സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണം കൂടുതല്‍; കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ സീറ്റ് വിഭജനം വെല്ലുവിളിയാകും

സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണം കൂടിയതോടെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ സീറ്റ് വിഭജനം വെല്ലുവിളിയാകും. ജോസ് കെ. മാണി വിഭാഗത്തില്‍ നിന്ന് നിരവധി നേതാക്കള്‍ ആണ് പാര്‍ട്ടി പിളര്‍ന്നതോടെ ജോസഫ് ഗ്രൂപ്പിനൊപ്പം എത്തിയത്.
ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍, ജോസഫ് എം. പുതുശ്ശേരി, പ്രിന്‍സ് ലൂക്കോസ്, സജി മഞ്ഞക്കടമ്പില്‍, പിളര്‍പ്പിനുശേഷം ജോസഫ് ഗ്രൂപ്പിലേക്ക് എത്തിയ നേതാക്കളുടെ നിര ഈ പറഞ്ഞതില്‍ ഒതുങ്ങില്ല. ഇത് കൂടാതെ നേരത്തെ തന്നെ പി. ജെ. ജോസഫിനൊപ്പമുണ്ടായിരുന്നവരും. സീറ്റ് മോഹം പല നേതാക്കളും പി.ജെ. ജോസഫിനെ അറിയിച്ചു കഴിഞ്ഞു. പക്ഷേ അദ്ദേഹം മൗനത്തിലാണ്.
കഴിഞ്ഞ തവണ 15 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് എമ്മിന് ഇത്തവണ ജോസഫ് ഗ്രൂപ്പ് ആയി മാറിയതോടെ അത്രയും സീറ്റ് നല്‍കില്ല എന്ന് ഉറപ്പാണ്. ചെങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ തുടങ്ങിയ സീറ്റുകള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് വലിയ നീക്കമാണ് നടത്തുന്നത്. ജില്ലാ പഞ്ചായത്തില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കിയിട്ടും ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചില്ല എന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഏതായാലും സീറ്റുകളില്‍ മോഹം കൂടുന്നതോടെ തര്‍ക്കങ്ങളും ഉണ്ടാകുമെന്ന് ഉറപ്പ്. ഇത് പി.ജെ. ജോസഫ് എങ്ങനെ പരിഹരിക്കും എന്നാണ് ഇനി കാണാനുള്ളത്.
Story Highlights – Kerala Congress Joseph Group – seat sharing will be a challenge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here