2020ൽ ഇന്ത്യ കടന്ന് പോയത് ഈ 100 പ്രധാന സംഭവവികാസങ്ങളിലൂടെ

2020 വിടപറയുകയാണ്. ഈ വർഷം കൊറോണയും ലോക്ക്ഡൗണുമായി ലോകമെമ്പാടുമുള്ള ജനങ്ങൾ കടന്നുപോയത് ഇതുവരെ പരിചയിച്ചിട്ടില്ലാത്ത ജീവിതരീതിയിലും, സംഭവവികാസങ്ങളിലൂടെയുമായിരുന്നു. പുതുവർഷം പിറക്കും മുൻപ് നാം അനുഭവിച്ചതും, കടന്നുപോയതും കണ്ടും, കേട്ടും അറിഞ്ഞതുമായ ചില നിമിഷങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം…കാണാം ഇന്ത്യയിൽ നടന്ന 100 പ്രധാന സംഭവങ്ങൾ.

1- ജനുവരി 01

ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി ബിപിന്‍ റാവത്ത് ചുമതലയേറ്റു. ചരിത്രപരമായ നിയമനമെന്ന് പ്രധാനമന്ത്രിയുടെ അഭിനന്ദനം. ബിപിന്‍ റാവത്തിന്‍റെ നിയമനം മൂന്ന് വർഷത്തേക്ക്.

2- ജനുവരി 04

ക്രിക്കറ്റ് താരം ഇർഫാന്‍ പഠാന്‍ വിരമിച്ചു. ഇന്ത്യക്കായി കളിച്ചത് 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും, 24  ട്വന്‍റി 20 മത്സരങ്ങളും. പ്രഥമ ട്വന്‍റി20 ലോകകപ്പ് ഇന്ത്യ ഉയർത്തിയപ്പോള്‍ ഇർഫാനായിരുന്നു ഫൈനലിന്‍റെ താരം.

3- ജനുവരി 4

ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിൽ എടുത്ത മുന്‍ ഐഎഎസ് ഉദ്യോഗസഥൻ കണ്ണൻ ഗോപിനാഥനെ വിട്ടയച്ചു; അഭിപ്രായ പ്രകടനം നടത്താനുള്ള അവകാശം യുപി സർക്കാർ നിഷേധിച്ചെന്ന് കണ്ണൻ ഗോപിനാഥൻ. ഗോപിനാഥിനെ കസ്റ്റഡിയിലെടുത്തത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പരിപാടിയില്‍ പങ്കെടുക്കാനായി സംസ്ഥാനത്തെത്തിയപ്പോള്‍.

4- ജനുവരി 5

രാജസ്ഥാനിലെ ജോധ്പുരിലും ഗുജറാത്തിലെ രാജ്കോട്ടിലും നൂറിലേറെ ശിശുമരണം. ജോധ്പുരില്‍ മരിച്ചത് 146 കുഞ്ഞുങ്ങളും രാജ്കോട്ടില്‍ മരിച്ചത് 134 കുഞ്ഞുങ്ങളും.

5- ജനുവരി 5

ഡല്‍ഹി ജവഹർലാല്‍ നെഹ്രു സർവകലാശാലയില്‍ വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം; യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം 15 വിദ്യാർത്ഥികൾക്ക് ഗുരുതര പരുക്ക്; ആക്രമിച്ചത് എബിവിപി പ്രവർത്തകരും പുറത്ത് നിന്നെത്തിയവരുമെന്ന് വിദ്യാർത്ഥികൾ.

6- ജനുവരി 11

രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ഡിവൈഎസ്പി കശ്മീരില്‍ ഭീകർക്കൊപ്പം അറസ്റ്റില്‍. ഡിവൈഎസ്പി ദവീന്ദർ സിങ് അറസ്റ്റിലായത്  ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡർ നവീദ് ബാബു ഉള്‍പ്പെടെ 2 ഭീകരർക്കൊപ്പം. പാർലമെന്‍റ് ആക്രമണക്കേസില്‍ തൂക്കികൊന്ന യാസീന്‍ മാലിക് ദവീന്ദർ സിങിനെതിരെ മൊഴി നല്‍കിയിരുന്നു.

7- ജനുവരി 30

ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച കൊറോണ വൈറസ് ഇന്ത്യയിലും. രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയതത് തൃശൂരില്‍. വൈറസ് ബാധ സ്ഥിരീകരിച്ചത് വുഹാനിൽനിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിക്ക് .

8- ഫെബ്രുവരി 5

ചരിത്രനഗരമായ ജയ്പൂർ, യുനെസ്കോയുടെ പൈതൃകപട്ടികയിൽ.  സാക്ഷ്യപത്രം യുനെസ്കോ ഡയറക്ടർ ഓഡ്രി അസൗലെ കേന്ദ്ര നഗര വികസന വകുപ്പ് മന്ത്രി ശാന്തി ധരിവാളിന് നൽകി. അഹമ്മദാബാദിന് ശേഷം രാജ്യത്ത് യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ നഗരം.

9- ഫെബ്രുവരി 6

തമിഴ് സിനിമാ താരം വിജയ്‍യുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. ഭൂമിയുടെ ആധാരങ്ങളും നിക്ഷേപങ്ങളുടെ രേഖകളും പിടിച്ചെടുത്തു; ചോദ്യംചെയ്യൽ നീണ്ടു നിന്നത് മുപ്പത് മണിക്കൂറോളം; വിജയ്‌യുടെ ഭാര്യയേയും ചോദ്യം ചെയ്തു.

