എന്‍എസ്എസ് വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി; മോദിക്കും അമിത് ഷായ്ക്കും അയച്ച കത്തുകള്‍ പ്രചരിപ്പിച്ച് നേതാക്കള്‍

എന്‍എസ്എസ് വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി. മോദിക്കും അമിത് ഷായ്ക്കും എന്‍എസ്എസ് അയച്ച കത്ത് പ്രചരിപ്പിച്ച് നേതാക്കള്‍. മന്നംജയന്തി ആശംസയ്ക്ക് നന്ദിയറിയിച്ചാണ് പ്രധാനമന്ത്രിക്കും, കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ജി സുകുമാരന്‍ നായര്‍ കത്തയച്ചത്.

മന്നത്ത് പത്മനാഭന്റെ 144-ാ0 ജന്‍മദിനമായിരുന്ന ജനുവരി രണ്ടിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തരമന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തിരുന്നു. സാമൂഹിക സാംസ്‌കാരിക രംഗത്തെ സംഭാവനകളെ പ്രകീര്‍ത്തിച്ച ട്വീറ്റിന് നന്ദി അറിയിച്ചാണ് ജി. സുകുമാരന്‍ നായര്‍ ഇരുവര്‍ക്കും കത്തയച്ചത്. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ മുഖമാസികയായ സര്‍വീസില്‍ കത്തയച്ച കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. സര്‍വീസ് ലേഖനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. മോദിക്കും അമിത് ഷായ്ക്കും അയച്ച കത്തുകളും ബിജെപി നേതാക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്.

എന്‍എസ്എസ് ബിജെപിയോട് അടുക്കുന്നതിന്റെ സൂചനയാണ് കത്തെന്നാണ് ബിജെപി വാദം. ചരിത്രത്തിലാദ്യമായാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി മന്നം ജയന്തിക്ക് ആശംസ അറിയിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. നായര്‍ സമുദായത്തിന്റെ മഹത്വം ദേശീയതലത്തില്‍ പ്രചരിപ്പിക്കാനായി എന്ന സര്‍വീസ് ലേഖനവും ബിജെപി ഉയര്‍ത്തിക്കാട്ടുന്നു. ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ എന്‍എസ്എസിനോട് ചേര്‍ന്ന് നില്‍ക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു.

രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ താല്‍പര്യം ഇല്ല എന്ന നിലപാടാണ് അടുത്തിടെ ജി സുകുമാരന്‍ നായര്‍ സ്വീകരിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പി. കെ. കുഞ്ഞാലിക്കുട്ടി ഉള്‍പെടെയുള്ള ഘടകകക്ഷി നേതാക്കള്‍ക്കും എന്‍എസ്എസ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചിരുന്നു. കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടി നേതൃനിരയിലേക്ക് വന്നതിനു തൊട്ടുപിന്നാലെയാണ് എന്‍എസ്എസ് ബിജെപിയോട് അടുക്കുന്നു എന്ന പ്രചാരണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ നായര്‍ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ബിജെപി നീക്കം.

Story Highlights – BJP targets NSS votes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top