കാര്‍ഷിക നിയമങ്ങള്‍; സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്

കാര്‍ഷിക നിയമങ്ങളില്‍ സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്. നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഇന്നലെ വാക്കാല്‍ സൂചിപ്പിച്ചിരുന്നു. വിദഗ്ധ സമിതിയുടെ രൂപീകരണവും കോടതിയുടെ പരിഗണനയിലുണ്ട്. എന്നാല്‍, സമിതിയുമായി സഹകരിക്കില്ലെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിലപാട്.

കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തങ്ങളുടെ നിലപാടില്‍ ഒരുപോലെ ഉറച്ചുനില്‍ക്കുകയാണ്. മൂന്ന് നിയമങ്ങളും ധൃതി പിടിച്ച് തയാറാക്കിയതല്ലെന്ന് ഇന്നലെ രാത്രിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രണ്ട് ദശകത്തിലേറെ നീണ്ട ആലോചനകളുടെ ഫലമാണ്. രാജ്യത്തെ കര്‍ഷകര്‍ നിയമത്തില്‍ സന്തുഷ്ടരാണ്. കൂടുതല്‍ സാധ്യതകള്‍ നിയമം കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ടെന്നും, തെറ്റിദ്ധാരണകള്‍ നീക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യുമെന്ന സുപ്രിംകോടതി പരാമര്‍ശത്തെ സംയുക്ത കിസാന്‍ മോര്‍ച്ച സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, വിദഗ്ധ സമിതിയെന്ന നിര്‍ദേശം തള്ളി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക തന്നെ വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ, റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടര്‍ റാലി തടയണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ഹര്‍ജി സമര്‍പ്പിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നും, ലോകത്തിന് മുന്നില്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുമെന്നും ഡല്‍ഹി പൊലീസ് ഹര്‍ജിയില്‍ വ്യക്തമാക്കി.

Story Highlights – Agricultural laws; The crucial order of the Supreme Court today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top