10- ഫെബ്രുവരി 11

ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിൽ; 70 അംഗനിയമസഭയില്‍ 62 സീറ്റും ആം ആദ്മിക്ക്. ബിജെപിയുടെ വിജയം 8 സീറ്റുകളിൽ മാത്രം; കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാനായില്ല.   വിജയത്തിന് ഡൽഹിയിലെ വോട്ടർമാർക്ക് നന്ദിയറിയിച്ച് അരവിന്ദ് കെജ്‍രിവാൾ

11- ഫെബ്രുവരി 15

ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ ഫ്ളൈറ്റ് എഞ്ചിനീയർ എന്ന റെക്കോർഡ് ചണ്ഡീഗഡ് സ്വദേശിനി ഹിന ജയ്സ്വാളിന്. ചരിത്രനേട്ടം കൈവരിച്ചത് യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലെ കഠിന പരിശീലനത്തിനൊടുവില്‍.  സ്വപ്നസാഫല്യമെന്ന് ഹിന ജയ്സ്വാള്‍.

12- ഫെബ്രുവരി 17

കരസേനയിൽ സുപ്രധാന തസ്തികകളിൽ വനിതകളെ നിയമിക്കാമെന്ന് സുപ്രിംകോടതി ; ഡൽഹി ഹൈക്കോടതി ഉത്തരവ് ശരിവച്ചു ; ഹൈക്കോടതി വിധി നടപ്പാക്കാത്ത കേന്ദ്രസർക്കാരിന് വിമർശനം ; സേനാ വിഭാഗങ്ങളിലെ ലിംഗ വിവേചനത്തിന് അവസാനമുണ്ടാകണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്

13- ഫെബ്രുവരി 18

കഴിഞ്ഞ 20 വർഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറസ് പുരസ്കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കർക്ക്. അവാർഡിനർഹമായത് 2011 ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം സചിനെ തോളിലിരുത്തിയുള്ള ഇന്ത്യയുടെ വിജയാഘോഷം. ലോറസ്  അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സചിന്‍.

14- ഫെബ്രുവരി 20

ജെ.പി.നദ്ദ  ബിജെപി ദേശിയ അധ്യക്ഷന്‍. തെരഞ്ഞെടുപ്പ് ഐകകണ്ഠേന; സംഘടനാ ചുമതല കൃത്യമായി നിറവേറ്റുന്ന നേതാവാണ് നദ്ദയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; നദ്ദ പദവിയിലെത്തുന്നത് അമിത് ഷാ സ്ഥാനമൊഴിഞ്ഞതോടെ

15- ഫെബ്രുവരി 23

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘർഷം. മുസ്ലീം വിഭാഗങ്ങള്‍ക്കെതിരെ ആസൂത്രിതമായ ആക്രമണം നടന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. കലാപം നിയന്ത്രിക്കുന്നതില്‍ ഡല്‍ഹി പോലീസിന് വീഴ്‍ച്ച പറ്റിയെന്നും ആക്ഷേപം. 53 മരണം. 400 ലധികം പേർക്ക് പരുക്കേറ്റു.

16- ഫെബ്രുവരി 24

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്  ഉജ്ജ്വല വരവേൽപ് ; അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ  പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു; മൊട്ടേര സ്റ്റേഡിയത്തിൽ ട്രംപിനെ വരവേറ്റ് പതിനായിരങ്ങൾ ; അമേരിക്ക എല്ലാക്കാലവും ഇന്ത്യയുടെ വിശ്വസ്ത സുഹൃത്തായിരിക്കുമെന്ന് ഡോണൾഡ് ട്രംപ്;

17- ഫെബ്രുവരി 24

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്ക് തുടക്കം. ഇന്ത്യയിലെ 1.01 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ 2000 രൂപ വീതം നിക്ഷേപിച്ചു.  പദ്ധതിയുടെ ഉദ്ഘാടനം നടന്നത് ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ.

18- മാർച്ച് 1

കൊറോണ വൈസ് ബാധയെ തുടർന്ന് ചൈനയിലെ വുഹാനിൽ കുടങ്ങിയ ഇന്ത്യക്കാരുടെ സംഘം ഡൽഹിയിലെത്തി; 324 പേരുടെ സംഘത്തിൽ 42 മലയാളികളും; ആറു പേർക്ക് പനിയെ തുടർന്ന് വുഹാനിൽ നിന്നും മടങ്ങാനായില്ല; തിരിച്ചെത്തിയവർ ആശുപത്രിയിൽ നിരീക്ഷണത്തിൽ;  ചൈനയിലേക്ക് രണ്ടാമത്തെ വിമാനവും പുറപ്പെട്ടു;

19- മാർച്ച് 04

ക്രിപ്റ്റോ കറന്‍സി നിരോധനം സുപ്രീം കോടതി റദ്ദാക്കി. നിർണായക വിധി റോഹിന്‍റണ്‍ നരിമാന്‍, അനിരുദ്ധ ബോസ്, വി. രാമസുബ്രഹ്മണ്യന്‍ എന്നിവരുടെ ബെഞ്ചിന്‍റേത്. ഇതോടെ ബിറ്റ്കോയിന്‍ അടക്കമുള്ള ഇടപാടുകള്‍ നിയമവിധേയം.

20- മാർച്ച് 11

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ; ജെ.പി.നദ്ധയിൽ നിന്ന് അംഗത്വം സ്വീകരിച്ചു; കമല്‍നാഥ് സർക്കാരിൽ വ്യാപക അഴിമതിയെന്ന് വിമർശനം; മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി.

21- മാർച്ച് 12

രാജ്യത്ത് ആദ്യ കൊവിഡ് മരണം; മരിച്ചത് കർണാടക കല്‍ബുർഗി സ്വദേശി. 76 വയസായിരുന്നു.

22- മാർച്ച് 13

കൊവിഡിനെ പ്രഖ്യാപിത ദുരന്തമാക്കി കേന്ദ്ര ഉത്തരവ്. രോഗപ്രതിരോധത്തിനുള്ള തുക സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽനിന്നെടുക്കാം. അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ വകുപ്പിന് കടുത്ത നടപടികള്‍ സ്വീകരിക്കാനും അനുമതി.

23- മാർച്ച് 16

സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി രാജ്യസഭയിലേക്ക്; രാഷ്ട്രപതി രാംനാഥ് കോവിന്ദ് പേര് ശുപാർശ ചെയ്തു; ബി.ജെ.പിയുടെ പ്രത്യുപകാരമെന്ന് കോൺഗ്രസ്.

