തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി; പന്തളം ഏരിയ സെക്രട്ടറിയെ ചുമതലയില്‍ നിന്ന് മാറ്റി സിപിഐഎം

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്കുപിന്നാലെ പന്തളത്ത് നടപടിയുമായി സിപിഐഎം. ഏരിയ സെക്രട്ടറി ഇ. ഫസലിനെ സ്ഥാനത്ത് നിന്നും മാറ്റി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹര്‍ഷാകുമാറിനാണ് പുതിയ ചുമതല. തോല്‍വിക്ക് കാരണം സംഘടന പ്രവര്‍ത്തനത്തിലെ വീഴ്ചയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട നഗരസഭ പിടിക്കാനായെങ്കിലും പന്തളം നഗരസഭയിലുണ്ടായ ഭരണ നഷ്ടം എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിയാണ്. നഗരസഭയില്‍ ഏഴ് സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി 18 സീറ്റ് നേടിയാണ് ഇത്തവണ ഭരണം പിടിച്ചത്. സംഘടന പ്രവര്‍ത്തനത്തിലുണ്ടായ വീഴ്ചയാണ് തോല്‍വിക്ക് പിന്നിലെന്നാണ് സിപിഐഎം വിലയിരുത്തല്‍. ഇതിന്റെ ആദ്യ നടപടിയെന്നോണമാണ് ഇപ്പോള്‍ ഏരിയ സെക്രട്ടറി ആയിരുന്ന ഇ ഫസലിനെ സ്ഥാനത്ത് നിന്നും മാറ്റി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പിബി ഹര്‍ഷാകുമാറിന് ചുമതല ഏല്‍പ്പിച്ചത്.

പന്തളത്തുണ്ടായ വോട്ട് ചോര്‍ച്ച സിപിഐഎമ്മില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന സമിതിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ നടപടി. പാര്‍ട്ടിക്ക് സ്വാധീനമുള്ളിടത്ത് ബിജെപി ഭരണം പിടിച്ചതിന്റെ പോരായ്മ നികത്തി വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.

Story Highlights – CPIM Pandalam Area Secretary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top