കൊവിഡ് വാക്‌സിനേഷൻ വിജയകരം; സംസ്ഥാനങ്ങൾക്ക് നന്ദി അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് വാക്‌സിനേഷൻ വിജയകരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. വാക്‌സിൻ യജ്ഞം വലിയ ആശ്വാസം നൽകി. കൊവിഡിനെതിരായ പോരാട്ടത്തിൽ ‘സജ്ജീവനി’ പോലെയാണ് വാക്സിൻ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വാക്‌സിൻ വിതരണത്തിൽ പങ്കാളിയായ സംസ്ഥാനങ്ങൾക്ക് മന്ത്രി നന്ദി അറിയിച്ചു.

രാജ്യത്ത് ആദ്യമായി കൊവിഡ് വാക്‌സിൻ സ്വീകരിച്ചത് ശുചീകരണ തൊഴിലാളിയായ മനീഷ് കുമാറാണ്. മനീഷ് കുമാർ വാക്സിൻ സ്വീകരിക്കുമ്പോൾ കേന്ദ്രമന്ത്രി ഹർഷവർധൻ സന്നിഹിതനായിരുന്നു. ഡൽഹിയിൽ എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ കൊവിഡ് വാക്സിൻ സ്വീകരിച്ചു. കൊവിഷീൽഡ് വാക്സിൻ നിർമിക്കുന്ന പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല വാക്സിൻ സ്വീകരിച്ചു. വിജയകരമായ കൊവിഡ് വാക്സിനേഷൻ യജ്ഞത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൂനവാല അഭിനന്ദിച്ചു.

കൊവിഡ് വാക്സിനേഷന്റെ ആദ്യ ദിനമായ ഇന്ന് 3 ലക്ഷം ആരോഗ്യ പ്രവർത്തകരും കൊവിഡ് മുൻനിര പോരാളികളും അടക്കമുളളവർക്കാണ് വാക്സിനേഷൻ നടത്തിയത്. കൊവാക്സിൻ, കൊവിഷീൽഡ് എന്നീ വാക്സിനുകൾക്കാണ് രാജ്യത്ത് ഉപയോഗത്തിനുളള അനുമതി നൽകിയിരിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊവിഡ് വാക്സിനേഷൻ നടത്തി. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ആയിരുന്നു വാക്സിനേഷൻ യജ്ഞം.

Story Highlights – Harsha vardhan, Covid vaccination

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top