Advertisement

എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

December 27, 2020
Google News 2 minutes Read

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയവും സംസ്ഥാന കോൺഗ്രസിലെ പ്രശ്‌നങ്ങളും വിലയിരുത്താൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നാളെയും അദ്ദേഹം സംസ്ഥാനത്ത് തുടരും. കൂടിക്കാഴ്ചകളിൽ പാർട്ടി പുനഃസംഘടനയുൾപ്പെടെ ചർച്ചയാകുമെന്നാണ് സൂചന.

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന കോൺഗ്രസ്സിൽ പൊട്ടിത്തെറിയുടെ അന്തരീക്ഷം ഉടലെടുത്തതോടെയാണ് പ്രശ്‌നങ്ങളിൽ ഹൈക്കമാന്റ് അടിയന്തരമായി ഇടപെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, മുതിർന്ന നേതാക്കൾ തമ്മിലുളള പരസ്യ വാക്‌പോരും, നേതാക്കൾക്കെതിരെ വ്യാപകമായി പോസ്റ്ററുകളുയർന്നതും, സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പടെ വ്യാപകമായ പരാതികൾ ഹൈക്കമാൻഡിന് മുന്നിലെത്തിയതും ഗൗരവത്തോടെയാണ് കേന്ദ്രനേതൃത്വം കാണുന്നത്. നേതൃമാറ്റമെന്ന ആവശ്യം ശക്തമാണെങ്കിലും മൂന്ന് മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ വലിയ പൊളിച്ചെഴുത്ത് പ്രയാസമാണെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ തുടർന്നേക്കും.

എന്നാൽ, താരിഖ് അൻവരുമായുള്ള കൂടിക്കാഴ്ചയിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ മുല്ലപ്പള്ളിക്കെതിരെ നേതാക്കൾ നിലപാട് സ്വീകരിക്കുമോ എന്നത് പ്രധാനമാണ്. യുഡിഎഫ് കൺവീനർ എംഎം ഹസനെതിരെയും വിമർശനമുർന്നിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ രാഷ്ട്രീയകാര്യ സമിതിയിൽ വിമർശനമുന്നയിച്ചവർ താരിഖ് അൻവറിനോടും ഈ വിമർശനമുന്നയിക്കുമോ എന്നതും എല്ലാവരും ഉറ്റനോക്കുന്നുണ്ട്. പല ഡിസിസി പ്രസിഡന്റുമാർക്കെതിരെയും പ്രതിഷേധം ശക്തമാണ്. പലജില്ലാ കമ്മിറ്റുകളും പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം ഹൈക്കമാന്റ് പരിഗണിക്കാനാണ് സാധ്യത. ഇന്നലെ സംസ്ഥാനത്ത് എത്തിയ താരിഖ് അൻവർ രണ്ടു ദിവസം സംസ്ഥാനത്ത് തുടരും.

Story Highlights – AICC General Secretary Tariq Anwar will meet the leaders today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here