24- മാർച്ച് 18

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവെച്ചു; പ്രഖ്യാപനം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെ. കമല്‍നാഥ് സർക്കാർ പ്രതിസന്ധിയിലായത് ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയർപ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാർ രാജിവെച്ചതോടെ. സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന് കമൽനാഥ്.

25- മാർച്ച് 18

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം പി.കെ.ബാനർജി അന്തരിച്ചു; അന്ത്യം കൊൽക്കത്തയിൽ; വിടവാങ്ങിയത് ഇന്ത്യയ്ക്കായി 84 രാജ്യാന്തര മൽസരങ്ങളിൽ ബൂട്ടണിഞ്ഞ ഫുട്ബോളർ

26- മാര്‍ച്ച് 20

നിർഭയ കേസിലെ നാല് പ്രതികളേയും തൂക്കിലേറ്റി; തിഹാർ ജയിലിൽ വിധി നടപ്പാക്കിയത് പുലർച്ചെ 5.30ന്; പ്രതികളുടെ മൃതദേഹം പോസ്റ്റ്മോ.ർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി; നീതിക്കായുള്ള പോരാട്ടം ഫലം കണ്ടെന്ന് നിർഭയയുടെ മാതാപിതാക്കൾ; നീതി നടപ്പായെന്ന് പ്രധാനമന്ത്രി.

27- മാർച്ച് 21

കൊവിഡ് നിയന്ത്രണം കർശനമാക്കി രാജ്യം; കൂടുതൽ നഗരങ്ങൾ അടച്ചു; ഗോവയിലും പുതുച്ചേരിയിലും
നിരോധനാജ്ഞ; കടുത്ത നടപടികൾ പ്രഖ്യാപിച്ച് സംസ്ഥാനങ്ങൾ    

28- മാർച്ച് 22

പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യുവില്‍ രാജ്യം നിശ്ചലം. വൈകിട്ട് അഞ്ചിന് വീടിന് പുറത്തെത്തിയ ജനങ്ങള്‍ കൈകളും പാത്രങ്ങളും കൊട്ടി ആരോഗ്യപ്രവർത്തകർക്ക് നന്ദി അറിയിച്ചു. ട്രെയിൻ ഗതാഗതം അർധരാത്രി മുതൽ നിർത്തി വെച്ചു. ; മഹാരാഷ്ട്രയിൽ നിരോധനാജ്ഞ ;

29- മാർച്ച് 23


മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാന്‍ സത്യപ്രതിജ്ഞ. തുടർച്ചയായി 15 വർഷം മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ഭരണചുമതലയില്‍ വീണ്ടുമെത്തുന്നത് ഒന്നര വർഷത്തെ ഇടവേളക്കു ശേഷം. ചൗഹാനെ അധികാരത്തിലെത്തിച്ചത് ജോതിരാദിത്യ സിന്ധ്യയും സംഘവും കോണ്‍ഗ്രസ് വിട്ടത്.

30- മാർച്ച് 24

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ. പ്രഖ്യാപനം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം അടച്ചിടുക അർധരാത്രി മുതല്‍ 21 ദിവസത്തേക്ക്. എവിടെയാണോ അവിടെ തുടരാന്‍ ജനങ്ങളോട് പ്രധാനമന്ത്രിയുടെ നിർദേശം.

31- മാർച്ച് 28

രാജ്യമെങ്ങും കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപലായനം. ലോക്ക്ഡൗണില്‍ മഹാനഗരങ്ങളില്‍ കുടുങ്ങിയ തൊഴിലാളികളാണ് ഗ്രാമത്തിലേക്ക് കാല്‍നടയായി പലായനം  നടത്തുന്നത്. കുട്ടികളടക്കം നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് നടന്ന് പോവുന്നതിന്‍റെ ദൃശ്യങ്ങള്‍ ലോകമനസാക്ഷിയെ നൊമ്പരപ്പെടുത്തി.

32- മാർച്ച് 29

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു. മരണം 27.  പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് 229 പേർ.

33- മാർച്ച് 30

ന്യൂഡൽഹി നിസാമുദ്ദീനിൽ  തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഇരുനൂറോളം പേരെ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയ ഏതാനും പേർ രോഗബാധയെ തുടർന്ന് മരിച്ചതായും റിപ്പോർട്ട്.  നിസാമുദ്ദീന്‍ മർക്കസില്‍നിന്ന് ഒഴിപ്പിച്ചവരെ ക്വാറന്‍റീനയിലേക്ക് മാറ്റി.

34- ഏപ്രിൽ 14

രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടി. രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് 3 വരെ. നടപടി കൊവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന സംസ്ഥാനങ്ങളുടെ നിർദേശം പരിഗണിച്ച്

35- ഏപ്രിൽ 19

രാജ്യത്തെ കൊവിഡ് മരണം 500 കടന്നു. 24 മണിക്കൂറിനിടെ മരിച്ചത് 36 പേർ. രോഗബാധിതരുടെ എണ്ണം 17,265 ആയും വർദ്ധിച്ചു.

36- ഏപ്രിൽ 29

പ്രമുഖ ബോളിവുഡ് താരം ഇർഫാൻ ഖാൻ അന്തരിച്ചു. മരണം അർബുദ ബാധിതനായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ. 53 വയസായിരുന്നു. അകാലത്തില്‍ വിടപറഞ്ഞത് രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍. മികച്ച നടനുള്ള ദേശീയ  പുരസ്കാരവും പത്മശ്രീയുമടക്കം നിരവധി പുരസ്കാരങ്ങള്‍ നേടി.

37-ഏപ്രിൽ 30

ബോളിവുഡ് നടനും നിർമാതാവുമായ ഋഷി കപൂർ അന്തരിച്ചു.  അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 1970 ല്‍ പുറത്തിറങ്ങിയ മേരാ നാം ജോക്കർ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം. നടന്‍ രണ്‍ബീർ കപൂർ മകനാണ്.

