കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകി സർക്കാർ

സിആർപിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് സർക്കാർ. സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അപ്രായോഗികവുമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ എസ്.സുഹാസ് അപ്പീൽ നൽകി.
സര്‍ക്കാരിന്‍റെ വാദം കേള്‍ക്കാതെ തീര്‍ത്തും ഏകപക്ഷീയമായാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സർക്കാർ പറയുന്നു. പള്ളി ഏറ്റെടുക്കുന്നത് ഗുരുതര ക്രമസമാധാന പ്രശ്നമുണ്ടാക്കും. സമവായത്തിലൂടെ പ്രശ്ന പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടി. അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും.
വെള്ളിയാഴ്ചയ്ക്കകം കോതമംഗലം പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ സിആര്‍പിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ്. പള്ളി ഏറ്റെടുത്ത് കൈമാറുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.
Story Highlights – Kothamangalam church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here