വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവം; സുരക്ഷാ വീഴ്ച അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ

വയനാട് മേപ്പാടിയിൽ റിസോട്ടിലെ ടെന്റിൽ താമസിച്ചിരുന്ന യുവതിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള. റിസോർട്ടിൽ ടെന്റ് കെട്ടി താമസിപ്പിക്കുന്നത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല. സംഭവത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉടൻ നടപടിയെടുക്കുമെന്നും വയനാട് ജില്ലാ കളക്ടർ ട്വന്റിഫോറിനോട് പറഞ്ഞു. അതേസമയം, ടെന്റിൽ വച്ചല്ല, ശുചിമുറിയിൽ പോയിവരവേയാണ് യുവതിയെ കാട്ടാന ആക്രമിച്ചതെന്ന് റിസോർട്ട് ഉടമ ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം, കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിനി ഷഹാനയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോർട്ടിൽ ടെന്റിൽ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. ഉടനെ വിംസ് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം നടക്കുന്നത്. വനമേഖലയുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ഇടക്കിടെ ഇവിടെ കാട്ടാന ഇറങ്ങാറുണ്ടെന്നാണ് സമീപവാസികൾ പറയുന്നത്.
Story Highlights – Woman killed in Wayanad attack; District Collector to investigate security breach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here