38- മെയ് 7

കൊവിഡ് പശ്ചാത്തലത്തില്‍ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന് തുടക്കം. ആദ്യ സംഘം കൊച്ചിയില്‍ പറന്നിറങ്ങി. അബുദാബിയില്‍ നാട്ടിലെത്തിച്ചത് 182 യാത്രക്കാരെ.

39- മെയ് 7

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ രാസവസ്തുനിർമാണ ശാലയിൽ വാതക ചോർച്ച. 2 കുട്ടികള്‍ ഉള്‍പ്പെടെ 13 മരണം. ചോർച്ചയുണ്ടായത് ദക്ഷിണ കൊറിയൻ കമ്പനിയായ എൽ.ജി.കെമ്മിന്‍റെ പോളിമർ പ്ലാന്‍റിൽ.

40-മെയ് 20

രാജ്യത്തിന്‍റെ കിഴക്കൻ മേഖലകളിൽ ആശങ്ക വിതച്ച് ഉംപുൻ ചുഴലിക്കാറ്റ്. പശ്ചിമബംഗാളില്‍ സാരമായ നാശനഷ്ടങ്ങള്‍. ഒഡീഷയിലും നിരവധി ഗ്രാമങ്ങള്‍ വെളളത്തിനടിയിൽ.

41- ജൂൺ 2

മഹാരാഷ്ട്ര- ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ച് നിസർഗ ചുഴലിക്കാറ്റ്. നൂറ്റാണ്ടിനിടെ മുംബൈ മഹാനഗരം നേരിടുന്ന ആദ്യ കൊടുങ്കാറ്റ്. നാല്‍പതിനായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു.

42- ജൂൺ 7

പ്രമുഖ കന്നഡ സിനിമ താരം  ചിരഞ്ജീവി സർജ അന്തരിച്ചു. മരണം ഹൃദയാഘാതത്തെ തുടർന്ന്. 39 വയസായിരുന്നു. സിനിമാതാരം മേഘ്ന രാജാണ് ഭാര്യ. ഇരുവരും വിവാഹിതരായത് 2018 ല്‍

43- ജൂണ്‍ 8

അടച്ചിടല്‍ അവസാനിപ്പിച്ച് രാജ്യം. കൂടുതല്‍ ഇളവുകള്‍ നല്‍കി അണ്‍ലോക്ക് വണ്‍ നിലവില്‍ വന്നു. ലോക്ക്ഡൗണ്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ മാത്രം. അന്തർ സംസ്ഥാനയാത്രകള്‍ക്കും സംസ്ഥാനങ്ങള്‍ക്ക് അകത്തുമള്ള യാത്രകള്‍ക്കും നിയന്ത്രണങ്ങളില്ല.

44- ജൂണ്‍ 11

കടുവ കണക്കെടുപ്പില്‍ ഇന്ത്യക്ക് അഭിമാന നേട്ടം. 2018 ല്‍ നടന്ന നാലാമതു കണക്കെടുപ്പില്‍ രാജ്യത്തെ വിവിധ വനമേഖലകളില്‍ കണ്ടെത്തിയത് 2967 കടുവകളെ.ലോകത്തെ കടുവകളുടെ 75 ശതമാനും ഇന്ത്യന്‍ വനങ്ങളില്‍. 2014 നെ അപേക്ഷിച്ച് 33 ശതമാനത്തിന്‍റെ വർധന.

45- ജൂൺ 14

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്ത് ആത്മഹത്യ ചെയ്തു.  മൃതദേഹം കണ്ടെത്തിയത് മുംബൈയിലെ ബാന്ദ്രയിലെ വസതിയിൽ തുങ്ങി മരിച്ച നിലയില്‍. 34 വയസ്സായിരുന്നു. സുശാന്തിന്‍റെ മരണത്തിന്‍റെ ഞെട്ടലില്‍ സിനിമാലോകം.  

46- ജൂൺ 15

ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തില്‍ കേണലുള്‍പ്പെടെ  20 സൈനികർക്ക് വീരമൃത്യു. ഏറ്റുമുട്ടലുണ്ടായത് ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍. ചൈനീസ് ഭാഗത്ത് 43 സൈനികർ കൊല്ലപ്പെട്ടതായി ഇന്ത്യ.

47- ജൂൺ 17

ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. 193 അംഗ ജനറൽ അസംബ്ലിയിൽ  ഇന്ത്യയ്ക്ക് ലഭിച്ചത് 184 വോട്ടുകൾ.  ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത് ഏഷ്യാ പസഫിക് വിഭാഗത്തിൽ. അംഗത്വത്തിന്‍റെ കാലാവധി രണ്ടുവർഷം. ഇന്ത്യ രക്ഷാസമിതിയിലെ താൽക്കാലിക അംഗമാവുന്നത് ഇത് എട്ടാം തവണ.

48- ജൂൺ 29

രാജ്യത്ത് 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം. നടപടി അതിർത്തിയിലെ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍. നിരോധനമേർപ്പെടുത്തിയത് ടിക്ടോക്, കാം സ്കാനർ, ഷെയർ ഇറ്റ്, യുസി ബ്രൗസർ അടക്കമുള്ള ജനപ്രീയ ആപ്പുകള്‍ക്ക്.

49- ജൂലൈ 10

ഉത്തർപ്രദേശില്‍ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളി വികാസ് ദുബെ  കൊല്ലപ്പെട്ടു. സംഭവം മധ്യപ്രദേശില്‍നിന്ന് പിടികൂടിയ ദുബെയെ കാന്‍പുരിലേക്ക് കൊണ്ടുവരുന്നതിനിടെ. അകമ്പടി വാഹനം മറിഞ്ഞപ്പോള്‍ രക്ഷപെടാന്‍ ശ്രമിച്ചെതിനെതുടർന്നുണ്ടായ ഏറ്റമുട്ടലിലാണ് ദുബെ കൊല്ലപ്പെട്ടതെന്ന് പൊലീസ്.

