കീഴാറ്റൂരിലേത് രാഷ്ട്രീയ കൊലപാതകമെന്ന് ആരോപണം; സമഗ്രമായ അന്വേഷണത്തിന് പൊലീസ്

മലപ്പുറം കീഴാറ്റൂര്‍ ഒറവംപുറത്തുണ്ടായ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണത്തിന് പൊലീസ്. രാഷ്ട്രീയ കൊലപാതകമെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് പഴുതടച്ച അന്വേഷണം നടത്തുന്നത്. കേസില്‍ അറസ്റ്റിലായ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.
കീഴാറ്റൂരിലെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളിലാണ് പൊലീസ് പ്രധാനമായും വ്യക്തത തേടുന്നത്. കുടുംബങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് സമീറിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പക്ഷെ ആസൂത്രിത രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
കൊല്ലപ്പെട്ട സമീര്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പിടിച്ചു മാറ്റാന്‍ പോയതാണോ എന്ന കാര്യത്തില്‍ അവ്യക്തത രൂപപ്പെട്ടതോടെ ദുരൂഹതയകറ്റാന്‍ ഈ കാര്യവും പരിശോധിക്കും. അറസ്റ്റിലായ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയ അന്വേഷണ സംഘം കൊലപാതകം നടന്ന പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത് പൊലീസ് പരിശോധിച്ചു വരികയാണ്. ഒരു കുടുംബത്തില്‍ പെട്ട മൂന്ന് പേരടക്കം നാല് പ്രതികളാണ് കേസില്‍ ഇത് വരെ അറസ്റ്റിലായത്. ഇവരെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. അതിന് മുന്നോടിയായി പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.
Story Highlights – Keezhattoor Murder case; Police investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here