Advertisement

സര്‍ക്കാര്‍ ഭൂമിയിലെ പാറഖനനത്തിനുള്ള വ്യവസ്ഥകള്‍ അടിമുടി മാറ്റി റവന്യൂവകുപ്പ്; മത്സരാധിഷ്ഠിത ടെണ്ടറിലൂടെ എന്‍ഒസി

January 30, 2021
Google News 1 minute Read

സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയിലെ പാറഖനനത്തിനുള്ള വ്യവസ്ഥകള്‍ അടിമുടി മാറ്റി റവന്യൂവകുപ്പ്്. ഇനി മുതല്‍ മത്സരാധിഷ്ഠിത ടെണ്ടറിലൂടെയാകും ഖനനത്തിന് എന്‍ഒസി നല്‍കുക. ഹെക്ടറിനു പത്ത് ലക്ഷം രൂപ ഭൂമിയുടെ വാടകയായി ഒരു വര്‍ഷം നല്‍കണം. 12 വര്‍ഷത്തെ കാലാവധിക്കിടയില്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ എന്‍ഒസി റദ്ദാക്കുകയും കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്യും. അളവില്‍ കൂടുതല്‍ ഖനനം നടത്തിയാലും അനുമതി റദ്ദാക്കുമെന്നും ഇതു പരിശോധിക്കാന്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഓഡിറ്റ് നടത്തുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

നിലവില്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഭൂമിയില്‍ ഖനനം നടത്താന്‍ അനുമതി നല്‍കുന്നത്. ഖനനം കുത്തകകളുടെ കൈപ്പിടിയില്‍ ഒതുങ്ങുന്നതിനും അളവില്‍ കൂടുതല്‍ ഖനനത്തിനും ഇതിടയാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ വ്യവസ്ഥ കൊണ്ടുവന്നത്. ഇനി മുതല്‍ മത്സരാധിഷ്ഠിത ടെണ്ടറിലൂടെയാകും എന്‍ഒസി നല്‍കുക. ഇ- ടെണ്ടറില്‍ ഏറ്റവും കൂടുതല്‍ തുക രേഖപ്പെടുത്തിയവര്‍ക്ക് അനുമതി നല്‍കും. കൃഷിക്ക് യോഗ്യമല്ലെന്ന് കണ്ടെത്തുന്ന സ്ഥലത്ത് എത്ര പേര്‍ക്ക് എന്‍ഒസി നല്‍കാമെന്ന് കളക്ടര്‍ക്ക് തീരുമാനിക്കാം.

ഒരു ഹെക്ടറില്‍ കൂടുതലാണെങ്കില്‍ ഖനനത്തിനുള്ള പാട്ടവും ഒരു ഹെക്ടറില്‍ താഴെയാണെങ്കില്‍ ഖനനത്തിനുള്ള പെര്‍മിറ്റും നല്‍കും. യോഗ്യത നേടുന്നവര്‍ ഒരു ഹെക്ടറിനു പത്ത് ലക്ഷം രൂപ പാട്ട വാടകയായി പ്രതിവര്‍ഷം നല്‍കണം. 12 വര്‍ഷത്തേക്കായിരിക്കും പാട്ടം. ഇതിനു പുറമെ 10 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കേണ്ടതുണ്ട്. മറ്റെല്ലാ അനുമതിയും നേടേണ്ടത് ടെണ്ടറില്‍ പങ്കെടുക്കുന്നവരുടെ ചുമതലയാണ്. ഇതു നിറവേറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നല്‍കില്ല. ഇതിനൊപ്പം ഖനനം തുടങ്ങിയാല്‍ സര്‍ക്കാരിനുള്ള സീനിയറേജും അടയ്ക്കണം.

വ്യവസ്ഥകള്‍ ലംഘിച്ചാല്‍ എന്‍ഒസി റദ്ദാക്കി 12 വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍പ്പെടുത്തും. എത്ര അളവില്‍ ഖനനം നടത്തിയെന്ന് രണ്ടു വര്‍ഷത്തിലൊരിക്കല്‍ റിപ്പോര്‍ട്ട് നല്‍കണം. റവന്യൂ അധികൃതര്‍ നേരിട്ടെത്തി ഇതില്‍ പരിശോധന നടത്തും. അളവില്‍ കൂടുതല്‍ ഖനനം നടത്തിയാല്‍ എന്‍ഒസി റദ്ദാക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ സ്ഥാപനങ്ങള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല.

Story Highlights – Revenue Department- mining -government land

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here