മഹത്തായ ആശയങ്ങളുള്ള മനുഷ്യൻ; വൈകല്യങ്ങളെ അതിജീവിച്ച് പ്രകൃതിയെ സംരക്ഷിക്കുന്ന രാജപ്പനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

വള്ളം തുഴഞ്ഞു കായലിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി മാറ്റുന്ന കോട്ടയം കുമരകം സ്വദേശി വി എസ് രാജപ്പനെ അഭിനന്ദിച്ച് പ്രധാനമന്ത്രി. മൻ കി ബാത് പരിപാടിയിലാണ് അഭിനന്ദനം. വൈകല്യങ്ങളെ അതിജീവിച്ച് പ്രകൃതിയെ സംരക്ഷിക്കുന്ന രാജപ്പന് പ്രധാനമന്ത്രിയുടെ വാക്കുകൾ നൽകുന്ന ആവേശം ചെറുതല്ല.

ഉപജീവന മാർ​ഗമെന്ന നിലയ്ക്ക് കൂടിയാണ് കുമരകം മഞ്ചാടിക്കര സ്വദേശി രാജപ്പൻ വള്ളവും തുഴഞ്ഞു കായൽ പരപ്പ് കീഴടക്കിയത്. ഇരുകാലുകൾക്കും സ്വാധീനമില്ലെന്നത്
ഇത്തരമൊരു ദൗത്യമേറ്റെടുക്കാൻ അയാൾക്ക് ഒരു കുറവേയായിരുന്നില്ല. ഒടുവിൽ ആ നല്ല ശ്രമങ്ങൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം. ശരീരം തളർന്നിട്ടും രാജപ്പൻ നടത്തുന്ന പ്രവർത്തനം മാതൃകാപരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ആശയങ്ങൾ എത്ര മഹത്തരമാണെന്ന് സങ്കൽപിച്ച് നോക്കൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർ കായൽപ്പരപ്പിൽ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ ഒന്നുപോലും ശേഷിക്കാതെ കരയ്ക്കടുപ്പിക്കുന്ന രാജപ്പന് സങ്കടങ്ങൾ ഇപ്പോഴും വിട്ടുമറിയിട്ടില്ല. ഒരു വലിയ വള്ളവും കയറിക്കിടക്കാൻ ഒരു വീടും വേണമെന്നതാണ് രാജപ്പന്റെ ആ​ഗ്രഹം. പ്ലാസ്റ്റിക്ക് കുപ്പികൾ വിറ്റ് കിട്ടുന്ന തുച്ഛമായ തുകയാണ് രാജപ്പൻ്റെ ഏക വരുമാനം. കഴിഞ്ഞ ആറ് വർഷമായി ഒരു ദൗത്യമെന്നോണം പരിസ്ഥിതി സംരക്ഷണമേറ്റെടുത്ത രാജപ്പന് ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top