മാവേലിക്കര നഗരസഭയില്‍ സ്വതന്ത്രനെ കൂടെ നിര്‍ത്തി ഭരണം പിടിച്ചെടുക്കാന്‍ മുന്നണികള്‍

മാവേലിക്കര നഗരസഭയില്‍ സ്വതന്ത്രനെ കൂടെ നിര്‍ത്തി ഭരണം പിടിച്ചെടുക്കാന്‍ മൂന്ന് മുന്നണികളും ചര്‍ച്ചകള്‍ തുടരുന്നു. ആദ്യഘട്ടത്തില്‍ മന്ത്രി ജി.സുധാകരന്‍ വിമതന്റെ പിന്തുണ ആവശ്യമില്ലെന്ന് പറഞ്ഞെങ്കിലും സിപിഐഎമ്മിലെ ചില നേതാക്കള്‍ ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നതായാണ് സൂചനകള്‍. യുഡിഎഫ്, എന്‍ഡിഎ മുന്നണികളും ഇന്നലെ രാത്രി വൈകിയും സ്വതന്ത്രനായി മത്സരിച്ച വി.കെ.ശ്രീകുമാറുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
മാവേലിക്കര നഗരസഭ ആര് ഭരിക്കുമെന്നത് ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ പ്രദേശിക നേതാക്കള്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച വി. കെ. ശ്രീകുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇരു മുന്നണികളും അഞ്ച് വര്‍ഷവും വി. കെ. ശ്രീകുമാറിനെ ചെയര്‍മാനാക്കാന്‍ തയാറാണെന്ന് അറിയിച്ചതായാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് പാര്‍ട്ടി നേതാക്കള്‍ തയാറായിട്ടില്ല.
കഴിഞ്ഞ ദിവസം മന്ത്രി ജി. സുധാകരന്‍ വിമത സ്ഥാനാര്‍ത്ഥിയായ വി. കെ. ശ്രീകുമാറിനെ തള്ളി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ സിപിഐഎം പ്രദേശിക തലത്തില്‍ ശ്രീകുമാറിനെ അനുനയിപ്പിക്കാന്‍ നീക്കം നടത്തുന്നുണ്ട്. സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയ ശേഷം നിലപാട് വ്യക്തമാക്കുമെന്നാണ് ശ്രീകുമാറിന്റെ പ്രതികരണം. മവേലിക്കര നഗരസഭയിലും തഴക്കര പഞ്ചായത്തിലും സ്വതന്ത്രരെ കൂടെ നിര്‍ത്തുവാനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം, മാവേലിക്കരയില്‍ സ്വതന്ത്രനുമായും ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധിയുമായും യുഡിഎഫിന്റെ ചര്‍ച്ചകളും പുരോഗമിക്കുകയാണ്.
Story Highlights – Mavelikkara municipality
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here