ബാര്‍ കോഴ കേസ്; പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ബിജു രമേശ്; അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു

ബാര്‍ കോഴ കേസില്‍ എഡിറ്റ് ചെയ്ത രേഖ സമര്‍പ്പിച്ചതിലെ ഹെെകോടതി ഉത്തരവില്‍ പ്രതികരിച്ച് ബിജു രമേശ്. കേസിന്റെ മെറിറ്റിലേക്ക് കോടതി പോയിട്ടില്ല. മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത് പൂര്‍ണ വിവരം ഉള്ള സിഡിയാണ്. ആദ്യം വിജിലന്‍സിന് നല്‍കിയ സിഡി താന്‍ കോടതിയില്‍ നല്‍കി. വിജിലന്‍സിന് നല്‍കിയ സിഡി എഡിറ്റ് ചെയ്തതാണെന്ന് താന്‍ വ്യക്തമാക്കിയിരുന്നുവെന്നും ബിജു രമേശ് ചൂണ്ടിക്കാട്ടി.
വിജിലന്‍സ് കെ എം മാണിയെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും ബിജു രമേശ്. ബാറുടമകളുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്തത് നല്‍കി. എന്നാല്‍ കോടതി അത് പരിശോധിച്ചില്ല. ഹര്‍ജി നല്‍കിയ ശ്രീജിത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ബിനാമിയെന്നും ബിജു രമേശ്. ഇപ്പോഴത്തെ ഹർജിക്ക് പിന്നിൽ രമേശ് ചെന്നിത്തലയാണെന്നും രമേശ് ചെന്നിത്തല പ്രതിയാകുമെന്ന് കണ്ട് നടത്തിയ നീക്കമാണ് ഹര്‍ജിയെന്നും ബിജു രമേശ് പ്രതികരിച്ചു.
Read Also : ‘ബാർ കോഴക്കേസ് ഒതുക്കി തീർക്കാൻ ശ്രമം; വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ല’: ബിജു രമേശ്
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും സിഡിയിലെ വിവരങ്ങള്‍ പുറത്തുവിടുകയാണെങ്കില്‍ അത് വഴിത്തിരിവായി മാറുമെന്നും ബിജു രമേശ്. കള്ളസാക്ഷി ഇന്ന് വരെ പറഞ്ഞിട്ടില്ല. അതില്‍ ഉറപ്പ് നല്‍കുന്നുവെന്നും ബിജു രമേശ് വ്യക്തമാക്കി.
ബാർ കോഴക്കേസിൽ ബിജു രമേശ് വിജിലൻസിന് മുന്നിൽ ഹാജരാക്കിയ സിഡി ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ബാർ ഉടമകളുടെ യോഗസ്ഥലത്ത് വച്ച് റെക്കോഡ് ചെയ്ത ശബ്ദരേഖ നേരത്തെ ബിജു രമേശ് കോടതിയിലും ഹാജരാക്കി. രഹസ്യമൊഴി രേഖപ്പെടുത്തിയ വേളയിലായിരുന്നു സിഡി ഹാജരാക്കിയത്.
ഈ സിഡി പിന്നീട് വിജിലൻസ് പരിശോധിക്കുകയും അതിൽ കൃത്രിമം നടന്നുവെന്ന് കണ്ടെത്തുകയും ചെയ്തു. എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് സമർപ്പിച്ചതെന്നാണ് കണ്ടെത്തിയത്. പിന്നാലെ വ്യാജ തെളിവുകൾ കോടതിയിൽ ഹാജരാക്കി എന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് ബിജു രമേശിനെതിരെ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു.
എന്നാൽ മജിസ്ട്രേട്ട് കോടതി ശ്രീജിത്തിന്റെ ഹർജി തള്ളി. ഇത്തരത്തിൽ ഒരു നിയമനടപടി ഇപ്പോൾ സാധ്യമല്ല എന്നായിരുന്നു കോടതി നിലപാട്. ഇതിനെതിരെ ശ്രീജിത്ത് ഹൈക്കോടതിയെ സമീപിക്കുകയും ജസ്റ്റിസ് നാരായണ പിഷാരടിയുടെ ബെഞ്ചിൽനിന്ന് അനുകൂല വിധി നേടുകയുമായിരുന്നു.
ബാർ കോഴക്കസുമായി ബന്ധപ്പെട്ട് ബിജു രമേശ് ഹാജരാക്കിയ സിഡി കോടതിയെ കബളിപ്പിക്കുന്നതാണെങ്കിൽ കള്ളസാക്ഷി പറഞ്ഞത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബിജു രമേശിന് എതിരെ തുടർ നിയമ നടപടിയുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ശ്രീജിത്തിന് മജിസ്ട്രേട്ട് കോടതിയെ സമീപിക്കുകയുമാകാം. മജിസ്ട്രേട്ട് കോടതിയാകും തുടർനടപടികൾ സ്വീകരിക്കുക. ഐ.പി.സി. 193 വകുപ്പ് പ്രകാരമാണ് ശ്രീജിത്ത് ഹർജി സമർപ്പിച്ചത്.
Story Highlights -biju ramesh, bar scam case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here