പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഇന്ത്യന്‍ വെബ് സീരീസുകള്‍

best web series decade 2011 2020

ഈ ദശാബ്ദം വെബ് സീരീസുകളുടെത് കൂടിയായിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരവോടെ വെബ് സീരീസുകള്‍ ഇന്ത്യന്‍ കാണികളുടെ ഇടയില്‍ ഇടം നേടി. പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ച് വ്യത്യസ്ത ഗണത്തില്‍ പെടുന്ന സീരീസുകള്‍ രാജ്യത്ത് ഇറങ്ങിയിട്ടുണ്ട്. അവയില്‍ മികച്ചവയില്‍ ചിലത്,

സ്‌കാം 1992

യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കി നിര്‍മിച്ച സീരീസ് നല്ലൊരു ദൃശ്യാനുഭവമാണ്. ഹര്‍ഷദ് മേത്തയെന്ന വ്യക്തിയുടെ ജീവിതം എങ്ങനെ കീഴ്‌മേല്‍ മറിയുന്നുവെന്നതാണ് സീരീസിന്റെ കാതല്‍. ഈയിടെ ഇറങ്ങിയ സീരീസുകളില്‍ മികച്ച റേറ്റിംഗ് നേടിയ ഇന്ത്യന്‍ സീരീസ് എന്ന ഖ്യാതിയും സ്‌കാം 1992വിനുണ്ട്.

പാതാള്‍ ലോക്

ആമസോണ്‍ പ്രൈമിലൂടെ സ്ട്രീം ചെയ്യുന്ന പാതാള്‍ ലോക് സമകാലിക വിഷയങ്ങള്‍ സംസാരിച്ചതിന് കൈയ്യടി നേടി. ജയ്ദീപ് അഹ്ലാവത്, അഭിഷേക് ബാനര്‍ജി എന്നിവരുടെ അഭിനയവും ശ്രദ്ധേയമായി. വളരെയധികം വയലന്‍സ് ഉണ്ട് സീരീസില്‍ എന്നത് കാണാന്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്.

ഡല്‍ഹി ക്രൈം

എമ്മി അവാര്‍ഡ് നേടിയ സീരീസ് ഡല്‍ഹിയിലെ നിര്‍ഭയ ബലാത്സംഗ കേസിനെ അടിസ്ഥാനമാക്കി നിര്‍മിച്ചതാണ്. 2012ലെ സംഭവങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് ചേര്‍ത്ത് വച്ച് തന്നെ അവതരിപ്പിച്ചിരിക്കുന്നു. പ്രേക്ഷകരെ നടുക്കുന്ന അനുഭവമാണ് ഡല്‍ഹി ക്രൈമിലൂടെ ലഭിക്കുക.

ബ്രീത്ത്; ഇന്‍ടു ദ ഷാഡോസ്

അഭിഷേക് ബച്ചന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരീസ് സെക്കോളോജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. അമിത് സദ്, നിത്യ മേനോന്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് സ്ട്രീമിംഗ്.

സാക്രഡ് ഗെയിംസ്

സെഫ് അലി ഖാനും നവാസുദ്ദീന്‍ സിദ്ദീഖിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സാക്രഡ് ഗെയിംസിന് വളരെ അധികം പ്രേക്ഷക പ്രീതി നേടാനായി. നെറ്റ്ഫ്‌ളിക്‌സിലാണ് സീരീസ് സ്ട്രീം ചെയ്യുന്നത്. അധോലോക നായകന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്നതാണ് വെബ് സീരീസിന്റെ കഥതന്തു.

ഫാമിലി മാന്‍

ഡ്രാമയും സസ്‌പെന്‍സും ഇഴ ചേര്‍ത്ത് നിര്‍മിച്ചിരിക്കുന്ന ഫാമിലി മാന്‍ ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്. മനോജ് ബാജ്‌പേയ് ആണ് പ്രധാന കഥാപാത്രത്തെ സീരീസില്‍ അഭിനയിച്ചിരിക്കുന്നത്. മലയാളി താരം നീരജ് മാധവും സീരീസിലുണ്ട്.

ഗേയുള്‍

രാധികാ ആപ്‌തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഗേയുള്‍ ഹൊറര്‍ ഗണത്തില്‍ പെടുന്നു. അറബ് നാടോടി കഥകളിലെ ഭീകരരൂപിയാണ് ഗേയുള്‍. സാക്രഡ് ഗെയിംസിന് ശേഷം നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ ആയി പുറത്തിറങ്ങിയ സീരീസ് ഗേയുളാണ്.

മിര്‍സാപൂര്‍

മിര്‍സാപ്പൂര്‍ എന്ന പട്ടണത്തില്‍ നടക്കുന്ന കഥയാണ് സീരീസിലുള്ളത്. അലി ഫൈസല്‍, പങ്കജ് ത്രിപാഠി, വിക്രാന്ത് മാസായ്, ദിവ്യേന്ദു ശര്‍മ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ആമസോണ്‍ പ്രൈമില്‍ ലഭ്യമായ സീരീസ് വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി.

മേഡ് ഇന്‍ ഹെവന്‍

വെഡ്ഡിംഗ് പ്ലാനേഴ്‌സിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കിയ വെബ് സീരീസ്. അവരെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. സീരീസിന്റെ ക്രിയേറ്റര്‍മാര്‍ സോയ അക്തറും റീമ കാഗ്തിയുമാണ്.

ക്യൂന്‍

തമിഴ് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്ന സീരീസ്. രമ്യ കൃഷ്ണനും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജയലളിതയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ വരച്ച് കാട്ടിയിരിക്കുന്നു.

അസുര്‍

ഒരു സൈക്കോളോജിക്കല്‍ ത്രില്ലറാണ് വെബ് സീരീസ്. സൈക്കോപാത്ത് ആയ കില്ലറിന്റെയും ഫോറന്‍സിക് വിദഗ്ധരുടെയും ഇടയില്‍ നടക്കുന്ന സംഭവങ്ങളാണ് സീരീസിലുള്ളത്. പ്രേക്ഷകരില്‍ ആകാംക്ഷ നിറക്കാന്‍ സാധിക്കുന്നു അസുറിന്.

ആശ്രം

ബോബി ഡിയോള്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. സീരീസ് യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കി നിര്‍മിച്ചിരിക്കുന്നതാണ്. ആശ്രമങ്ങളില്‍ നടക്കുന്ന അറിയാക്കഥകളാണ് ഇതിവൃത്തം.

Story Highlights – web series, decade

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top