ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം കരുത്തായി; കോട്ടയം – ഇടുക്കി ജില്ലകളിലായി എണ്‍പതിലധികം പഞ്ചായത്തുകളില്‍ ഇടതുഭരണം

കേരള കോണ്‍ഗ്രസ് എം മുന്നണിയില്‍ എത്തിയതോടെ കോട്ടയം – ഇടുക്കി ജില്ലകളിലായി എണ്‍പതിലധികം പഞ്ചായത്തുകളില്‍ ഇടതുഭരണം. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ കരുത്ത് തെളിയിക്കാന്‍ ആയതിന്റെ ആത്മവിശ്വാസത്തിലാണ് ജോസ് കെ. മാണി. വന്‍ മുന്നേറ്റം ഉണ്ടാക്കാനായത് ചൂണ്ടിക്കാട്ടി, നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനാണ് പാര്‍ട്ടിയുടെ നീക്കം.

ചരിത്രത്തിലൊരിക്കലും ഉണ്ടാക്കാന്‍ ആകാത്ത മുന്നേറ്റമാണ് ജോസ് കെ. മാണിയുടെ വരവോടെ എല്‍ഡിഎഫിന് ഉണ്ടായത്. കോട്ടയം ജില്ലയില്‍ കഴിഞ്ഞതവണ 23 പഞ്ചായത്തുകള്‍ മാത്രമായിരുന്നത് ഇക്കുറി 51ല്‍ എത്തി. ഒരിക്കല്‍ പോലും തകര്‍ന്നു വീണിട്ടില്ലാത്ത വലതു കോട്ടകള്‍ ജോസിനൊപ്പം ഇടത്തേക്ക് ചാഞ്ഞു. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 10 ഇടത്തും എല്‍ഡിഎഫ് അധികാരം പിടിച്ചു. വ്യത്യസ്തമല്ല ഇടുക്കി ജില്ലയിലെ കണക്കുകളും. 52 ഗ്രാമപഞ്ചായത്തുകളില്‍ 31ലും ഇടതുഭരണം. സെമിഫൈനല്‍ പോരാട്ടത്തില്‍ കരുത്ത് തെളിയിച്ചതോടെ, അടുത്ത ലക്ഷ്യം നിയമസഭയാണ്. കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന സൂചനകള്‍ ജോസ് കെ. മാണി തന്നെ നല്‍കി.

2016ല്‍ 15 സീറ്റുകളിലാണ് യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് എം. മത്സരിച്ചത്. ഇതില്‍ കൂടുതല്‍ സീറ്റുകളാണ് ഇക്കുറി ലക്ഷ്യം. മുന്നണിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും, പാലായും, കടുത്തുരുത്തിയും, കാഞ്ഞിരപ്പള്ളിയും ഉള്‍പ്പെടെ പരമ്പരാഗത സീറ്റുകളില്‍ പാര്‍ട്ടി പിടിമുറുക്കും. ഭരണത്തുടര്‍ച്ച ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഇടതുമുന്നണി കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഇതിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ഉയര്‍ത്തിക്കാട്ടി ജോസ് കെ. മാണി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ ഒരുങ്ങുന്നത്. സീറ്റ് വിഭജനത്തില്‍ ജയസാധ്യത മുന്‍നിര്‍ത്തിയാകും ഇടതുമുന്നണിയുടെ ചര്‍ച്ചകള്‍. മറ്റ് ഘടകകക്ഷികളുടെ സീറ്റുകള്‍ സിപിഐഎം ഇടപെട്ട് ഏറ്റെടുത്താല്‍ ഇടതുമുന്നണിയില്‍ പൊട്ടിത്തെറികള്‍ക്കുള്ള സാധ്യതകളാണ് ഉയരുക.

Story Highlights – Left rule more than 80 panchayats in Kottayam and Idukki districts

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top