വയനാടിന്റെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികള്‍ ബജറ്റിലുണ്ട്: എം വി ശ്രേയാംസ് കുമാര്‍ എം പി

m v sreyams kumar

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനകീയ മുഖവും വികസനാത്മക സമീപനവും സമന്വയിച്ച ബജറ്റാണ് ധനമന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിച്ചതെന്ന് എം വി ശ്രേയാംസ് കുമാര്‍ എം പി. സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും പുരോഗമനപരമായി സമീപിക്കുന്നു എന്നതാണ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ സവിശേഷത. കേരളത്തിന്റെ വികസനക്കുതിപ്പിന് ഇത് ആക്കം കൂട്ടും. കേരളത്തിന്റെ ചരിത്രത്തിലെ മികച്ച ബജറ്റുകളിലൊന്നായി ഇതു വിലയിരുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Read Also : എം വി ശ്രേയാംസ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

പ്രധാനമായും യുവജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ ബജറ്റ്. വിദ്യാഭ്യാസത്തിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നല്‍കിയിട്ടുള്ള ഊന്നലാണ് പതിവു ബജറ്റുകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. എട്ടു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം ആവേശജനകമാണ്. ഡിജിറ്റല്‍ യുഗത്തിലേക്കുള്ള കേരളത്തിന്റെ കുതിപ്പിനും ഈ ബജറ്റ് വ്യക്തമായ രൂപരേഖ നല്‍കുന്നു. അഞ്ചു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാനുള്ള ഡിജിറ്റല്‍ പദ്ധതി ഭാവിയെ മുന്‍കൂട്ടിക്കണ്ടുള്ള ചുവടുവയ്പാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെ വിവരകേന്ദ്രീകൃത സമ്പദ് വ്യവസ്ഥ അഥവാ നോളജ് ഇക്കോണമിയാക്കാനുള്ള ആശയം പുതുമയുള്ളതാകുന്നു. വിദ്യാഭ്യാസ പുരോഗതിയും അറിവും സമന്വയിപ്പിച്ച് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനുള്ള പദ്ധതികള്‍ ദീര്‍ഘവീക്ഷണമുള്ളതെന്നും ശ്രേയാംസ് കുമാര്‍.

ക്ഷേമപദ്ധതികള്‍ക്കും വികസന പദ്ധതികള്‍ക്കും തുല്യ അളവില്‍ വിഹിതം നല്‍കുന്ന സമീപനം ബജറ്റിനെ യാഥാര്‍ഥ്യബോധമുള്ളതാക്കുന്നു. വൃദ്ധ ജനങ്ങള്‍ക്കായുള്ള കരുതലും പാവപ്പെട്ടവര്‍ക്കുള്ള അരി വിഹിതം കൂട്ടിയതും ഉദാഹരണമാണ്. കര്‍ഷകരെയും പ്രവാസികളെയും ബജറ്റ് മറന്നില്ല. തറവിലകള്‍ നിശ്ചയിക്കുന്നതിലും പ്രവാസി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലും ധനമന്ത്രി കാണിച്ച താത്പര്യവും പ്രശംസനീയമാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവുകള്‍ പരിസ്ഥിതിയെക്കുറിച്ചുള്ള കരുതല്‍ സൂചിപ്പിക്കുന്നു.

വയനാടിന്റെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികള്‍ ബജറ്റിലുണ്ട്. കാപ്പി കൃഷിയെ പുനരുദ്ധരിക്കാനും മെഡിക്കല്‍ കോളജ് സ്വപ്നം സഫലീകരിക്കാനും ഈ ബജറ്റ് വിഭാവനം ചെയ്യുന്നു. വീരേന്ദ്രകുമാറിന് ഉചിതമായ സ്മാരകം നിര്‍മിക്കാനുള്ള തീരുമാനത്തെയും അഞ്ചു കോടി രൂപ അതിനു വകയിരുത്തിയതിനെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ശ്രേയാംസ് കുമാര്‍.

Story Highlights – m v sreyams kumar, kerala budget 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top