50- ജൂലൈ 20

പുതിയ ഉപഭോക്തൃ നിയമം നിലവിൽ വന്നു. പുതിയ നിയമം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ഉറപ്പാക്കുമെന്ന് വിലയിരുത്തല്‍. കേസുകള്‍ സമയബന്ധിതമായി തീർക്കാന്‍ ജില്ലാ-സംസ്ഥാന-ദേശീയ കമ്മീഷനുകള്‍ക്ക് കൂടുതല്‍ അധികാരം.  

51- ജൂലൈ 29

പഞ്ചാബിൽ മദ്യ ദുരന്തം. നിയമവിരുദ്ധമായുണ്ടാക്കിയ വിഷമദ്യം കഴിച്ച് മരിച്ചത് 121 പേർ. മരണം അമൃത്സർ, ബറ്റാല, താൺ തരൺ ജില്ലകളിൽ.

52- ജൂലൈ 29

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര സർക്കാർ അനുമതി. പുതിയ നയം രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കൊണ്ടുവരുക ഘടനാപരമായ മാറ്റങ്ങള്‍. മൂന്ന് വയസ്സു മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പാക്കാനും  നയത്തില്‍ വ്യവസ്ഥ.

53.- ആഗസ്റ്റ് 5

അയോധ്യയില്‍ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ശിലാസ്ഥാപനം 40 കിലോ തൂക്കമുള്ള വെള്ളിശില പാകി കൊണ്ട്. ചടങ്ങുകള്‍ നടന്നത് രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അന്തരീക്ഷത്തില്‍.

54- ആഗസ്റ്റ് 09

ആന്ധാപ്രദേശിലെ വിജയവാഡയിലെ കൊവിഡ് ട്രീറ്റ്മെന്‍റ്  സെന്‍ററിൽ തീപിടുത്തം. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 11 പേർക്ക്. 22 പേർക്ക് സാരമായ പരുക്ക്. തീ പടർന്നത് താല്‍ക്കാലിക കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയ സ്വകാര്യ ഹോട്ടല്‍ കെട്ടിടത്തില്‍

55- ആഗസ്റ്റ് 10

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമം. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. തീരുമാനം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍. സച്ചിന്‍റെ പരാതികള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡിന്‍റെ മൂന്നംഗ സമിതി.

56- ആഗസ്റ്റ് 10

അന്തമാന്‍ കേബിള്‍ ലൈന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. യാഥാർത്ഥ്യമായത്  രാജ്യത്തെ ആദ്യത്തെ കടലിലൂടെയുള്ള  ഒപ്റ്റിക്കൽ ഫൈബർ കേബിൾ പദ്ധതി.  ദ്വീപിലെ വിനോദ സഞ്ചാര, വിദ്യാഭ്യാസ, ആരോഗ്യമേഖലക്ക്  പുതിയ പദ്ധതി വന്‍ കുതിപ്പേകുമെന്ന് പ്രധാനമന്ത്രി.

57- ആഗസ്റ്റ് 11

ഹിന്ദു കുടുംബങ്ങളുടെ സ്വത്തില്‍ പെണ്‍കുട്ടികള്‍ക്കും തുല്യ അവകാശമെന്ന് സുപ്രീംകോടതി. സുപ്രധാന  വിധി പ്രഖ്യാപിച്ചത് ജസ്റ്റിസുമാരായ അരുൺ മിശ്ര, എസ്. അബ്‍ദുൾ നസീർ, എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച്. 2005 ല്‍ നിലവില്‍ വന്ന ഹിന്ദുപിന്തുടർച്ചാവകാശ നിയമ ഭേദഗതി കോടതി അംഗീകരിച്ചു.

58- ആഗസ്റ്റ് 15

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഇതിഹാസ നായകന്‍ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. അപ്രതീക്ഷി തീരുമാനം പങ്കുവെച്ചത് ഇന്‍സ്റ്റാഗ്രാമിലൂടെ. വിരാമായത് 16 വർഷത്തെ സംഭവ ബഹുലമായ അന്താരാഷ്ട്ര കരിയർ. പടിയിറങ്ങിയത് 2011 ഏകദിന ലോകകപ്പ്, 2007 ട്വന്‍റി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫീ എന്നീ ക്രിക്കറ്റ് ലോകത്തെ പ്രധാന കിരീടങ്ങളെല്ലാം ഇന്ത്യയിലെത്തിച്ച ഏക നായകന്‍.  

59- ആഗസ്റ്റ് 15

ദേശീയ ഡിജിറ്റൽ ആരോഗ്യപദ്ധതി  പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ രേഖ നൽകും. പൂർണ്ണമായും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭം ആരോഗ്യമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി.

60- ആഗസ്റ്റ് 15

പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം പുനപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം 74 സ്വാതന്ത്ര്യദിന സന്ദേശത്തില്‍. അന്തിമതീരുമാനം  ഇതുസംബന്ധിച്ച് രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍.

61- ആഗസ്റ്റ് 17

ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‍രാജ് അന്തരിച്ചു. 90 വയസ്സായിരുന്നു. ഓർമ്മയായത് മേവാതി ഘരാനയിലെ അതുല്യ ഗായകന്‍. രാജ്യം പദ്മശ്രീ, പദ്മഭൂഷന്‍, പദ്മവിഭൂഷന്‍ ബഹുമതികള്‍ നല്‍കി ആദരിച്ചു.

62- ആഗസ്റ്റ് 31

കോടതിയലക്ഷ്യ കേസില്‍ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന് ഒരു രൂപ പിഴ. ഇല്ലെങ്കില്‍ മൂന്നു മാസം ജയില്‍ ശിക്ഷ. ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് പ്രശാന്ത് ഭൂഷന്‍ പങ്കുവെച്ച ട്വിറ്റുകള്‍ കോടതിയലക്ഷ്യമെന്ന് സുപ്രീംകോടതി. കോടതിയെ പ്രകോപിച്ചത് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ  ഹാർലി ഡേവിഡ്സണ്‍ ബൈക്കിലിരിക്കുന്ന ചിത്രത്തെക്കുറിച്ചും നാലു ചീഫ് ജസ്റ്റിസുമാരെക്കുറിച്ചും ഭൂഷന്‍ പങ്കുവെച്ച ട്വീറ്റുകള്‍.

