കുഞ്ഞാലിക്കുട്ടിയുടെ രാജി അനുചിതമാകും എന്ന് കോൺഗ്രസ്സ് മുസ്ലിം ലീഗിനെ അറിയിക്കും

Congress Muslim League Kunhalikutty

കുഞ്ഞാലിക്കുട്ടിയുടെ രാജി അനുചിതമാകും എന്ന് കോൺഗ്രസ്സ് മുസ്ലിം ലീഗിനെ അറിയിക്കും. ലീഗിന് ഗുണമാകുമെങ്കിലും കോൺഗ്രസ്സിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിയ്ക്കുന്ന നീക്കമായി കുഞ്ഞാലിക്കുട്ടിയുടെ രാജി മാറും എന്ന് നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ച സാഹചര്യത്തിലാണ് തിരുമാനം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ ലോകസഭാ അംഗങ്ങളും രാജിവച്ച് മത്സരിയ്ക്കേണ്ട എന്നും കോൺഗ്രസ്സ് ദേശിയ നേതൃത്വം നിലപാട് സ്വീകരിയ്ക്കും. സംസ്ഥാനത്തെ മുതിർന്ന നേതാക്കളെയും യുവാക്കളെയും ഒരു പോലെ പരിഗണിയ്ക്കുക എന്ന തന്ത്രമാകും കോൺഗ്രസ് സംസ്ഥാനത്ത് സ്വീകരിയ്ക്കുക.

സിറ്റിംഗ് സീറ്റ് ഉപേക്ഷിച്ച് നിയമസഭാ പോരാട്ടത്തിന് കുഞ്ഞാലിക്കുട്ടി ഇറങ്ങാൻ തീരുമാനിച്ച കാര്യം കോൺഗ്രസ്സ് ദേശിയ നേതൃത്വത്തിന് ഇപ്പോഴും ഔദ്യോഗികമായി അറിയില്ല. എന്നാൽ, കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളിൽ ഒരു വിഭാഗം ഇക്കാര്യം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ലീഗിന്റെ തീരുമാനം അവർക്ക് നേട്ടമാകുമ്പോൾ കോൺഗ്രസ്സിന് വലിയ തിരിച്ചടി ഉണ്ടാക്കും എന്നാണ് കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടുള്ളത്. പ്രശ്നത്തിന്റെ ഗൗരവം ഹൈക്കമാൻഡിന് ബോധ്യപ്പെട്ടെങ്കിലും ധൃതിപിടിച്ചുള്ള ഒരു ഇടപെടൽ വേണ്ട എന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തിരുമാനം. പകരം ലീഗ് കുഞ്ഞാലിക്കുട്ടിയുടെ രാജി ഔദ്യോഗികമായി അറിയിക്കുമ്പോൾ ഇക്കാര്യത്തിലെ അനൗചിത്യം കോൺഗ്രസ് ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടും. ഇക്കാര്യത്തിൽ കോൺഗ്രസ്സിന് പ്രതികൂലമാകുന്ന രാഷ്ട്രീയ തിരുമാനത്തിൽ നിന്ന് പിന്തിരിയണം എന്ന് തന്നെ ആവശ്യപ്പെമെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നു.

സിറ്റിംഗ് എം.പി മാർ നിയമസഭയിലേക്ക് മത്സരിയ്ക്കുന്ന കാര്യത്തിൽ ഒരു പൊതുമാനദണ്ഡം കോൺഗ്രസ് പാലിയ്ക്കുന്നുണ്ട്. എറ്റവും ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ഒരു എം.പി മത്സരിയ്ക്കേണ്ടത് വിജയത്തിന് അനിവാര്യമാകണം എന്നതാണ് വ്യവസ്ഥ. കേരളത്തിൽ നിന്ന് അഞ്ചോളം എം.പി മാരാണ് സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കാൻ നേരിട്ടും പരോക്ഷമായും താത്പര്യം അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്തേത് പ്രത്യേക സാഹചര്യമായി പരിഗണിയ്ക്കണം എന്നായിരുന്നു ആവശ്യം. ഇക്കാര്യത്തിൽ ഇതുവരെ മൗനം അവലംബിച്ച കോൺഗ്രസ് നേതൃത്വം ഈ പ്രവണതയും വേണ്ട എന്ന തിരുമാനം കൈക്കൊണ്ടു. എതെങ്കിലും അനുകൂല രാഷ്ട്രീയ ചലനങ്ങൾക്ക് കാരണമാകും എന്ന് സംസ്ഥാന നേതൃത്വം ഐകകണ്ഠേന അറിയിച്ചാൽ മാത്രമാകും എം.പി. മാരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിയ്ക്കുന്ന കാര്യത്തിൽ ചർച്ചയ്ക്ക് ഇനി ഹൈക്കമാൻഡ് തയ്യാറാകുക.

Story Highlights – The Congress will inform the Muslim League that Kunhalikutty’s resignation will be inappropriate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top