പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്നു നീക്കണമെന്ന പ്രമേയം നിയമസഭ അടുത്ത വ്യാഴാഴ്ച പരിഗണിക്കും

Sriramakrishnan Assembly Speaker resolution

പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന പ്രമേയം നിയമസഭ അടുത്ത വ്യാഴാഴ്ച പരിഗണിക്കും. സ്വർണക്കടത്തു കേസിൽ സ്പീക്കറിനെതിരെ ആരോപണമുയർന്ന സാഹചര്യത്തിൽ മുസ്ലിം ലീഗിലെ എം ഉമറാണ് നോട്ടീസ് നൽകിയത്. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി ഈ മാസം 22 ന് പിരിയാനും സഭയുടെ കാര്യോപദേശക സമിതി തീരുമാനിച്ചു.

നിയമസഭയുടെ ചരിത്രത്തിൽ മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം പരിഗണിക്കാനൊരുങ്ങുന്നത്. സ്വർണക്കടത്തു കേസിൽ ആരോപണ വിധേയനായ പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന എം ഉമറിൻ്റെ നോട്ടീസ് ഈ മാസം 21ന് പരിഗണിക്കും. ചർച്ചക്കെടുക്കുമ്പോൾ ശ്രീരാമകൃഷ്ണൻ സഭാംഗങ്ങളുടെ സീറ്റിലേക്ക് മാറിയിരിക്കണം. ഡെപ്യൂട്ടി സ്പീക്കറാകും സഭ നിയന്ത്രിക്കുക. ശ്രീരാമകൃഷ്ണന് തൻ്റെ ഭാഗം വിശദീകരിക്കാം. ചർച്ചക്കൊടുവിൽ വോട്ടെടുപ്പ്. പ്രമേയം പരാജയപ്പെട്ടാൽ ശ്രീരാമകൃഷ്ണന് സ്പീക്കറുടെ കസേരയിലേക്ക് ഉടൻ കയറിയിരിക്കാം. നിലവിലെ അംഗബല പ്രകാരം പ്രമേയം പരാജയപ്പെടുമെന്നുറപ്പാണ്.

Read Also : സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് നിയമോപദേശം

1982ൽ എ സി ജോസും 2004 ൽ വക്കം പുരുഷോത്തമനുമാണ് ഇതിനു മുമ്പ് സമാന പ്രമേയം നേരിടേണ്ടി വന്ന സ്പീക്കർമാർ. തുടർച്ചയായ കാസ്റ്റിംഗ് വോട്ടുകളാണ് എ സി ജോസിനെതിരായ പ്രമേയത്തിന് കാരണമായത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയായിരുന്ന കോടോത്ത് ഗോവിന്ദൻ നായരെ പിന്തുണക്കുന്ന കോൺഗ്രസ് എംഎൽഎമാരെ ഭീഷണിപ്പെടുത്തുവെന്നാരോപിച്ചായിരുന്നു വക്കം പുരുഷോത്തമനെതിരായ നോട്ടീസ്.

അടുത്ത വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് പരിഗണിക്കുന്ന ശ്രീരാമകൃഷ്ണനെതിരായ പ്രമേയത്തിൽ രണ്ടു മണിക്കൂർ ചർച്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. സഭാ സമ്മേളനം വെട്ടിച്ചുരുക്കി 22ന് പിരിയാനും തീരുമാനമായി. നേരത്തെ 28 ന് സഭാ സമ്മേളനം പിരിയാനാണ് നിശ്ചയിച്ചിരുന്നത്.

Story Highlights – The Assembly will consider the resolution to remove P Sriramakrishnan from the post of Speaker next Thursday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top