15 ബിജെപി പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. എന്നാല്‍ സംഭവത്തില്‍ സുരക്ഷ വീഴ്ചയുണ്ടായിട്ടില്ലെന്ന് പാലക്കാട് എസ്പി സുജിത് ദാസ് വിശദീകരിച്ചു.

ബാനര്‍ നഗരസഭ കെട്ടിടത്തിന് മുകളില്‍ വിരിച്ചത് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധവും മത സ്പര്‍ദ്ധ വളര്‍ത്താനുതകുന്നതുമെന്ന് ചൂണ്ടിക്കാട്ടി സിപിഐഎമ്മും കോണ്‍ഗ്രസും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ബാനറുമായി ഒരു ബന്ധവുമില്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

Story Highlights – DYFI – national flag-Palakkad municipality building

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top