‘ഇന്ത്യൻ ടീമിന്റെ കളി ബഹിഷ്കരിക്കും’; റെസ്റ്റോറന്റിൽ വെച്ച് ബീഫ് കഴിച്ച താരങ്ങൾക്കെതിരെ ട്വിറ്ററിൽ പ്രതിഷേധം
റെസ്റ്റോറൻ്റിൽ വച്ച് ഭക്ഷണം കഴിച്ച സംഭവത്തിൽ താരങ്ങൾ പ്രത്യേക ഐസൊലേഷനും അന്വേഷണവും നേരിടുന്നതിനിടെ ട്വിറ്ററിൽ പുതിയ വിവാദം. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ബില്ലിൽ ബീഫ് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ഇന്ത്യൻ താരങ്ങൾ ബീഫ് കഴിക്കുന്നതിനെതിരെ നിരവധി ആളുകൾ ട്വിറ്ററിലൂടെ രംഗത്തെത്തി. ഇന്ത്യൻ ടീമിൻ്റെ കളി ഇനി കാണില്ലെന്നാണ് ഇവരിൽ പലരും പറയുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മെനുവിൽ ബീഫ് ഉൾപ്പെട്ടത് നേരത്തേയും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യത്തേക്ക് വരരുതെന്ന് ഇന്ത്യൻ ടീമിനോട് ക്വീൻസ്‌ലാൻഡ് നിർദ്ദേശിച്ചു. ക്വീൻസ്‌ലാൻഡ് എംപി റോസ് ബേറ്റ്സ് ആണ് ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. ബ്രിസ്ബേൻ ടെസ്റ്റുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ക്വാറൻ്റീൻ നിബന്ധനകളെപ്പറ്റി ഇന്ത്യൻ ടീം പരാതിപ്പെട്ടിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ക്വീൻസ്‌ലാൻഡ് എംപിയുടെ പ്രതികരണം.
Read Also : ‘മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ വരാതിരിക്കുക’; ഇന്ത്യൻ ടീമിനോട് ഓസ്ട്രേലിയ
ബ്രിസ്ബേനിൽ നടക്കുന്ന നാലാം ടെസ്റ്റിനു മുന്നോടിയായി പ്രത്യേക ക്വാറൻ്റീൻ മാനദണ്ഡങ്ങളാണ് ഇന്ത്യൻ ടീമിനു നിർദ്ദേശിച്ചിരുന്നത്. കഴിഞ്ഞ ആറ് മാസമായി താരങ്ങൾ വിവിധ ബയോ ബബിളുകളിലാണ്. അതുകൊണ്ട് ക്വാറൻ്റീനിൽ ഇളവ് വേണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.
രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ, റിഷഭ് പന്ത്, നവദീപ് സെയ്നി ശ്രേയാസ് അയ്യർ എന്നീ ഇന്ത്യൻ താരങ്ങൾ റെസ്റ്റോറൻ്റിൽ പോയി ഭക്ഷണം കഴിച്ചതും ആരാധകനുമായി ഇടപഴകിയതുമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയയും ബിസിസിഐയും അന്വേഷണം നടത്തുന്നുണ്ട്. താരങ്ങൾ നിബന്ധനകൾ ലംഘിച്ചില്ലെന്ന് ബിസിസിഐ പറയുന്നു. അതേസമയം, അഞ്ച് താരങ്ങളെയും പ്രത്യേകം ഐസൊലേറ്റ് ചെയ്യുകയാണ്.
Story Highlights – Twitter erupts as fans thrash indian players for beef consumption
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here