കെവിന് ശേഷം അനീഷും; കേരളത്തിൽ ജാതീയത ഇപ്പോഴും കൊടികുത്തി വാഴുന്നു

aneesh after kevin cast system still prevails in kerala

-ശ്രീജിത്ത് ശ്രീകുമാരൻ

കെവിന് ശേഷം അനീഷും….. കേരളത്തിൽ ആവർത്തിക്കപ്പെടരുതെന്ന് പൊതുസമൂഹം ഉറക്കെ വിളിച്ചം പറയുമ്പോഴും ജാതീയത ഇപ്പോഴും പലരുടേയും മനസിൽ കൊടികുത്തി വാഴുന്നു എന്നതിൻ്റെ തെളിവ് കൂടിയാണ് തേൻ കുറിശ്ശിയിലെ അനീഷ്….. ഇതിനു മുൻപും ഭീഷണിയുണ്ടായിരുന്നുവെന്ന് അനീഷിൻ്റെ ബന്ധുക്കൾ പറഞ്ഞു കൊണ്ടേയിരിക്കുന്നത് മനസുള്ളവൻ്റെ മനസാക്ഷിയെ പിടിച്ച് ഉലയ്ക്കുന്നതാണ്….

ജാതി ബോധവും…. അതിലപ്പുറം സമ്പത്തിൻ്റെ വലിപ്പചെറുപ്പവും മലയാളിയുടെ മനസിൻ്റെ അടച്ചിട്ട കോണിൽ നിന്ന് പുറത്ത് ചാടി രാക്ഷസ രൂപം കൊണ്ട കാഴ്ച്ച …. അങ്ങനെ മാത്രമാണ് തേൻ കുറിശ്ശിയിലെ അഭിമാനമില്ലാത്തവരുടെ ക്രൂരതയെ വിശേഷിപ്പിക്കാനാകൂ…..നീണ്ട നാളത്തെ പ്രണയത്തിന് ശേഷം മൂന്ന് മാസം മുൻപാണ് ഹരിത അനീഷിനൊപ്പം പോയത്…… അതും പൊലീസ് മധ്യസ്ഥതയിൽ…. എല്ലാം സ്റ്റേഷനിൽ വെച്ച് സമ്മതിച്ച് മിണ്ടാതെ പോയ പിതാവും, അമ്മാവനുമാണ് ക്രിസ്മസ് ദിനത്തിൽ കൊലക്കത്തിയെടുത്ത് അനീഷിന് മരണവിധിയെഴുതിയത്…. മകൾക്ക് അകാല വൈധവ്യവും….

അനീഷിനെ വഴിയരികിൽ വെച്ച് കണ്ട അമ്മാവൻ സുരേഷ് , ഹരിതയുടെ അച്ഛൻ പ്രഭുകുമാറിനേയും കൂട്ടി വന്ന് വഴിയരികിൽ വെച്ച് കുത്തി വീഴ്ത്തുകയായിരുന്നു. തുടയിൽ ആഴത്തിലുള്ള രണ്ട് മുറിവുകൾ…. നിലയ്ക്കാത്ത രക്തസ്രാവത്തിനൊപ്പം ആ ചെറുപ്പക്കാരനും കാലം കടന്നു പോയി…. പ്രതികളെ എത്രയും പെട്ടന്ന് പിടിക്കാനായതിൽ പൊലീസിന് അഭിമാനിക്കാം…. പക്ഷെ ആ പിതാവിൻ്റെ ചോദ്യമിപ്പോഴും ഉത്തരം കിട്ടാതെ നിൽപുണ്ട്…. ഭീഷണിയെന്ന് പരാതി പറഞ്ഞിട്ടും എന്ത് കൊണ്ട് നടപടി ഉണ്ടായില്ല…

തൻ്റെ പ്രിയതമൻ്റെ ശരീരം ചേർത്ത് പിടിച്ച് ഹരിത അവസാനവും നിലവിളിച്ചത് എനിക്കെൻ്റ വീട്ടിൽ പോകണ്ട എന്നാണ്…

അതെ ജാതീയത ഉമ്മറക്കസേരയിൽ നിന്ന് മാത്രമാണ് പോയിട്ടുള്ളത്…. അത് അടുക്കള വാതിൽ തുറന്ന് അകത്ത് ഒളിച്ചിരിപ്പുണ്ട്…..

Story Highlights – palakkad, honor killing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top