സുഹൃത്തുക്കൾ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

മലപ്പുറം എടപ്പാളിൽ സുഹൃത്തുക്കൾ കൊലപ്പെടുത്തിയ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. പന്താവൂർ സ്വദേശി കിഴക്കേവളപ്പിൽ ഇർഷാദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. എടപ്പാൾ പൂക്കരത്തറയിലെ കിണറ്റിൽ നിന്നാണ് മൃതദേഹത്തിന്റെ ഭാ​ഗങ്ങൾ കണ്ടെത്തിയത്. മൃതദേഹം ഇർഷാദിന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ തുടർ പരിശോധനകൾ നടത്തും. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

ശനിയാഴ്​ച ഒമ്പതുമണിക്കൂർ നീണ്ട തെളിവെടുപ്പിനൊടുവിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. കിണറ്റില്‍ വലിയ അളവിൽ മാലിന്യമുള്ളതിനാലാണ്​ മൃതദേഹം കണ്ടെത്താൻ വൈകിയത്​. പൊലീസും ഫയര്‍ഫോഴ്സും തൊഴിലാളികളും ചേര്‍ന്ന്​ കിണറ്റില്‍നിന്ന് മാലിന്യം നീക്കിയാണ്​ തിരച്ചിൽ നടത്തിയത്​.

വട്ടംകുളം അധികാരത്ത്പടി സുഭാഷ് (35), മേനോന്‍പറമ്പില്‍ എബിന്‍ (28) എന്നിവരാണ്​ കേസിലെ ​പ്രതികൾ. കഴിഞ്ഞ ജൂൺ 11 നാണ് ഇർഷാദിനെ കാണാതായത്. പഞ്ചലോഹ വിഗ്രഹം നൽകാമെന്ന് വാഗ്ദാനം നൽകി ഇർഷാദിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കലാക്കിയ ശേഷം പൂക്കരത്തറയിലെ ഉപയോഗശൂന്യമായ കിണറ്റിൽ കൊന്നു തള്ളുകയായിരുന്നുവെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു.

Story Highlights – Dead body

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top