പന്തളം നഗരസഭയിലെ തോൽവി; സിപിഐഎം ഏരിയാ കമ്മറ്റി നേതാക്കൾക്കെതിരെ നടപടി

Action CPIM area committee

തദ്ദേശ തെരഞ്ഞെടുപ്പിൽ പന്തളം നഗരസഭയിലെ തോൽവിയുമായി ബന്ധപ്പെട്ട് സി.പി.എം ഏരിയാ കമ്മറ്റി നേതാക്കൾക്കെതിരെയും നടപടി. ഏഴ് ഏരിയാ കമ്മറ്റി അംഗങ്ങളെ താക്കീത് ചെയ്തു. ഒരു മാസം കൊണ്ട് പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ കമ്മറ്റിയിൽ നിന്ന് പുറത്താക്കുമെന്നും പുതിയ ഏഴു പേരെ കണ്ടെത്തുമെന്നുമാണ് താക്കീത്. കഴിഞ്ഞ ദിവസം നടന്ന പന്തളം ഏരിയ കമ്മറ്റി യോഗത്തിന്റേതാണ് തീരുമാനം.

തോൽവിയുമായി ബന്ധപ്പെട്ട് നേരത്തെ ഏരിയ കമ്മറ്റി സെക്രട്ടറി ഇ ഫസലിനെ സ്ഥാനത് നിന്നും മാറ്റിയിരുന്നു. തോൽവിക്ക് കാരണം സംഘടനാ പ്രവർത്തനത്തിലെ വീഴ്ചയാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹർഷാകുമാറിനാണ് പുതിയ ചുമതല.

Read Also : തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി; പന്തളം ഏരിയ സെക്രട്ടറിയെ ചുമതലയില്‍ നിന്ന് മാറ്റി സിപിഐഎം

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട നഗരസഭ പിടിക്കാനായെങ്കിലും പന്തളം നഗരസഭയിലുണ്ടായ ഭരണ നഷ്ടം എൽഡിഎഫിനേറ്റ കനത്ത തിരിച്ചടിയാണ്. നഗരസഭയിൽ ഏഴ് സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി 18 സീറ്റ് നേടിയാണ് ഇത്തവണ ഭരണം പിടിച്ചത്. സംഘടന പ്രവർത്തനത്തിലുണ്ടായ വീഴ്ചയാണ് തോൽവിക്ക് പിന്നിലെന്നാണ് സിപിഐഎം വിലയിരുത്തൽ. ഇതിന്റെ ആദ്യ നടപടിയെന്നോണമാണ് ഇപ്പോൾ ഏരിയ സെക്രട്ടറി ആയിരുന്ന ഇ ഫസലിനെ സ്ഥാനത്ത് നിന്നും മാറ്റി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പിബി ഹർഷാകുമാറിന് ചുമതല ഏൽപ്പിച്ചത്.

പന്തളത്തുണ്ടായ വോട്ട് ചോർച്ച സിപിഐഎമ്മിൽ വലിയ ചർച്ചയായിരുന്നു. ഇതേ തുടർന്ന് സംസ്ഥാന സമിതിയുടെ നിർദേശ പ്രകാരമാണ് പുതിയ നടപടി. പാർട്ടിക്ക് സ്വാധീനമുള്ളിടത്ത് ബിജെപി ഭരണം പിടിച്ചതിന്റെ പോരായ്മ നികത്തി വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.

Story Highlights – Action against CPIM Pandalam area committee leaders

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top