Advertisement

അടൂർ സിപിഐഎമ്മിനുള്ളിൽ വിഭാഗീയത രൂക്ഷമാകുന്നു

January 2, 2021
Google News 2 minutes Read
Sectarianism intensifying Adoor CPIM

പത്തനംതിട്ട അടൂർ സിപിഐഎമ്മിനുള്ളിൽ വിഭാഗീയത രൂക്ഷമാകുന്നു. ഏനാത്ത് ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച സെക്രട്ടറിയേറ്റ് അംഗം തോറ്റതാണ് വിഭാഗീയതക്ക് കാരണം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ബി ഹർഷകുമാറിന്റെ തോൽവി പരിശോധിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. കമ്മീഷനോട് രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന നേതൃത്വം നിർദ്ദേശം നല്കിയിരിക്കുന്നത്.

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഏരിയ സെക്രട്ടറിയുമായ പി.ബി ഹർഷകുമാരിന്റെ പരാജയമാണ് അടൂരിൽ പാർട്ടിക്കുള്ളിൽ വിഭാഗീയത വീണ്ടും ശക്തമാക്കിയിരിക്കുന്നത്. 2015ൽ ഏനാത്ത് ഡിവിഷനിൽ 634 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നപ്പോൾ ഇത്തവണ 33 വോട്ടുകൾക്കാണ് ഹർഷകുമാര് ഇവിടെ പരാജയപ്പെട്ടത്. അതേസമയം, ഏനാത്ത് ഡിവിഷന് കീഴിലെ ബ്ലോക്ക് പഞ്ചായത്തുകളിലും പ്രധാന പഞ്ചായത്തുകളിലും എൽഡിഎഫ് നേട്ടമുണ്ടാക്കിയെങ്കിലും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ശ്രമം നടന്നതായാണ് പാർട്ടി വിലയിരുത്തൽ. ഇതേ തുടർന്നാണ് സംസ്ഥാന സെക്രട്ടിയേറ്റിന്റെ അറിവോടെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

Read Also : അടൂരിൽ പൊലീസിനെ ആക്രമിച്ച് കരിക്കിനേത് സിൽക്‌സ് ജീവനക്കാർ

മികച്ച വ്യക്തി പ്രഭാവമുള്ള ഹർഷകുമാറിനെതിരെ പ്രചാരണ ഘട്ടത്തിൽ സിപിഐഎമ്മിന്റെ പേരിൽ നോട്ടീസ് പ്രചാരണം നടത്തിയതും പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളില് ബിജെപിക്ക് 1000ലധികം വോട്ട് വർധിച്ചതുമാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ നേതൃത്വത്തിലുള്ള കമ്മീഷൻ പരിശോധിക്കുക. ഓമല്ലൂരിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മറ്റിയിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള് രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അടൂരിൽ നിന്ന് തന്നെയുള്ള മറ്റൊരു ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ നേതൃത്വത്തിൽ നടന്ന നീക്കങ്ങളാണ് പരാജയത്തിന് കാരണമെന്നാണ് ഹർഷകുമാര് വിഭാഗത്തിന്റെ ആരോപണം. അതേസമയം അടൂരിന് പുറത്ത് നിന്നുള്ള ജില്ലാ നേതാക്കൾക്കും പരാജയത്തിൽ പങ്കുണ്ടോയെന്നും കമ്മീഷൻ അന്വേഷിക്കുമെന്നാണ് സൂചന.

Story Highlights – Sectarianism is intensifying within the Adoor CPI (M)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here