63- സെപ്റ്റംബർ 5

അതിർത്തിയില്‍ വീണ്ടും ചൈനയുടെ പ്രകോപനം. അതിർത്തി മേഖലയിലെ കാട്ടില്‍ നായാട്ടിനു പോയ 5 ഇന്ത്യന്‍ പൗരന്മാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയി.

64- സെപ്തംബർ 7

പ്രമുഖ ടെലികോ സേവനദാതാക്കളായ വോഡഫോണ്‍-ഐഡിയ പുതിയ ബ്രാന്‍ഡ് നെയിം പ്രഖ്യാപിച്ചു. കമ്പനി അറിയപ്പെടുക വി എന്ന പേരില്‍. പുതിയ ലോഗോയും പുറത്തിറക്കി. രണ്ട് വർഷം മുമ്പമാണ് ഇരുകമ്പനികളും ഒരുമിച്ചത്.  

65- സെപ്റ്റംബർ 7

മിസൈലുകള്‍ക്ക് ശബദത്തെക്കാള്‍ 6 മടങ്ങു വേഗം നല്‍കുന്ന ഹൈപ്പർ സോണിക് ടെക്നോളജി ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പരീക്ഷണം നടന്നത് ഒഡീഷയിലെ ബാലസോറിൽ. ഇന്ത്യ ഈ സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിക്കുന്ന നാലാമത്തെ രാജ്യം.

66- സെപ്റ്റംബർ 8

ബോളിവുഡ് നടി റിയ ചക്രവർത്തി അറസ്റ്റില്‍. അറസ്റ്റ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ. റിയയുടെ സഹോദരന്‍ ഷോവിക് നേരത്തെ അറസ്റ്റിലായിരുന്നു.

67- സെപ്റ്റംബർ 9

ബോളിവുഡ് നടി കങ്കണ റനൗട്ടിന്‍റെ മുംബൈയിലെ ബംഗ്ലാവിന്‍റെ ഒരു ഭാഗം പൊളിച്ചടുക്കി. കെട്ടിടം പൊളിച്ചത് Bombay Municipal Corporation. നടപടി നിർമാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി.

68- സെപ്റ്റംബർ 11

ദേശീയ കോണ്‍ഗ്രസ് പാർട്ടിയില്‍ വന്‍ അഴിച്ചുപണി. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഗുലാം നബി ആസാദ്, മോട്ടിലാല്‍ വോറ, അംബിക സോണി, മല്ലികാർജുന്‍ ഖാർഗെ എന്നിവർ പുറത്ത്. സോണിയാ ഗാന്ധിയെ സഹായിക്കാനുള്ള സമിതിയില്‍ എ. കെ ആന്‍റണിയും കെ. സി വേണുഗോപാലും. കേരളത്തിന്‍റെ ചുമതല താരിഖ് അന്‍വറിന്.

69- സെപ്റ്റംബർ 11

സാമൂഹ്യനീതിക്കായി ജീവിതം സമർപ്പിച്ച  സ്വാമി അഗ്നിവേശ് അന്തരിച്ചു. 80 വയസ്സായിരുന്നു. അന്ത്യം കരൾ രോഗത്തെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ. ഇന്ത്യൻ മതനിരപേക്ഷതയ്ക്ക് നികത്താനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

70. സെപ്റ്റംബർ 12

modi said demonetization will abolish terrorism but that failed says sitaram yechury

ഡല്‍ഹി കലാപ ഗൂഡോലോചനയില്‍ സിപിഐഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി അടക്കം 5 പ്രമുഖകർക്ക് പങ്കെന്ന് ഡല്‍ഹി പൊലീസ്.  സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തികശാസ്ത്ര വിദഗ്ധ ജയതി ഘോഷ്, പ്രഫസർ അപൂർവാനന്ദ്, സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരാണ് മറ്റു നാലു പേർ. യുഎപിഎയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

71. സെപ്റ്റംബർ 12

അരുണാചല്‍പ്രദേശില്‍നിന്ന് കാണാതായ 5 ഇന്ത്യന്‍ പൗരന്മാരെ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യത്തിനു കൈമാറി. കാട്ടില്‍ വേട്ടയ്ക്കു പോയ ഇവരെ അതിർത്തിയില്‍ ചൈനീസ് സൈന്യം പിടികൂടുകയായിരുന്നു.

72. സെപ്റ്റംബർ 17

Harsimrat Kaur Badal admitted to PGI Chandigarh

കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദല്‍ രാജിവെച്ചു. നടപടി കേന്ദ്ര സർക്കാരിന്‍റെ കർഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്. രാജി കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പിന്‍റെ ചുമതലയില്‍നിന്ന്.

73. സെപ്റ്റംബർ 19

IPL

പതിമൂന്നാമത് ഐപിഎല്ലിന് അബുദാബി ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടക്കം. കൊവിഡ് മൂലം കടല്‍ കടന്ന ചാംമ്പ്യന്‍ഷിപ്പിലെ ആദ്യ ജയം ചെന്നൈ സൂപ്പർ കിങ്സിന്. ചെന്നൈ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചത്  5 വിക്കറ്റിന്.

74. സെപ്തംബർ 22

pranab mukherjee cremation today

മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു. വിടവാങ്ങിയത് രാജ്യം ഭാരതരത്ന നല്‍കി ആദരിച്ച രാജ്യതന്ത്രജ്ഞന്‍. ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനായി പൊതുജീവിതമാരംഭിച്ച പ്രണബ് ദാദ വിവിധ കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

75. സെപ്റ്റംബർ 23

റെയിൽ വേ സഹമന്ത്രി സുരേഷ് അംഗഡി അന്തരിച്ചു. കൊവിഡ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ലോകസഭലെത്തിയത് കർണാടക ബെളഗാവ് മണ്ഡലത്തെ പ്രതിനിധീകരിച്ച്.

