ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്

ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്. ടി.എൻ പ്രതാപൻ എംപിയാണ് കത്തയച്ചത്. ഭരണഘടനയുടെ 163 , 174(1) അനുച്ഛേദ പ്രകാരം നിയമസഭ യോഗം ചേരുന്നത് നിഷേധിച്ച ഗവർണറെ തിരിച്ചുവിളിക്കണമെന്നാണ് ആവശ്യം.
രാജ്യ വ്യാപകമായി പ്രതിഷേധം ഉയർന്നിരിക്കുന്ന കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് നാളെ നിയമസഭാ സമ്മേളനം ചേരില്ല. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വിശദീകരണം ഗവർണർ തള്ളി. പ്രത്യേക സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നടപടി.
കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്. പ്രതിപക്ഷവും ഇതിനെ പിന്തുണച്ചിരുന്നു. തുടർന്ന് നിയമസഭാ സമ്മേളനത്തിനായി സർക്കാർ ഗവർണറുടെ അനുമതി തേടി. സംഭവത്തിൽ വിശദീകരണം ആരാഞ്ഞ ഗവർണർ അനുമതി നിഷേധിച്ച് ഫയൽ മടക്കി അയയ്ക്കുകയായിരുന്നു.
നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി വിമർശിച്ചു. ഗവർണറുടെ നടപടിക്കെതിരെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി വി.എസ് സുനിൽകുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി ജോസഫ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
Story highlights: Letter to the President requesting the recall of the Governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here