പ്രതിക്കേറ്റത് ക്രൂരമർദനം; ആന്തരികാവയവങ്ങൾക്ക് ക്ഷതം; റിപ്പോർട്ട് സമർപ്പിച്ചു

kevin case culprit attack report submitted

കെവിൻ കേസ് പ്രതിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ജില്ലാ ജഡ്ജി റിപ്പോർട്ട് സമർപ്പിച്ചു. പ്രതിക്ക് ഏൽക്കേണ്ടി വന്നത് ക്രൂര മർദ്ദനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ട്. ടിറ്റു ജെറോമിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹൈക്കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.

പ്രതിക്ക് ആശുപത്രിയിൽ പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജയിൽ ഉദ്യോഗസ്ഥർ സംരക്ഷണം നൽകേണ്ടെന്നും കോടതി പറഞ്ഞു. ജയിൽ ഡിജിപി റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

കെവിൻ വധക്കേസിലെ ഒൻപതാം പ്രതിയായ ടിറ്റു ജെറോം പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപരന്ത്യം തടവുശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് സംഭവം. മകനെക്കുറിച്ച് വിവരമില്ലെന്നും ജയിലധികൃതർ മർദിച്ചതായി സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടി പിതാവ് ജെറോം ഹൈക്കോടതിയിൽ ഹർജി നൽകി. ഇക്കാര്യം അടിയന്തരമായി പരിഗണിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രൻ ജയിലിലെത്തി പരിശോധന നടത്താൻ തിരുവനന്തപുരം ജില്ലാ ജഡ്ജിയോട് നിർദേശിച്ചു. ഡിഎംഒയോടും ജയിൽ ഐജിയോടും തൽസ്ഥിതി അറിയാനും ആവശ്യപ്പെട്ടു. മൂവരും നടത്തിയ പരിശോധനയിലാണ് ടിറ്റു ജെറോമിന് മർദനമേറ്റെന്നും ആന്തരിക പരിക്കുണ്ടെന്നും ബോധ്യമായത്. ജില്ലാ ജഡ്ജിയുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഉടനടി ടിറ്റു ജെറോമിനെ മാറ്റി. ഇക്കാര്യം ജില്ലാ ജഡ്ജി തൊട്ടുപിന്നാലെ ഹൈക്കോടതിയെ അറിയിച്ചു. ഹർജി വീണ്ടും പരിഗണിച്ച കോടതി ജയിലധികൃതതരെ കർശനമായി താക്കീത് ചെയ്തു.ആശുപത്രിയിൽ ടിറ്റുവിൻറെ സുരക്ഷക്കായി ജയിൽ അധികൃതർ വേണ്ടെന്നും പൊലീസ് മതിയെന്നും നിർദേശിച്ചു. സംഭവിച്ചത് സംബന്ധിച്ച് ജയിൽ ഡിജിപി നാളെത്തന്നെ ജില്ലാ ജഡ്ജിക്ക് റിപ്പോർട്ട് നൽകണം. പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

Story Highlights – kevin case culprit attack report submitted

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top