76. സെപ്റ്റംബർ 25

spb tests covid negative

എസ്പിബി എന്ന മൂന്നക്ഷരം കൊണ്ട് ഇന്ത്യന്‍ സംഗീതത്തിന് നിർവചനം കുറിച്ച എസ്. പി. ബാലസുബ്രഹ്മണ്യം ഓർമ്മയായി. കൊവിഡ് പോസിറ്റീവായതോടെ ഓഗസ്റ്റ് 5ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറോണയെ പ്രതിരോധിച്ചെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാനായില്ല. മരണവിവരം പുറത്തുവിട്ടത് മകന്‍ എസ് പി ചരൺ.

77. സെപ്റ്റംബർ 26

ശിരോമണി അകാലിദള്‍ എന്‍ഡിഎ സഖ്യം വിട്ടു. തീരുമാനം കേന്ദ്ര സർക്കാരിന്‍റെ  കർഷക ബില്ലുകളില്‍ പ്രതിഷേധിച്ച്. തിരശീല വീണത് 23 വർഷത്തെ കൂട്ടുകെട്ടിന്.

78. സെപ്റ്റംബർ 27

മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസ്സായിരുന്നു. വിടവാങ്ങിയത് വാജ്പേയി മന്ത്രിസഭയിലെ കരുത്തന്‍.  വാജ്പേയി സർക്കാരില്‍ ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു.    

79. സെപ്റ്റംബർ 29

ഉത്തർപ്രദേശിലെ ഹത്രാസില്‍ ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. അന്ത്യം സഫ്ദർജങ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ. പ്രതികളായ സന്ദീപ്, ലവ്കുശ്, രാമു, രവി എന്നിവർ അറസ്റ്റില്‍. രാജ്യത്താകെ പ്രതിഷേധം.

80.സെപ്റ്റംബർ 30

lk advani

ബാബറി മസ്ജിദ് തകർത്ത കേസില്‍ മുന്‍ ഉപപ്രധാനമന്ത്രി എല്‍. കെ അഡ്വാനി ഉള്‍പ്പെടെ 32 പ്രതികളെയും വെറുതെ വിട്ടു. മസ്ജിദ് തകർത്തത് സാമൂഹികവിരുദ്ധർ, നേതാക്കള്‍ ശ്രമിച്ചത് തടയാനെന്നും സിബിഐ കോടതി. പ്രകോപന പ്രസംഗങ്ങള്‍ക്കു ശബ്‍ദ സാംപിളില്ല, ഫോട്ടാകള്‍ക്കൊപ്പം നെഗറ്റീവ് ഇല്ലെന്നും  കോടതി.

81. സെപ്റ്റംബർ 30

ക്രൂരപീഡനത്തിനിരയായി മരിച്ച ഹത്രാസിലെ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം യുപി പൊലീസ് ബലമായി സംസ്കരിച്ചു. അന്ത്യകർമങ്ങള്‍ക്ക് സാവകാശം അനുവദിക്കണമെന്ന കുടുംബത്തിന്‍റെ അപേക്ഷ പരിഗണിച്ചില്ല. സംസ്കാരം നടത്തിയത് കുടുംബാംഗങ്ങളെ വീടിനകത്ത് അടച്ചിട്ട്.

82- ഒക്ടോബർ 3

രാജ്യത്തിന് അഭിമാനമായി അടല്‍ തുരങ്കപാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഹിമാചല്‍ പ്രദേശിലെ മണാലി-ലേ ഹൈവേയില്‍ 9.02 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം സമുദ്രനിരപ്പില്‍നിന്ന് 300 മീറ്റർ ഉയരത്തില്‍. തുരങ്കപാതയുടെ നിർമാണം പൂർത്തിയായത് 10 വർഷമെടുത്ത്.

83- ഒക്ടോബർ 8

കേന്ദ്രഭക്ഷ്യ പൊതുവിതരണ മന്ത്രി രാം വിലാസ് പസ്വാൻ അന്തരിച്ചു. വിടവാങ്ങിയത് അരനൂറ്റാണ്ട് കാലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ദലിത് നേതാവ്.  വിടവാങ്ങി. വാജ്പേയി, മന്‍മോഹന്‍ സിങ്, നരേന്ദ്ര മോദി എന്നിവരടക്കം 6 പ്രധാനമന്ത്രിമാരുടെ കീഴില്‍ മന്ത്രിയായി.

84- ഒക്ടോബർ 9

സാമൂഹിക പ്രവർത്തകനും ജസ്യൂട്ട് സഭാംഗവുമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയതു. 83 കാരന്‍റെ അറസ്റ്റ് ഭീമ-കൊറേഗാവ് കലാപക്കേസില്‍. യുഎപിഎ പ്രകാരം രാജ്യത്ത് അറസ്റ്റിലാക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി.

85- ഒക്ടോബർ 12

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു. 49 വയസ്സായിരുന്നു. വിടവാങ്ങിയത് രാജ്യം കണ്ട് ഏറ്റവും പ്രതിഭാധനനായ  മിഡ്ഫീല്‍ഡർ. ഈസ്റ്റ് ബംഗാള്‍, ജെസിടി, എഫ്സി കൊച്ചിന്‍ ക്ലബ്ബുകളായും ബൂട്ടണിഞ്ഞു.

86- ഒക്ടോബർ 15

ഇന്ത്യയുടെ ആദ്യ ഓസ്കർ ജേതാവും വസ്ത്രലങ്കാരകയുമായ ഭാനു അത്തയ്യ അന്തരിച്ചു. 91 വയസ്സായിരുന്നു. ഓസ്കാർ ആദ്യമായി ഇന്ത്യയിലെത്തിച്ചത് റിച്ചാർഡ് ആറ്റന്‍ബറോയുടെ ഗാന്ധി എന്ന ചിത്രത്തിലൂടെ

87- ഒക്ടോബർ 29

ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശുഭായി പട്ടേൽ അന്തരിച്ചു. 92 വയസായിരുന്നു. 1995 ൽ ഗുജറാത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായ കേശുഭായ് 1998 ലും സംസ്ഥാനത്തിന്‍റെ അധികാരസ്ഥാനത്തെത്തി.  

