ഉദയംപേരൂരില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവം; സിബിഐ അന്വേഷണത്തിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

എറണാകുളം ഉദയംപേരൂരില്‍ റിമാന്‍ഡ് പ്രതി ഷഫീക്ക് മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റഡിമരണങ്ങള്‍ സിബി ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശിയായ ഷെഫീക്കിന്റെ ദുരൂഹ മരണത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് നടപടികള്‍ ആരംഭിക്കുന്നത്. വയോധികയില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ ഈ മാസം 11ന് ഉദയംപേരൂര്‍ പൊലീസിന്റെ കസ്റ്റഡിയിലായ ഷെഫീക്ക്, റിമാന്‍ഡില്‍ ഇരിക്കെ 13 ന് വൈകിട്ടാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്.

അപസ്മാരം മൂലം തലയിടിച്ചു വീണ് ഷെഫീക്കിന് പരുക്കേറ്റെന്നാണ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. തലയ്‌ക്കേറ്റ പരുക്ക് ആണ് മരണ കാരണമായതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. പരുക്ക് വീഴ്ചയില്‍ സംഭവിച്ചതോ, മര്‍ദ്ദനം മൂലം സംഭവിച്ചതോ എന്ന് വ്യക്തമായിട്ടില്ല. ഉദയംപേരൂര്‍ പൊലീസ് ഷെഫീക്കിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് ബന്ധുക്കളുടെ ആരോപണം. സിബിഐ അന്വേഷണത്തിന് നടപടി കൈക്കൊള്ളുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം ഷഫീക്കിന്റെ കുടുംബം സ്വാഗതം ചെയ്തു.

Story Highlights – CM says action will be taken for CBI probe

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top