പക്ഷിപ്പനി; കൊന്നൊടുക്കുന്ന പക്ഷികള്‍ക്ക് നഷ്ടപരിഹാരം നല്‍കും

പക്ഷിപ്പനിയില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. രണ്ട് മാസത്തില്‍ അധികം പ്രായമുള്ള പക്ഷിക്ക് 200 രൂപയും രണ്ട് മാസം താഴെയുള്ള പക്ഷിക്ക് 100 രൂപയും നല്‍കും. കഴിഞ്ഞ വര്‍ഷം നല്‍കിയ നിരക്കിലാണ് പണം നല്‍കുക.
നശിപ്പിച്ച മുട്ട ഒന്നിന് അഞ്ച് രൂപയും നല്‍കും. പ്രദേശത്ത് പത്ത് ദിവസത്തെ കര്‍ശന നിരീക്ഷണം തുടരും. സ്ഥലത്ത് നിന്ന് വീണ്ടും സാമ്പിള്‍ പരിശോധിക്കുമെന്നും വിവരം. വീടുകളില്‍ വളര്‍ത്തുന്ന പക്ഷികളെ അടക്കം കൊല്ലാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്ത് പ്രതിരോധ നടപടികള്‍ സ്വീകരിക്കും. പ്രദേശത്ത് കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പും പ്രദേശത്ത് നിരീക്ഷണം തുടരും.
അതേസമയം പക്ഷിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ കുട്ടനാട്ടില്‍ പക്ഷികളെ കൊന്നു തുടങ്ങി. ഇന്നലെ മാത്രം ആലപ്പുഴയിലെ കറുവാറ്റ, പളളിപ്പാട്, തകഴി, നെടുമുടി പഞ്ചായത്തുകളിലായി 20330 പക്ഷികളെയാണ് കൊന്നത്. ഈ മേഖലകളിലുള്ള ബാക്കി പക്ഷികളെയും കൊല്ലും. ഇന്നും നാളെയുമായി കളളിംഗ് എന്ന ഈ പ്രക്രിയ പൂര്‍ത്തിയാക്കാനാണ് മൃഗ സംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്. അതേ സമയം നിലവില്‍ H5 N8 വിഭാഗത്തില്‍ പെട്ട വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം.
Story Highlights – bird flu, alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here