88- നവംബർ 4

റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി അറസ്റ്റില്‍. അർണബിനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത് വീട്ടില്‍നിന്ന്.  അറസ്റ്റ് 2018ല്‍  ആർക്കിടെക്റ്റ് ആന്‍വി നായിക് ആത്മഹത്യ ചെയ്ത കേസില്‍. പൊലീസ് തന്നെ കയ്യേറ്റം ചെയ്തെന്ന് അർണബ്.

89- നവംബർ 10

ഒടിടി പ്ലാറ്റ്ഫോമുകളും ഓൺലൈന്‍ വാർത്താ പോട്ടലുകളും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കീഴില്‍. നടപടി ഇവയുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ സംവിധാനം വേണമെന്നാവശ്യപ്പെട്ട ഹർജി സുപ്രീം കോടതിയില്‍ നിലനില്‍ക്കെ. ഇടപെടല്‍ വ്യാജ വാർത്തയും സ്ത്രീ വിരുദ്ധ പരാമർശങ്ങള്‍ തടയാനെന്ന് കേന്ദ്രം.

90- നവംബർ 10

ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്. ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചത് 5 വിക്കറ്റിന്. ടൂർണമെന്‍റില്‍ 30 വിക്കറ്റ് വീഴ്ത്തിയ ഡൽഹി താരം കാഗിസോ റബാദക്ക് പർപ്പിൾ ക്യാപ്. മികച്ച ബാറ്റ്സ്മാനുള്ള ഓറഞ്ച് ക്യാപ് പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ. രാഹുലിന്.

91- നവംബർ 11

ബിഹാറില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍. 243 അംഗസഭയില്‍ മുന്നണി ഉറപ്പിച്ചത് 125 സീറ്റുകള്‍. ആർജെഡി നയിക്കുന്ന മഹാസഖ്യം നേടിയത് 110 സീറ്റുകള്‍. മഹാസഖ്യത്തില്‍ ഇടതുപാർട്ടികള്‍ മികച്ച മുന്നേറ്റം നടത്തിയപ്പോള്‍ കോണ്‍ഗ്രസിന് അടിതെറ്റി.

92- നവംബർ 15

ബംഗാളി സിനിമയിലെ ഇതിഹാസ നടന്‍ സൗമിത്ര ചാറ്റർജി അന്തരിച്ചു. 85 വയസായിരുന്നു. മടങ്ങിയത് സത്യജിത് റേ സിനിമകളിലെ അനശ്വര കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകർന്ന നായകന്‍.  ദാദാ സാഹിബ് ഫാല്‍ക്കെ അവാർഡും പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു.

93- നവംബർ 16

ബിഹാർ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. അധികാരമേല്‍ക്കുന്നത് തുടർച്ചയായി നാലാം തവണ. ഉപമുഖ്യമന്ത്രിമാരായി ബിജെപിയുടെ തർകിഷോർ പ്രസാദും രേണു ദേവിയും.

94- നവംബർ 25

മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു. വിടവാങ്ങിയത് കോണ്‍ഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ ചാണക്യന്‍. മൂന്നുതവണ ലോക്സഭയിലും അഞ്ചുതവണ രാജ്യസഭയിലും അംഗം. അധികാരത്തില്‍നിന്ന് മാറി സംഘടനയ്ക്ക് സമർപ്പിച്ച രാഷ്ട്രീയ ജീവിതം.

95- നവംബർ 23

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അന്തരിച്ചു. 84 വയസ്സായിരുന്നു. മരണം കോവിഡാന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന്. നഷ്ടമായത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്‍റെ ഏറ്റവും തലയെടുപ്പുള്ള നേതാവിനെ.

96- ഡിസംബർ 04

ഡല്‍ഹി വളഞ്ഞ് 3 ലക്ഷം കർഷകർ. കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കർഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രധാന ആവശ്യം. സമരക്കാരെ നേരിടാന്‍ അതിർത്തിയില്‍ ആയിരക്കണക്കിന് പൊലീസുകാർ. സർക്കാരും കർഷകരും നേർക്കുനേർ.

97- ഡിസംബർ 10

പുതിയ പാർലമെന്‍റ് മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. ശിലാഫലകം ഭരണഘടനയുടെ മാതൃകയില്‍. കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങ് ബഹിഷ്കരിച്ചു. 2022 ല്‍ നിർമാണം പൂർത്തിയാക്കാന്‍ പദ്ധതി.

98- ഡിസംബർ 21

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ മോത്തിലാല്‍ വോറ അന്തരിച്ചു. 93 വയസായിരുന്നു. 1993  മുതല്‍ 96 വരെ ഉത്തർപ്രദേശ് ഗവർണറായും സേവനമനുഷ്ഠിച്ചു.

99- ഡിസംബർ 30

കർഷകരുമായുള്ള കേന്ദ്രത്തിന്‍റെ ആറാം ചർച്ചയും പരാജയം. കർഷകർ മുന്നോട്ടുവെച്ച് നാല് ഉപാധികളില്‍ രണ്ടെണ്ണം കേന്ദ്ര  സർക്കാർ അംഗീകരിച്ചു. എന്നാല്‍ മുഴുവനാവശ്യങ്ങളും പരിഗണിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ.  

100- ഡിസംബർ 31  

പതിനൊന്ന് മാസത്തിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 1 കോടി 2 ലക്ഷത്തി നാല്‍പ്പത്തിനാലായിരത്തി 852 കൊവിഡ് കേസുകള്‍. മരണം ഒരു ലക്ഷത്തി 48,439. രോഗഭേദമായത് തൊണ്ണൂറ്റിയേട്ട് ലക്ഷത്തി 34,141 പേർക്ക്. നിലവില്‍ ചികിത്സയില്‍ തുടരുന്നത് രണ്ട് ലക്ഷത്തി 62,272 പേർ.

Story Highlights – 100 happenings of 2020 india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top