നായയെ കാറിൽ കെട്ടിവലിച്ച സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

നായയെ കാറിൽ കെട്ടിവലിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. കുന്നുകര സ്വദേശി യൂസഫിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. വാഹന പെർമിറ്റ് ഒരു മാസത്തേക്കും റദ്ദ് ചെയ്തു. എറണാകുളം ആർ.ടി.ഒ ബാബു ജോണിന്‍റെ നിർദേശപ്രകാരം പറവൂർ ജോയിന്റ് ആർ.ടി.ഒ രാജീവാണ് നടപടി സ്വീകരിച്ചത്. നേരത്തെ യൂസഫിന്റെ ലൈസൻസ് റദ്ദാക്കാൻ ഗതാഗത മന്ത്രി ഉത്തരവിട്ടിരുന്നു.
യൂസഫിന് തിങ്കളാഴ്ച കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെയാണ് നടപടി സ്വീകരിച്ചത്. മൂന്നു മാസത്തേക്ക് എല്ലാ തരത്തിലുള്ള മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ നിന്നും വിലക്കി.
Read Also :നായയെ ഓടുന്ന വണ്ടിയിൽ കെട്ടിവലിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ
ഇക്കഴിഞ്ഞ പതിനൊന്നാം തീയതിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 30 കിലോമീറ്ററോളം വേഗത്തിൽ പാഞ്ഞ കാറിന്റെ ഡിക്കിയിൽ നായയെ ബന്ധിച്ച് വലിച്ചുകൊണ്ട് പോവുകയായിരുന്നു. ഓടി തളർന്നു അവശനായി വീണ നായയെ റോഡിലൂടെ വലിച്ചിഴച്ചു. ദൃശ്യങ്ങൾ പകർത്തിയ അഖിൽ എന്ന യുവാവ് കാറിനെ മറികടന്ന് തടഞ്ഞു നിർത്തുകയായിരുന്നു. അഖിലിനോട് കയർത്ത കാർ യൂസഫ് നായയുടെ കെട്ടഴിച്ചു വിട്ട ശേഷം മുങ്ങി. റോഡിൽ ഉരഞ്ഞ് ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു നായ. ഉച്ചയോടെ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കപ്പെട്ടതോടെ വ്യാപക പ്രതിഷേധമുയർന്നു.
Story Highlights – license of driver who dragged dog suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here