രാത്രികാല മോഷണം; നാലംഗ സംഘത്തെ പൊലീസ് പിടികൂടി, രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

Night robbery; Police arrested the group

കോഴിക്കോട് നഗരത്തില്‍ രാത്രികാല മോഷണവും പിടിച്ചുപറികളും നടത്തിവന്ന നാലംഗ സംഘത്തെ പൊലീസ് പിടികൂടി. പിടിയിലാവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കുട്ടിക്കള്ളന്‍മാര്‍ ഉള്‍പ്പെടുന്ന സംഘം മോഷണം നടത്തുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് സിറ്റിയിലെ വിവിധ സ്റ്റേഷന്‍ പരിധികളിലെ സി.സി ടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
മോഷണ സംഘത്തിലെ പ്രധാനിയായ കുറ്റിച്ചിറ സ്വദേശി അര്‍ഫാനെ കഴിഞ്ഞ ദിവസം പന്നിയങ്കര പൊലീസും ക്രൈം സ്‌ക്വാഡും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണത്തില്‍ കൂടെ ഉണ്ടായിരുന്ന കുട്ടിക്കള്ളന്മാരെ കുറിച്ച് വിവരം ലഭിച്ചത്. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അജ്മല്‍ ബിലാല്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ നിയമത്തിന്റെ പരിരക്ഷ കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അര്‍ഫാന്‍ സുഹൃത്തുക്കളെ വച്ച് മോഷണം നടത്തിയിരുന്നത്. മോഷണത്തിലൂടെ കിട്ടുന്ന പണം ആഢംബര ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു പ്രതികള്‍. പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ പന്നിയങ്കര പൊലീസ് സ്റ്റേഷനുകളിലെ നാലോളം സ്ഥാപനങ്ങളിലെ മോഷണത്തിനും കസബ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊറിയര്‍ സ്ഥാപനത്തില്‍ നിന്നും നാലു ലക്ഷം രൂപ മോഷണം പോയതിനും തുമ്പുണ്ടായി. ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊറിയര്‍ സ്ഥാപനത്തിലെ മോഷണം മെഡിക്കല്‍ കോളജ്, ഫറോക്ക് പൊലീസ് സ്റ്റേഷന്‍ പരിധികളിലെ ബൈക്ക് മോഷണം ഉള്‍പ്പെടെ ഇരുപതോളം കേസുകള്‍ക്ക് പിന്നിലും പ്രതികള്‍ തന്നെയാണെന്ന് വ്യക്തമായി. കൊവിഡ് പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Story Highlights – Night robbery; Police arrested the group

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top