‌’വിവാഹ ഫോട്ടോയുടെ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചു; എല്ലാവർക്കും അറിയേണ്ടത് ഹിന്ദു പെൺകുട്ടിയെ എങ്ങനെ കെട്ടി എന്നായിരുന്നു’

ഹിന്ദു ആചാരപപ്രകാരവും മുസ്ലീം ആചാരപ്രകാരവും ഇതര മതത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ സൈബർ‌ ആക്രമണം നേരിട്ടതിനെ കുറിച്ച് മാധ്യമപ്രവർത്തകൻ ബാദുഷ ജമാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നുകാട്ടി. കോട്ടയം പാല രാമപുരം സ്വ​ദേശിനി അനുഷ അമ്മുവിനെയാണ് ബാദുഷ വിവാഹം ചെയ്തത്. ഡിസംബർ പതിമൂന്നിന് ഹിന്ദു ആചാരപ്രകാരവും തൊട്ടടുത്ത ദിവസം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരവും പതിനാറാം തീയതി മുസ്ലീം ആചാരപ്രകാരവും വിവാഹം നടന്നു. ഇതിനിടെ പലതവണ വിവാഹം മുടങ്ങിയെന്ന തരത്തിൽ പ്രചാരണം നടന്നു. സൈബർ ആക്രമണം ഇപ്പോഴും തുടരുകയാണ്. ഇതോപ്പറ്റി ട്വന്റിഫോറിനോട് പ്രതികരിക്കുകയാണ് ബാദുഷ ജമാൽ‌.

അനുഷയുമായി നേരത്തേ പരിചയമുണ്ടായിരുന്നതായി ബാദുഷ പറയുന്നു. അനുഷയുടെ വീട്ടുകാരാണ് വിവാഹാലോചന കൊണ്ടുവന്നത്. തന്റെ വീട്ടുകാർക്കും എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ ദൂരക്കൂടുതലും രണ്ട് മതത്തിന്റെ പേരിൽ പിന്നീടുണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെ കരുതിയും വിവാഹം വേണ്ടെന്നുവന്നു. അനുഷയുടെ വീട്ടുകാർ‌ വീണ്ടും ആലോചനയുമായി വന്നതോടെ വിവാഹത്തിന് സമ്മതം മൂളുകയായിരുന്നുവെന്ന് ബാദുഷ പറയുന്നു.

ജനുവരി 26 ന് രണ്ട് മതാചാരപ്രകാരവും വിവാഹ നിശ്ചയം നടത്തി. സെപ്റ്റംബർ പതിമൂന്നിനാണ് വിവാഹം തീരുമാനിച്ചത്. കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ വിവാഹം ഡിസംബർ പതിമൂന്നാം തീയതിയിലേക്ക് മാറ്റി. രണ്ട് മതാചാരപ്രകാരവും വിവാഹിതനാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചു. നേരിട്ട് ആരും ഒരു പ്രശ്നവും പറഞ്ഞിട്ടില്ല. പതിമൂന്നിന് പാലായിൽ വച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം നടന്നു. താലികെട്ട് ചടങ്ങും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇത് വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കി. മതമൗലിക വാദികൾ രം​ഗത്തെത്തി. ഒരു മുസ്ലീമായ താൻ ഹിന്ദു പെൺകുട്ടിയെ എങ്ങനെ വിവാഹം ചെയ്തു എന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നതെന്ന് ബാദുഷ പറഞ്ഞു.

തന്റെ വിവാഹവുമായി ബന്ധപ്പെട്ട് വ്യാപക പ്രചാരണം നടന്നതിനെ കുറിച്ച് അറിഞ്ഞിരുന്നില്ല. ഇതിനിടെ പതിനാലാം തീയതി രജിസ്റ്റർ മാര്യേജ് നടന്നു. പതിനഞ്ചാം തീയതി മാര്യേജ് സർട്ടിഫിക്കറ്റ് ലഭിച്ചു. പതിനാറാം തീയതിയിലെ വിവാഹം നടക്കാതിരിക്കാൻ പല ശ്രമങ്ങളും ഉണ്ടായി.
കല്ല്യാണം മുടങ്ങിയെന്ന് അറിഞ്ഞല്ലോ എന്നൊക്കെ പലരും വീട്ടുകാരോട് വന്നു ചോദിച്ചു. വിവാഹം നടക്കുമെന്നു തന്നെയായിരുന്നു അവർക്ക് നൽകിയ മറുപടി. പതിനഞ്ചാം തീയതി അർദ്ധരാത്രിവരെ പ്രശ്നങ്ങൾ ഉണ്ടായി. നിക്കാഹ് തീരുമാനിച്ച പതിനാറിന് മണ്ഡപത്തിൽ എത്തിയപ്പോൾ ആരും ഉണ്ടായിരുന്നില്ല. വിവാഹം മുടങ്ങിയെന്ന പ്രചാരണം പലരും വിശ്വസിച്ചിരുന്നു. പിന്നീട് രണ്ട് മണിക്കൂറൊക്കെ കഴിഞ്ഞാണ് ആളുകൾ വന്നു തുടങ്ങിയതെന്നും ബാദുഷ വ്യക്തമാക്കി.

ആദ്യമൊക്കെ മഹല്ല് കമ്മറ്റിക്ക് എതിർപ്പുണ്ടായിരുന്നു. മഹല്ല് കമ്മറ്റിക്കുമേലുണ്ടായ സമ്മർദത്തെ തുടർന്നായിരുന്നു അത്. പിന്നീട് കാര്യങ്ങൾ മനസിലാക്കി മഹല്ല് കമ്മിറ്റിക്കാരും വിവാഹത്തിന് സഹകരിച്ചു. വിചാരിച്ചതിലും നല്ല രീതിയിലാണ് വിവാഹം നടന്നത്. എന്നാൽ ഇപ്പോഴും സൈബർ ആക്രമണമുണ്ട്. ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത ചിത്രങ്ങൾക്ക് താഴെ പലരും മോശം കമന്റിട്ടു. തെറി വാക്കുകളാണ് പലരും ഉപയോ​ഗിച്ചത്. നേരിട്ട് പ്രശ്നങ്ങൾ പറഞ്ഞാൽ മനസിലാകും. പക്ഷേ സൈബർ ആക്രമണത്തിന് പ്രതിവിധിയില്ലെന്നും ബാദുഷ കൂട്ടിച്ചേർത്തു.

Story Highlights – Badusha jamal, Marriage

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top