നിർബന്ധിത കുമ്പസാരം; ഹർജികൾ പരിഗണിക്കണോ എന്നതിൽ തീരുമാനം മൂന്നാഴ്ചക്ക് ശേഷം

Compulsory confession decision petitions

ക്രൈസ്തവ സഭകളിലെ നിർബന്ധിത കുമ്പസാരത്തിനെതിരെയുള്ള ഹർജ്ജികൾ പരിഗണിക്കണമോ എന്ന കാര്യത്തിൽ സുപ്രിം കോടതി മൂന്നാഴ്ചയ്ക്ക് ശേഷം തിരുമാനം കൈകൊള്ളും. ഹർജിക്കാരായ 5 യുവതികൾക്ക് ഹർജിയിൽ ഭേഭഗതി വരുത്താൻ മൂന്നാഴ്ച സമയം അനുവദിച്ചു. വിവിധ ക്രൈസ്തവ സഭകളിലെ നിർബന്ധിത കുമ്പസാരം മതപുരോഹിതരും വൈദികരും ദുരുപയോഗം ചെയ്യുന്നുവെന്നും അതിനാൽ ഇത് നിർത്തലാക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രിം കോടതിയിൽ ഹർജി സമർപ്പിയ്ക്കപ്പെട്ടത്.

എറണാകുളം സ്വദേശിനികളായ ബീന ടിറ്റി, ലിസി ബേബി, കോലഞ്ചേരി സ്വദേശിനി ലാലി ഐസക്, കോട്ടയം സ്വദേശിനി ബീന ജോണി, തൊടുപുഴ സ്വദേശിനി ആനി മാത്യു എന്നിവരാണ് സുപ്രിം കോടതിയ്ക്ക് മുന്നിൽ നിർബന്ധിത കുമ്പസാരത്തിനെതിരെ ഹർജിയുമായി എത്തിയത്. നിർബന്ധിത കുമ്പസാരം മത വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണോ എന്നും സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണോ എന്നും കോടതി പരിശോധിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. മൗലികാവകാശവുമായി ബന്ധപ്പെട്ട ഈ പ്രശ്‌നം എന്തുകൊണ്ട് കേരള ഹൈക്കോടതിയിൽ ഉന്നയിച്ചില്ലെന്ന് സുപ്രിം കോടതി ഹർജിക്കാരാട് ചോദ്യം ഉന്നയിച്ചു. സ്ത്രികളുടെ മൗലികാവകാശവുമായി ബന്ധപ്പെട്ട ശബരിമല കേസ് സുപ്രിം കോടതി പരിഗണിച്ചത് കൊണ്ട് ഈ കേസും സുപ്രിം കോടതിയാണ് പരിഗണിയ്ക്കേണ്ടതെന്ന മറുപടി ആയിരുന്നു ഹർജിക്കാർക്ക് ഉണ്ടായിരുന്നത്. മുതിർന്ന അഭിഭാഷകനായ മുഗൾ റോത്തഗി യുവതികളെ പ്രതിനിധികരിച്ചു.

Read Also : കർഷക സമരങ്ങളിൽ ആശങ്ക അറിയിച്ച് സുപ്രിംകോടതി

മലങ്കര സഭയിലെ ഓർത്തഡോക്സ് – യാക്കോബായ വിഷയമാണ് ഹർജിയ്ക്ക് ആധാരമെന്ന് ഹർജ്ജിയിൽ അഭിപ്രായം പറഞ്ഞ കേന്ദ്രസർക്കാർ വ്യക്തമാക്കി. പ്രശ്‌നം 2017ൽ ജസ്റ്റിസ് അരുൺ മിശ്രയുടെ അദ്ധ്യക്ഷതയിൽ ഉള്ള ബെഞ്ച് വിധി പറഞ്ഞതാണെന്നും അറ്റോർണി ജനറൽ അറിയിച്ചു. 2017 ലെ വിധിയിൽ ചില വൈരുദ്ധ്യങ്ങളുണ്ടെന്നും അതിനാൽ സുപ്രിംകോടതിയാണ് നിർബന്ധിത കുമ്പസാരവുമായി ബന്ധപ്പെട്ട സഭാ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകൾ ചോദ്യം ചെയ്തുള്ള ഹർജി കേൾക്കേണ്ടതെന്നും ആയിരുന്നു റോഹ്‌തഗിയുടെ മറുപടി. ഹർജിയിൽ ആവശ്യമായ ഭേഭഗതികൾ വരുത്താൻ യുവതികൾക്ക് മൂന്നാഴ്ച സമയം അനുവദിച്ച കോടതി കേസ് ഫയലിൽ സ്വീകരിയ്ക്കണോ എന്ന് തീരുമാനിയ്ക്കാൻ മാറ്റിവച്ചു. ഇടവക പൊതുയോഗത്തിൽ പങ്കെടുക്കാൻ കുമ്പസാരം നടത്തിയിരിക്കണമെന്ന 1934ലെ സഭാ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓർത്തോഡോക്‌സ് സഭാംഗങ്ങളായ മാത്യു ടി. മാത്തച്ചൻ, സി.വി. ജോസ് എന്നിവർ നൽകിയ ഹർജി നിലവിൽ കോടതിയുടെ പരിഗണനയിൽ ഉണ്ട്.

Story Highlights – Compulsory confession; decision on whether to consider the petitions after three weeks

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top