Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (19-01-2021)

January 19, 2021
Google News 1 minute Read

ഫയര്‍ഫോഴ്‌സില്‍ വന്‍ പരിഷ്‌കാരം; ഇന്റലിജന്‍സ് വിഭാഗം വരുന്നു

ഫയര്‍ഫോഴ്‌സില്‍ ഇന്റലിജന്‍സ് വിഭാഗം നിലവില്‍ വരുന്നു. രഹസ്യാന്വേഷണത്തിനും അഴിമതി തടയുന്നതിനും ലക്ഷ്യമിട്ടാണ് ഫയര്‍ഫോഴ്‌സില്‍ പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഫയര്‍ എന്‍ഒസി വൈകിപ്പിച്ച് കോഴ വാങ്ങുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നടപടി. സംസ്ഥാനത്ത് തീപിടുത്ത സാധ്യതയുള്ള കെട്ടിടങ്ങള്‍ ഫയര്‍ ഇന്റലിജന്‍സ് കണ്ടെത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഈ നടപടി.

എറണാകുളം പിറവത്ത് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി

എറണാകുളം പിറവത്ത് ബിജെപിയിലെ ഗ്രൂപ്പ് പോര് കൈയാങ്കളിയില്‍ കലാശിച്ചു. പിറവം നിയോജകമണ്ഡലം കമ്മിറ്റിക്കിടെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിയോജകമണ്ഡലം പ്രസിഡന്റ് പ്രഭാ പ്രശാന്തിനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി ഷൈലേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു കൈയേറ്റം. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. അക്രമം നടത്തിയ 10 പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; ഒരു മാസത്തിനിടെ വില കൂട്ടുന്നത് അഞ്ചാംതവണ

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടെ ഇത് അഞ്ചാംതവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 85 രൂപ 36 പൈസയും ഡീസലിന് 79 രൂപ 51 പൈസയുമായി ഉയര്‍ന്നു.

അനധികൃതമായി അവധിയിലുള്ള ജീവനക്കാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി; ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ്

അനധികൃതമായി അവധിയിലുള്ള ജീവനക്കാരെ അടിയന്തിരമായി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ നടപടി തുടങ്ങി. ഇതിനായി അനധികൃതമായി അവധിയില്‍ തുടരുന്നവരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ വകുപ്പ് മേധാവികള്‍ നിര്‍ദ്ദേശം നല്‍കി. അവസാന ഹാജര്‍ രേഖപ്പെടുത്തിയ തിയതിയുള്‍പ്പെടെ നിശ്ചിത ഫോറത്തില്‍ വിശദാംശങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശം. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ബാര്‍ തൊഴിലാളികളുടെ പുനരധിവാസം; പിരിച്ചെടുത്ത തുക വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സിഎജി റിപ്പോര്‍ട്ട്

ബാര്‍ തൊഴിലാളികളുടെ പുനരധിവാസത്തിന് പിരിച്ച തുക വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സിഎജി. 1059 കോടി രൂപ പുനരധിവാസ സെസ് വഴി പിരിച്ചിട്ടും എട്ട് കോടി രൂപയോളം മാത്രമാണ് ചെലവഴിച്ചത്. ബാര്‍ തൊഴിലാളികളുടെ പുനരധിവാസം ഇപ്പോഴും പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും സിഎജിയുടെ വിമര്‍ശനമുണ്ട്.

കെ.വി.വിജയദാസിന് ആദരാഞ്ജലി അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും

അന്തരിച്ച കോങ്ങാട് എംഎല്‍എ കെ.വി.വിജയദാസിന് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്നത്തേക്ക് നിയമസഭ പിരിയും. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും വിജയദാസിനെ അനുസ്മരിക്കും. ചരമോപചാരത്തിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെയാകും സഭ ഇന്നത്തേക്കു പിരിയുക. ബജറ്റ് ചര്‍ച്ച നാളെ പുനരാരംഭിക്കും. ചര്‍ച്ചക്ക് നാളെ ധനമന്ത്രി മറുപടി നല്‍കും .

കുറവ് വരുത്തിയ സിലബസിന്റെ അടിസ്ഥാനത്തിൽ നടത്തുക 12ആം ക്ലാസ് വരെയുള്ള പരീക്ഷകൾ: കേന്ദ്രം

കുറവ് വരുത്തിയ സിലബസിന്റെ അടിസ്ഥാനത്തിൽ ഈ വർഷം നടത്തുക 12ആം ക്ലാസ് വരെയുള്ള വാർഷിക പരിക്ഷകൾ മാത്രമാകുമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. JEE Main, NEET തുടങ്ങിയ മത്സരപരിക്ഷകൾ കുറവ് വരുത്താത്ത സിലബസിന്റെ അടിസ്ഥാനത്തിൽ നിശ്ചിത സമയം തന്നെ നടത്തും എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക് അറിയിച്ചു. അതേസമയം, വിദ്യാർത്ഥികൾക്ക് നേരിട്ട് ക്ലാസുകളിൽ പങ്കെടുക്കാൻ പറ്റുന്ന കാലം വരെ ഓൺലൈൻ ക്ലാസുകൾ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടരും എന്നും വിദ്യാഭ്യാസമന്ത്രി വ്യക്തതവരുത്തി.

ഡോളര്‍ കടത്ത് കേസ്; സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ. ഹക്കിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് കൊച്ചിയിലെ ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ട് ഷൈന്‍ എ. ഹക്കിന് കസ്റ്റംസ് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസര്‍ ഷൈന്‍ എ. ഹക്ക് നയതന്ത്ര പ്രതിനിധികളല്ലാത്തവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയിരുന്നു.

കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ക്ക് കേരളത്തില്‍ വേഗതയില്ലെന്ന് കേന്ദ്രം

കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ക്ക് കേരളത്തില്‍ വേഗതയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. എറ്റവും വേഗത കുറഞ്ഞ അവസ്ഥയിലാണ് കേരളത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരിക്ഷണം. വാക്‌സിന്‍ ഭീതി ആണ് വാക്‌സിനേഷന്‍ നടപടികള്‍ സംസ്ഥാനത്ത് മെല്ലെപോകാന്‍ കാരണം എന്നാണ് കേരളത്തിന്റെ ഇക്കാര്യത്തിലുള്ള മറുപടി.

Story Highlights – todays-headlines 19-01-2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here