കെടിഡിഎഫ്‌സി അടച്ചുപൂട്ടാന്‍ നീക്കം; ഉന്നതോദ്യോഗസ്ഥരുടെ കത്ത് പുറത്ത്

ktdfc

കെഎസ്ആര്‍ടിസിയുടെ നവീകരണത്തിനൊപ്പം കെടിഡിഎഫ്‌സി (കേരളാ ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍) അടച്ച് പൂട്ടും. മുന്‍ എംഡി അജിത് കുമാറിന്റെയും ജ്യോതിലാല്‍ ഐഎഎസിന്റെയും കത്ത് പുറത്തായി. 925 കോടിയാണ് കെടിഡിഎഫ്‌സിയിലെ സ്വകാര്യ നിക്ഷേപം. എന്നാല്‍ ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനത്തിന്റെ കെെയില്‍ ഉള്ളത് 353 കോടി മാത്രമാണ്. കത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

കെഎസ്ആര്‍ടിസിയെ സമ്പത്തികമായി സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളാ ട്രാൻസ്പോർട്ട് ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ രൂപീകരിച്ചത്. 
കെടിഡിഎഫ്സി മുന്‍ എംഡി അജിത്ത് കുമാര്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തും ഗതാഗത വകുപ്പ് സെക്രട്ടറി കെടിഡിഎഫ്സി സിഎംഡിക്ക് ഈ മാസം ആദ്യം അയച്ച കത്തുമാണ് പുറത്ത് വന്നത്.

കെഎസ്ആർടിസിയുടെ നവീകരണത്തിനൊപ്പം കെടിഡിഎഫ്സി പൂട്ടുമെന്നാണ് കത്തിലുള്ളത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 20 ന് ചേര്‍ന്ന യോഗത്തിലാണ് കെടിഡിഎഫ്സിയുടെ ബാധ്യത തീര്‍ത്ത് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നിര്‍ദേശം ഉണ്ടായത്. യോഗത്തില്‍ ഗതാഗത സെക്രട്ടറിക്ക് പുറമേ കെടിഡിഎഫ്സി ചെയര്‍മാന്‍, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച 925 കോടി രൂപ തിരികെ നല്‍കുന്നതിനായിരിക്കും പ്രാമുഖ്യം. ബാധ്യതകളില്‍ 356 കോടി രൂപ കെഎസ്ആര്‍ടിസി തിരികെ നല്‍കും. ബാക്കി തുക സര്‍ക്കാരില്‍ നിന്നും അനുവദിച്ച് ബാധ്യതകള്‍ തീര്‍ക്കാനുമായിരുന്നു യോഗ തീരുമാനം.

നാല് ബിഒടി പ്രൊജക്ടുകള്‍ പണയപ്പെടുത്തി കെഎസ്ആര്‍ടിസിക്ക് വായ്പയെടുക്കാനായി വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശങ്ങളും യോഗത്തിലുണ്ടായി. സര്‍ക്കാര്‍ നല്‍കുന്ന 469 കോടി രൂപയും കെഎസ്ആര്‍ടിസി നല്‍കുന്ന 356 കോടി രൂപയും ലഭിക്കുന്ന മുറയ്ക്ക് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത് നിര്‍ത്തി വയ്ക്കാന്‍ സാധിക്കുമെന്നും എം ആര്‍ അജിത്ത് കുമാറിന്റെ കത്തിലുണ്ട്. ജീവനക്കാരെ മറ്റിടങ്ങിലേക്ക് പുനര്‍ വിന്യസിച്ച ശേഷം പ്രവര്‍ത്തനം നിര്‍ത്താനാണ് നീക്കം.

Story Highlights – ktdfc, ksrtc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top